പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍ക്ക് സമ്മേളനത്തിനായി നേപ്പാളിലെത്തി

Tuesday 25 November 2014 6:52 pm IST

കാഠ്മണ്ഡു: സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി. 26നാണ് സാര്‍ക്ക് സമ്മേളനം ആരംഭിക്കുന്നത്. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് തന്റെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് മോദി പറഞ്ഞു. കാഠ്മണ്ഡുവില്‍ നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേല്‍പ്പ് ലഭിച്ചു. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം പെണ്‍കുട്ടികളുടെ കലാപരിപാടിയിലും പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ ഭാരതത്തിന്റെ നിലപാട് പ്രധാനമന്ത്രി സാര്‍ക്ക് സമ്മേളനത്തില്‍ അവതരിപ്പിക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ തലവന്‍മാരും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാരുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലും അദ്ദേഹം പങ്കെടുക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച പ്രഖ്യാപിച്ചിട്ടില്ല. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഇത് തന്റെ ആദ്യ സാര്‍ക്ക് സമ്മേളനമാണെങ്കിലും കഴിഞ്ഞ ആറുമാസമായി സാര്‍ക്ക് രാജ്യത്തലവന്മാരുമായി നിരന്തരം കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കണം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഭാരതം എല്ലാ കാലത്തും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, നിരവധി മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.