വിശ്വാസം കൈവിടരുത്

Tuesday 25 November 2014 8:33 pm IST

സ്വന്തം പൂര്‍വകര്‍മ്മങ്ങളുടെ ഫലങ്ങളാണു നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനു മറ്റാരും ഉത്തരവാദികളല്ല. ഈ കര്‍മ്മനിയമത്തിന്റെ അറിവാണ് ക്ഷമാശീലത്തിന്റെയും സഹനശക്തിയുടെയും അടിസ്ഥാനം നിയമത്തില്‍ തെറ്റില്ല. പ്രപഞ്ച  സൃഷ്ടിയില്‍ കാണപ്പെടുന്ന വൈവിദ്ധ്യം ഈ നിയമത്തിനനുസൃതമാണ്. ഈശ്വരനില്‍ ശരണാഗതി അടയുന്നതിലൂടെ കര്‍മഗതിയെ അതിജീവിക്കാം. ആഘാതപ്രത്യാഘാതങ്ങളുടെയും കാര്യകാരണബന്ധങ്ങളുടെയും വിഷമചക്രത്തെ അതിജീവിക്കാം. സ്വന്തമായ ഇച്ഛകളൊന്നുമില്ലാത്ത ഭക്തന്‍ വിധിയുടെ നിര്‍ണ്ണയത്തേയും സ്വന്തം ഇഷ്ടത്തേയും തിരിച്ചറിയുന്നില്ല. ഈശ്വരനൊഴികെ മറ്റൊരു ചിന്തയുമില്ല. ജയത്തിലും പരാജയത്തിലും രോഗത്തിലും ആരോഗ്യത്തിലും ജനനത്തിലും മരണത്തിലും യോഗത്തിലും വിയോഗത്തിലും സൃഷ്ടിയിലും സംഹാരത്തിലും അയാള്‍ ഈശ്വരന്റെ ലീലാവിലാസങ്ങള്‍ മാത്രമേ ദര്‍ശിക്കുകയുള്ളൂ. തന്മൂലം ആരുടെപേരിലും ഒന്നിന്റെ പേരിലും പരാതിയില്ല. സഹജീവകളുടെ പേരിലോ അമാനുഷിക ശക്തികളോടോ വിധിയോടോ കര്‍മ്മനിയമങ്ങളോടോ എന്നല്ല ഈശ്വരനോട് തന്നെയോ അവര്‍ക്ക് പരാതി ഉണ്ടായിരിക്കയില്ല. വിഷാദവും ആഹ്ലാദവും അഹന്തയാര്‍ന്ന മനസില്‍ മാത്രമേ സംഭവിക്കു. ഈശ്വരനില്‍ സമ്പൂര്‍ണ ശരണാഗതിയടഞ്ഞ ഭക്തന്‍ ഹിതം വരുമ്പോള്‍ സന്തോഷിക്കുകയോ അഹിതം വരുമ്പോള്‍ മനംനൊന്ത് വിലപിക്കുകയോ ചെയ്യുകയില്ല. അയാള്‍ നിസ്സംഗമനോഭാവത്തോടെ എല്ലാം കാണും. വീക്ഷണം ശാശ്വതസത്യത്തില്‍ മാത്രമായിരിക്കും. സ്തുതിയിലും നിന്ദയിലും ജയത്തിലും പരാജയത്തിലും മനസ് പ്രബുദ്ധമായ ഭാവത്തിലായിരിക്കും. അവര്‍ക്ക് പ്രതീക്ഷകള്‍ ഒന്നുമില്ല. തന്മൂലം നിരാശയുമില്ല. തന്നെത്തന്നെ ഈശ്വരനില്‍ അര്‍പ്പിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ പശ്ചാത്താപവുമില്ല. മാത്രവുമില്ല അനുഭൂതികരമായ പ്രശാന്തത കളിയാടും. ഈശ്വരനില്‍ സമ്പൂര്‍ണം ശരണാഗതിയടയാതെ പ്രശ്‌ന സങ്കല്പമായ ഗാര്‍ഹിക ജീവിതത്തില്‍ സമചിത്തത കൈവരിക്കാന്‍ സാദ്ധ്യമല്ല. ജീവിതത്തിലെ എല്ലാ ചുറ്റുപാടുകളിലും ഓരോ നിമിഷവും ശരണാഗതി പരിശീലിക്കുവിന്‍. ഏതുസന്ദര്‍ഭത്തിലും എന്തും സംഭവിക്കാം. പക്ഷേ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും വിശ്വാസം കൈവെടിയരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.