പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കുമെന്ന് സത്യവാങ്മൂലം ഹിന്ദുക്കളോടുള്ള അവഹേളനം : കുമ്മനം

Tuesday 25 November 2014 11:01 pm IST

തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ക്ഷേത്രസംരക്ഷണ സമ്മേളനം സന്യാസിവര്യന്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന സത്യവാങ്മൂലം ഹിന്ദുക്കളോടുള്ള അവഹേളനമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ക്ഷേത്രസംരക്ഷണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം ഒറ്റപ്പെട്ട സംഭവമല്ല. ഇതിനുപിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ട്. കേരളത്തിന്റെ സമ്പത്ത് കയ്യാളുന്ന, ഭരണാധികാരികളെ അമ്മാനമാടുന്നവരാണ് ഇതിനുപിന്നില്‍. അവര്‍ക്ക് ഹിന്ദുക്കളുടെ വിശ്വാസവും സങ്കല്‍പ്പവും വികാരവുമൊന്നും പ്രശ്‌നമല്ല. ക്ഷേത്രത്തിന്റെ ഉന്നമനത്തിനുവേണ്ടി ചോര നീരാക്കുന്ന ഭക്തജനങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് വിലയുണ്ടെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണം. ക്ഷേത്ര ഭരണത്തില്‍ ജനാധിപത്യസംവിധാനമുണ്ടാകണം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെച്ചൊല്ലി ഹിന്ദുക്കള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. രാജകുടുംബവുമായും തര്‍ക്കമില്ല. തൃക്കുന്നത്ത് സെമിനാരിയിലും കടമറ്റത്തും വൈദികര്‍ തമ്മില്‍ തല്ലി 144 പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് അവ ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തര്‍ക്കംമൂലം പൂട്ടിക്കിടക്കുന്ന 108 ക്രൈസ്തവ ദേവാലയങ്ങളുണ്ട്. 144 പ്രഖ്യാപിച്ച മുസ്ലിം പള്ളികളുണ്ട്. ഇവയൊന്നും ഏറ്റെടുക്കാത്ത സര്‍ക്കാര്‍ ഒരു തര്‍ക്കവുമില്ലാത്ത ഹൈന്ദവ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ വ്യഗ്രത കാട്ടുന്നതെന്തിന്. തനിക്ക് വോട്ടു ചെയ്ത ഹിന്ദുക്കളോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം.

വൈക്കം സത്യാഗ്രഹത്തിന്റെ 90 വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ പുതിയൊരു സമരത്തിന് സമയമായിരിക്കുകയാണ്. ക്ഷേത്രഭരണാവകാശം ഹിന്ദുക്കളുടെ ജന്മാവകാശമാണെന്ന് തെളിയിക്കേണ്ട സാഹചര്യമാണിന്ന്. ക്ഷേത്രങ്ങള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭരണാധികാരികള്‍ ദേവസ്വം ബോര്‍ഡിലെത്തുന്ന സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതിയാണിന്ന്. ഈ ഭരണ സംവിധാനം മാറ്റപ്പെടണം. ഹിന്ദുക്കള്‍ക്ക് നേരെ കാലങ്ങളായി തുടരുന്ന അവഹേളനത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ഹിന്ദുക്കളുമായോ ഹൈന്ദവ ക്ഷേത്രങ്ങളുമായോ ബന്ധപ്പെട്ട് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നാളിതുവരെ വെളിച്ചം കാണാത്തത്. ഹിന്ദുക്കള്‍ക്ക് വിലപേശല്‍ കരുത്തില്ലെന്ന ധാരണയാണ് ഇതിനുകാരണം.

ഹിന്ദുക്കള്‍ക്ക് കരുത്തുണ്ടെന്ന് വ്യക്തമാക്കിയ സംഭവങ്ങളാണ് നിലയ്ക്കലും മാറാടും ആറന്മുളയും. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും ഹിന്ദുക്കളുടെ കരുത്ത് എന്തെന്ന് തെളിയിക്കും. കാണിക്കയും വഴിപാടും നിങ്ങള്‍ക്കും ഭരണം ഞങ്ങള്‍ക്കുമെന്ന അടിമത്തമനോഭാവം അവസാനിപ്പിക്കണം. കേരള സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന് ഹിന്ദുക്കള്‍ക്ക് പ്രതീക്ഷയില്ല. പക്ഷേ ക്ഷേത്ര ഭരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കണം, ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തെയും സങ്കല്‍പ്പത്തെയും വികാരത്തെയും ചോദ്യം ചെയ്യുന്നവര്‍ അതിന് വില നല്‍കേണ്ടിവരുമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.