ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

Tuesday 25 November 2014 9:02 pm IST

വിജയവാഡ: മുപ്പതാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് വിജയവാഡയില്‍ തുടക്കം. 19 തവണ മീറ്റില്‍ ഓവറോള്‍ കിരീടം ചൂടിയ കേരളം ഇത്തവണ 20-ാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ നടന്ന മീറ്റില്‍ 31 സ്വര്‍ണ്ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 585 പോയിന്റ് സ്വന്തമാക്കിയാണ് കേരളം കൗമാര കായികകിരീടം നിലനിര്‍ത്തിയത്. 2012-ല്‍ നേടിയതിനേക്കാള്‍ 10 സ്വര്‍ണ്ണവും നൂറിലേറെ പോയിന്റും കൂടുതല്‍ നേടിയാണ് കേരളം കഴിഞ്ഞ വര്‍ഷം കൗമാരകായിക പോരാട്ടത്തില്‍ കിരീടം ചൂടിയത്. ഇത്തവണ ഹാട്രിക് കിരീടമാണ് കേരളം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തവണ കേരളത്തിന് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. അണ്ടര്‍ 14, 16, 18, 20 എന്നീ നാല് വിഭാഗങ്ങളിലായി 198 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചതെങ്കിലും 168 പേരാണ് വിജയവാഡയിലെത്തിയത്. അതേസമയം 25 പേര്‍ മീറ്റില്‍ നിന്ന് പിന്‍വാങ്ങിയിട്ടുമുണ്ട്. ഇത് കേരളത്തിന്റെ മെഡല്‍ വേട്ടക്ക് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാന സ്‌കൂള്‍ കായികമേള ലക്ഷ്യമിട്ടാണ് ഇവരുടെ പിന്മാറ്റമെന്ന് സൂചനയുണ്ട്. മാത്രമല്ല പരിശീലന ക്യാമ്പുപോലും നടത്താതെ ദേശീയ മീറ്റിന് ഇറങ്ങുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. പി.യു. ചിത്ര, വി.വി. ജിഷ, ആതിര മുരളീധരന്‍, ജെസി ജോസഫ്, ജിസ്‌ന മാത്യു, ഷഹര്‍ബാന സിദ്ദിഖ് എന്നിവര്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ ടീമും യൂത്ത് ഒളിമ്പ്യന്‍ മെയ്‌മോന്‍ പൗലോസ്, ട്വിങ്കിള്‍ ടോമി എന്നിവരുള്‍പ്പെട്ട ആണ്‍കുട്ടികളുടെ ടീമും മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസത്തിലാണ് കേരള ക്യാമ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.