ഭൗമസംഭവങ്ങളും സൂര്യസ്വാധീനവും

Friday 14 October 2011 6:17 pm IST

ഭൗമസംഭവങ്ങളും സൂര്യസ്വാധീനവും കാലാവസ്ഥാവ്യതിയാനങ്ങള്‍, ഭൂമികുലുക്കം, കടല്‍ ക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം, ആണവസ്ഫോടനങ്ങള്‍ തുടങ്ങിയ സാമൂഹികദുരന്തങ്ങള്‍ തുടങ്ങി ചെറുതും വലുതുമായി ഭൂമിയിലുണ്ടാകുന്ന എല്ലാ സംഭവവികാസങ്ങളും സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. അനന്തവിശാലമായ സൂര്യശരീരത്തിന്റെ ഭാഗമാണ്‌ ഭൂമി. സൂര്യനില്‍ സംഭവിക്കുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍പോലും ഭൂമിയെ സ്വാധീനിക്കും അതിന്റെ പ്രതിഫലനങ്ങളാണ്‌ ഭൂമിയിലുണ്ടാകുന്ന സംഭവങ്ങള്‍. 1920-ല്‍ റഷ്യന്‍ ശസ്ത്രജ്ഞനായ ചിജ്ജേവിസ്കി ഈ വിഷയത്തെക്കുറിച്ച്‌ ആഴത്തില്‍ അന്വേഷിക്കുകയുണ്ടായി. സൂര്യനില്‍ ഓരോ പതിനൊന്ന്‌ വര്‍ഷംകൂടുമ്പോഴും അതിഭയങ്കരമായ സ്ഫോടനങ്ങള്‍ സംഭവിക്കുന്നുണ്ട്‌ എന്ന്‌ അദ്ദേഹം തന്റെ നിരീക്ഷണത്തിലൂടെ കണ്ടെത്തി. പതിനൊന്ന്‌ വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന സൂര്യനിലെ ഈ ആണവ സ്ഫോടനത്തോടനുബന്ധമായി ഭൂമിയില്‍ വിവിധ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതായി അദ്ദേഹം നിരീക്ഷിച്ചു. ഭൂമിയില്‍ യുദ്ധങ്ങളും വിപ്ലവങ്ങളും ഉണ്ടാകുന്നതിലും സൂര്യസ്വാധീനം ഉണ്ടെന്നാണ്‌ ചിജ്ജോവിസ്കിയുടെ കണ്ടെത്തല്‍. കഴിഞ്ഞ 700 വര്‍ഷത്തിനിടയില്‍ എപ്പോഴെല്ലാം സൂര്യനില്‍ ഇത്തരം സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ഭൂമിയില്‍ അത്യാഹിതങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ എന്ന്‌ ഈ ശാസ്ത്രമനസ്സ്‌ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി. എന്താണിതിന്‌ കാരണം? സൗരയൂഥം എന്ന പേരുതന്നെ സൂര്യനില്‍ നിന്ന്‌ ഉത്ഭവിച്ചത്‌ എന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. ചന്ദ്രനും ചൊവ്വയും വ്യാഴവും തുടങ്ങി ഭൂമി വരെയുള്ള എല്ലാ ഗ്രഹങ്ങളും സൂര്യന്റെ ജൈവ ശരീരത്തിന്റെ ഭാഗങ്ങളാണ്‌. അതുകൊണ്ടുതന്നെ സൂര്യനിലുണ്ടാകുന്ന ചെറുതും വലുതുമായ ഏതൊരു പ്രകമ്പനവും മറ്റു ഗ്രഹങ്ങളേയും ബാധിക്കാതെ വയ്യ. ക്രമേണ ഭൂമിയില്‍ ജീവന്‍ പൊട്ടിമുളച്ചു. സസ്യങ്ങള്‍ ജന്തുവൈവിദ്ധ്യങ്ങള്‍ എല്ലാം ഭൂമിയുടെ ജൈവ ശരീരത്തിന്റെ ഭാഗമാണ്‌. മനുഷ്യനുമതെ. ഒരമ്മയും അമ്മയുടെ മക്കളും മക്കളുടെ മക്കളും അടങ്ങുന്ന ഒരു വലിയ കുടുംബ ബന്ധമാണ്‌ സൂര്യനും നമുക്കുമിടക്കുള്ളത്‌. കുടുംബത്തിലെ ഓരോ തലമുറയിലും പെട്ട ഓരോരുത്തരുടെയും സിരകളിലോടുന്നത്‌ ഒരേ രക്തമാണ്‌. അവരുടെ ശരീരങ്ങള്‍ ഒരേപോലെയുള്ള കോശങ്ങള്‍ കൊണ്ടുണ്ടാക്കപ്പെട്ടതാണ്‌. പങ്കുവയ്ക്കപ്പെട്ട ഇന്ദ്രീയക്ഷമത എന്ന ര്‍ത്ഥം വരുന്ന തന്മയിഭാവശക്തി എന്ന വാക്കാണ്‌ ശാസ്ത്രജ്ഞന്മാര്‍ ഇതിനെ പരാമര്‍ശിക്കുന്നതിനായി ഉപയോഗിക്കുന്നത്‌. ഓരേ ഉറവിടത്തില്‍ നിന്ന്‌ ജന്മമെടുത്തവര്‍ക്ക്‌ ഒരേതരം ആന്തരികാനുഭവങ്ങളാണ്‌ ഉണ്ടാകുക. ഭൂമി ഉണ്ടായത്‌ സൂര്യനില്‍ നിന്നാണ്‌. നാം, മനുഷ്യരുണ്ടായത്‌ ഭൂമിയില്‍ നിന്നും. അങ്ങകലെ സ്ഥിതി ചെയ്യുന്ന നമ്മുടെ പിതാമഹനായ സൂര്യനില്‍ എന്തെല്ലാമാണൊ സംഭവിക്കുന്നത്‌ അതെല്ലാം നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും സ്പന്ദനം സൃഷ്ടിക്കുന്നു.