ലൈബീരിയയില്‍ എബോള ബാധിച്ച ഇന്ത്യാക്കാരന്‍ മരിച്ചു

Wednesday 26 November 2014 7:47 pm IST

ന്യൂദല്‍ഹി: ലൈബീരിയയില്‍ ഒരേ ഒരു ഭാരതീയന്‍ മാത്രമേ എബോള ബാധിച്ച് മരിച്ചിട്ടുള്ളൂവെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തല്‍. ലൈബീരിയയില്‍ ഫാര്‍മസി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് അമീര്‍ എന്ന ഭാരതീയന്‍ മാത്രമേ മരിച്ചിട്ടുള്ളൂ. 2014 സപ്തംബര്‍ 7നായിരുന്നു ഇയാളുടെ മരണമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ലോക്‌സഭയെ രേഖാമൂലം അറിയിച്ചു. ഇയാളുടെ കുടുംബാംഗങ്ങളെ ഈ വിവരം ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹം പ്രാദേശികമായി തന്നെ അടക്കം ചെയ്തു എന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയ വിവരം. ലൈബീരിയിലുള്ള ഭാരതീയര്‍ക്ക് രോഗം ബാധിച്ചാല്‍ അടിയന്തര ചികിത്സ നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. എബോള ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലെ ഭാരതീയരുമായി നമ്മുടെ സന്നദ്ധ പ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് അവരുടെ രക്ഷയ്ക്കായി വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടങ്ങളില്‍ യാത്ര ചെയ്തശേഷം തിരികെ ഭാരതത്തില്‍ മടങ്ങിയെത്തുന്നവര്‍ക്കും വേണ്ട ബോധവത്കരണം നല്‍കി വരുന്നുണ്ട്. നവംബര്‍ 20 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് എട്ടു രാജ്യങ്ങളിലായി 5,420 പേര്‍ എബോള ബാധിച്ച് മരിച്ചിട്ടുണ്ട്. 2013 ഡിസംബറിന് ശേഷം 15,145 പേര്‍ക്കാണ് എബോള ബാധയുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.