സ്വാശ്രയ പി.ജി.: സര്‍ക്കാര്‍ നടപടിക്ക്‌ സ്റ്റേ

Tuesday 28 June 2011 5:09 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ അമ്പതു ശതമാനം പി,ജി സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഒരു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്‌തു. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. കേസില്‍ അന്തിമ വിധി നാളെയുണ്ടാകും. മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി തുടരാനും ജസ്റ്റീസ്‌ ആന്റണി ഡൊമിനിക്ക്‌ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച്‌ നിര്‍ദ്ദേശിച്ചു. ഇന്ന് ഉച്ചയ്ക് കേസില്‍ വിധി പറയാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ക്വോട്ടയിലേക്കുള്ള പ്രവേശനത്തിനുള്ള തീയതി നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചുവെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് വിധി പ്രസ്താവം നാളത്തേയ്ക്ക് മാറ്റിയത്. സ്വാശ്രയ മെഡിക്കല്‍ പി.ജി കോഴ്‌സില്‍ 50 ശതമാനം സര്‍ക്കാര്‍ ക്വാട്ടയാണെന്നതില്‍ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ ഒരിക്കലും തര്‍ക്കമുന്നയിച്ചിട്ടില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. പ്രവേശനം നടത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനാലാണ്‌ സര്‍ക്കാര്‍ ക്വോട്ടയിലുള്ള 50 ശതമാനം സീറ്റും തങ്ങള്‍ക്ക്‌ ഏറ്റെടുക്കേണ്ടി വന്നതെന്ന്‌ കേരള ക്രിസ്ത്യ‍ന്‍ പ്രൊഫഷണല്‍ കോളേജ്‌ മാനേജ്‌മെന്റ്‌ ഫെഡറേഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ്‌ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനത്തില്‍ ഇടപെടാനാവില്ലെന്ന്‌ ഡിവിഷന്‍ ബഞ്ച്‌ വ്യക്തമാക്കിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.