മോഡേണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കളക്ടറുടെ മിന്നല്‍ പരിശോധന

Tuesday 25 November 2014 11:38 pm IST

കാക്കനാട്: ആലുവ കീഴ്മാട് മോഡേണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ഹോസ്റ്റല്‍ നടത്തിപ്പില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. യോഗം തുടങ്ങുന്നതിന് മുന്‍പാണ് ജില്ലാ കളക്ടര്‍ സ്‌കൂളും മെസ്സും ഹോസ്റ്റലും പരിശോധിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള 267 ആണ്‍കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. ഹോസ്റ്റലില്‍ വെളിച്ചമില്ല, ഫാനില്ല, ടോയ്‌ലറ്റ് സൗകര്യമില്ല. കുട്ടികള്‍ക്ക് ഓരോ മാസം കൊടുക്കുന്ന സോപ്പ്, എണ്ണ മുതലായവയ്ക്ക് യാതൊരു കണക്കുമില്ല. ഇവയ്‌ക്കൊന്നും രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുമില്ല. ഹോസ്റ്റലിലെ ഭരണ നടത്തിപ്പില്‍ വന്‍ ക്രമക്കേടാണ് കളക്ടര്‍ കണ്ടെത്തിയത്. ഇവിടെയുള്ള ഓരോ സാധനങ്ങള്‍ക്കും യാതൊരു രേഖകളുമില്ല. വിദ്യാര്‍ത്ഥികള്‍ പരാതി പറയാന്‍ തുടങ്ങിയതോടെ എല്ലാ വിദ്യാര്‍ത്ഥികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്റ്റര്‍ വിളിച്ച് കൂട്ടി. അവരവര്‍ക്ക് പറയാനുള്ള പരാതിയെ കുറിച്ച് എഴുതിനല്‍കാന്‍ കളക്ടര്‍ ഇവര്‍ക്ക് സമയം കൊടുത്തു. ഭൂരിഭാഗം കുട്ടികളും അവരുടെ ആവശ്യങ്ങള്‍ കളക്ടര്‍ക്ക് മുമ്പാകെ എഴുതി നല്‍കിയത് . സ്‌കൂളിലേക്ക് പുതുതായി നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് ചേരാനുള്ള യോഗത്തിനാണ് കളക്ടര്‍, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തിയത്. കുട്ടികളുടെ ഭക്ഷണത്തിന്റെ ഗുണമേന്മയെകുറിച്ച് അറിയാന്‍ വിദ്യാര്‍ത്ഥികളൊടൊപ്പം ഹോസ്റ്റല്‍ മെസ്സില്‍ കളക്ടര്‍ കഞ്ഞിയും കുടിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കുട്ടിക്ക് കഞ്ഞിയില്‍ നിന്നും പുഴുവിനെ കിട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ സ്‌റ്റോര്‍ റൂമില്‍ കയറി പരിശോധിച്ച് ,ഭക്ഷ്യ സാധനങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് ഹെല്‍ത്ത് ഓഫീസര്‍ക്ക് കൈമാറി, റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ നിര്‍ദേശം നല്‍കി. സ്‌കൂളിലും,ഹോസ്റ്റലിലും,മെസ്സിലും കുട്ടികള്‍ക്ക് വേണ്ടതായ ആവശ്യങ്ങള്‍ നടപ്പാക്കിയ ശേഷം മതി ഗവേണിങ് യോഗംചേര്‍ന്ന് മറ്റു കാര്യങ്ങള്‍ നടപ്പാക്കാനെന്നു കളക്ടര്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.