ഭീകരാക്രമണം: മെട്രോ നഗരങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം

Friday 14 October 2011 11:15 pm IST

ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കാന്‍ നാല്‌ മെട്രോ നഗരങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവക്ക്‌ പുറമെ ഹൈദരാബാദ്‌, ബംഗളൂരു നഗരങ്ങളുടെ അധികാരികളോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ദീപാവലിയും മറ്റ്‌ ആഘോഷങ്ങളും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ നഗരങ്ങളില്‍ ഭീകരര്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. നിരീക്ഷണം ശക്തമാക്കാനും ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, ബസ്ടെര്‍മിനലുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ നിര്‍ണായക മേഖലകളിലും കൂടുതല്‍ സേനയെ വിന്യസിക്കാനും പോലീസ്‌ മേധാവികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഹരിയാനയില്‍ അംബാല കന്റോണ്‍മെന്റ്‌ റെയില്‍വേസ്റ്റേഷനു പുറത്ത്‌ കാറില്‍നിന്ന്‌ 5 കിലോഗ്രാമിലേറെ ആര്‍ഡിഎക്സ്‌ കണ്ടെടുത്ത സാഹചര്യത്തിലാണ്‌ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ദീപാവലിയോടനുബന്ധിച്ച്‌ ദല്‍ഹിയില്‍ സ്ഫോടനം നടത്താന്‍ ഭീകരസംഘടനകളായ ലഷ്കര്‍ തൊയ്ബയും ബബ്ബര്‍ ഖല്‍സയും നടത്തിയ നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്ന്‌ പോലീസ്‌ അവകാശപ്പെട്ടിരുന്നു. വടക്കേയിന്ത്യയിലെ ഒരു മെട്രോ നഗരം ലക്ഷ്യമാക്കി വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ അയച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ വിവരം കിട്ടിയിരുന്നു. ആര്‍ഡിഎക്സ്‌ കണ്ടെടുത്ത സാഹചര്യത്തില്‍ ഹരിയാന പോലീസിന്റെ അന്വേഷണത്തില്‍ പങ്കുചേരാന്‍ ജമ്മു കാശ്മീര്‍ പോലീസും അംബാലയില്‍ എത്തിയിട്ടുണ്ട്‌. ഹരിയാന ഡിജിപി രാജീവ്‌ ദലാലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ ഇതെന്ന്‌ ജമ്മുകാശ്മീര്‍ ഡിജിപി കുല്‍ദീപ്‌ ഖോഡ പറഞ്ഞു. റെയില്‍വെ സ്റ്റേഷന്‌ പുറത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന നീല ഇന്‍ഡിക്ക കാറില്‍നിന്നാണ്‌ ദല്‍ഹി, ഹരിയാന പോലീസിന്റെ സംയുക്ത സംഘം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്‌. ഇതേസമയം, ലഷ്കര്‍ തൊയ്ബ, ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ സിന്ദാബാദ്‌ ഫോഴ്സ്‌ എന്നീ ഭീകരസംഘടനകള്‍ തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ടെന്ന്‌ ഖോഡ പറഞ്ഞു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ ജമ്മുകാശ്മീരില്‍ സജീവമല്ല. ഖാലിസ്ഥാന്‍ ഫോഴ്സിന്റെ തലവന്‍ രഞ്ജിത്‌ സിംഗ്‌ പാക്കിസ്ഥാനിലെ ലാഹോറിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, കാശ്മീര്‍ തന്റെ രണ്ടാമത്തെ വീടാണെന്ന്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനി പറഞ്ഞു. പാക്‌ അധിനിവേശ കാശ്മീരിലെ ദാദ്‌യാലില്‍ ഒരു പാലം ഉദ്ഘാടനം ചെയ്തശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാശ്മീര്‍ പ്രശ്നം തുടര്‍ന്നും അന്താരാഷ്ട്ര ഫോറങ്ങളില്‍ അവതരിപ്പിക്കുമെന്നും ഗീലാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.