സേവാഭാരതിയുടെ സേവനം ഗള്‍ഫിലും: ബഹ്‌റിനില്‍ കാണാതായ ഗൃഹനാഥനെ നാട്ടിലെത്തിച്ചു

Tuesday 25 November 2014 11:09 pm IST

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ രാധാകൃഷ്ണ (ഇടത്ത് നിന്ന് മൂന്നാമത്)നെ ആര്‍എസ്എസ് , സേവാഭാരതി പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോള്‍

തിരുവനന്തപുരം: ബഹ്‌റിനില്‍ ജോലി തേടി പോയി കാണാതായ ഓച്ചിറ വലിയകുളങ്ങര തൈക്കൂട്ടത്തില്‍ വീട്ടില്‍ രാധാകൃഷ്ണ(52)നെ സേവാഭാരതി നാട്ടിലെത്തിച്ചു. സേവാഭാരതിയുടെ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സംസ്‌കൃതിയുടെ നേതൃത്വത്തിലാണ് രാധാകൃഷ്ണനെ നാട്ടിലെത്തിച്ചത്.

പത്തുവര്‍ഷമായി ഗള്‍ഫില്‍ പണിയെടുത്തിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ നാല് വര്‍ഷമായി കാണാതാവുകയായിരുന്നു. ഭാര്യ ലീലാമ്മ(40), മകള്‍ രാജലക്ഷ്മി(12), മകന്‍ രാഹുല്‍(11) എന്നിവരടങ്ങുന്നതാണ് കുടുംബം. ഭാര്യ ഇന്ത്യന്‍ എംബസിയിലും ഓച്ചിറ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടെങ്കിലും യാതോരു ഭലവും ഉണ്ടായില്ല. തുടര്‍ന്ന് ഓച്ചിറയിലെ ആര്‍എസ്എസ് സേവാഭാരതി പ്രവര്‍ത്തകര്‍ ബഹ്‌റിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംസ്‌കൃതിയുടെ പ്രസിഡന്റ് പ്രകാശ്കുമാറിനെയും ജനറല്‍ സെക്രട്ടറി സതീഷ് കുമാറിനെയും വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രോഗബാധിതനായി കിടക്കുന്ന രാധാകൃഷ്ണനെ കണ്ടെത്തി. താമസിച്ചിരുന്ന മുറിയില്‍ തീപിടിച്ച് രാധാകൃഷ്ണന്റെ പാസ്‌പോര്‍ട്ട് കത്തി നശിച്ചിരുന്നു. ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും മാറി മറ്റൊരു സ്ഥലത്ത് ജോലി നോക്കുന്നിടത്തു വച്ചാണ് രോഗബാധിതാനായത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ആശുപത്രിചികിത്സയ്‌ക്കോ നാട്ടിലേക്കു മടങ്ങാനോ സാധിച്ചിരുന്നില്ല. സംസ്‌കൃതിയുടെ പ്രവര്‍ത്തകര്‍ പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും തയാറാക്കി രണ്ടു ലക്ഷം രൂപ ധനസഹായം കുടുംബത്തിനു കൈ മാറുകയും രാധാകൃഷ്ണനെ ഗള്‍ഫ് എയര്‍വെയ്‌സില്‍ നാട്ടിലേത്തിക്കുകയും ചെയ്തു.

24ന് രാത്രി 8.55ന് തിരുവനന്തപുരത്തെത്തിയ രാധാകൃഷ്ണനെ ആര്‍എസ്എസ് കായംകുളം താലൂക്ക് കാര്യവാഹ് ആര്‍. രാജേഷ് സേവാഭാരതി കായംകുളം താലൂക്ക് സെക്രട്ടറി സുനില്‍, സേവാപ്രമുഖന്മാരായ ശിവപ്രസാദ്, അരുണ്‍, വി. പ്രദീപ്, ശരത് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ച് വീട്ടിലെത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.