സിബിഐ ഡയറക്ടര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രശാന്ത് ഭൂഷണ്‍

Wednesday 26 November 2014 3:44 pm IST

ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ അഴിമതി തടയല്‍ നിയമ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള അഴിമതി വിരുദ്ധ സെല്ലില്‍ ഹര്‍ജി നല്‍കി. 2 ജി അഴിമതി, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് തുടങ്ങിയ കേസുകളില്‍ ആരോപണവിധേയരായവരും അവരുടെ പ്രതിനിധികളും രഞ്ജിത് സിന്‍ഹയെ ദല്‍ഹിയിലെ 2 ജന്‍പഥിലെ വസതിയില്‍ സന്ദര്‍ശിച്ചു എന്നാണ് പ്രശാന്ത് ഭൂഷണ്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ സിന്‍ഹയുടെ വസതിയില്‍ 50 തവണ സന്ദര്‍ശനം നടത്തിയതിന്റെ തെളിവ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പിആര്‍ മാനേജര്‍ ടോണി യേശുദാസ്, ഗ്രൂപ്പ് പ്രസിഡന്റ് എ.എന്‍. സേതുരാമന്‍ എന്നിവരാണ് സിന്‍ഹയെ സന്ദര്‍ശിച്ചത്. ഇതിന് ശേഷമാണ് റിലയന്‍സ് ടെലികോമിനും അതിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും എതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത പ്രോസിക്യൂഷന്‍ കേസ് പിന്‍വലിക്കാന്‍ സിന്‍ഹ ശ്രമിച്ചത്. അതേസമയം നിരവധി കേസുകളില്‍ പ്രതിയും ഹവാല ഇടപാടുകാരനുമായ മൊയിന്‍ ഖുറേഷിയെയും കൂട്ടാളികളെയും തന്റെ വസതിയില്‍ വച്ച് സിന്‍ഹ കണ്ടിരുന്നതായും വാര്‍ത്ത പുറത്തുവന്നിരുന്നു. ഭൂഷന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സിന്‍ഹയെ കഴിഞ്ഞ ആഴ്ച 2 ജി അഴിമതിക്കേസിന്റെ അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.