'സമൂഹം തങ്ങളെ കാണുന്നത് എയ്ഡ്‌സ് രോഗികളേക്കാള്‍ മോശമായി'

Wednesday 26 November 2014 9:58 pm IST

കുട്ടപ്പായി

ആലപ്പുഴ: എയ്ഡ്‌സ് രോഗികളേക്കാള്‍ മോശമായാണ് സമൂഹം തങ്ങളെ ഇന്ന് കാണുന്നതെന്ന് കുട്ടനാട്ടിലെ താറാവു കര്‍ഷകര്‍ വിലപിക്കുന്നു. മക്കളേക്കാള്‍ പൊന്നുപോലെ വളര്‍ത്തിയ താറാവുകള്‍ കണ്‍മുന്നില്‍ പിടഞ്ഞു മരിക്കുകയായിരുന്നു. യാതൊരു അസുഖവുമില്ലാത്തവയെക്കൂടി ഇനി കുരുതികൊടുക്കണം. ഇതെല്ലാം സഹിക്കാം. പൊതുജനവും സര്‍ക്കാരും തങ്ങളെ ശത്രുക്കളെപ്പോലെ അകറ്റിനിര്‍ത്തുന്നതാണ് സഹിക്കാന്‍ വയ്യാത്തതെന്ന് കര്‍ഷകര്‍ പറയുന്നു.

തങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍, തൊഴിലാളികള്‍ എല്ലാവരും പക്ഷിപ്പനിയോടെ വെറുക്കപ്പെട്ടവരായി മാറിക്കഴിഞ്ഞു. കടുത്ത സാമ്പത്തിക നഷ്ടം, ഇരുളടഞ്ഞ ഭാവി, വന്‍ കടക്കെണി. ഇതുകൂടാതെ ഒരുതരം തൊട്ടുകൂടായ്മ കൂടിയായതോടെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് താറാവു കര്‍ഷകര്‍ നേരിടുന്നത്. മുട്ടയ്ക്കും ഇറച്ചിക്കും ആവശ്യക്കാരില്ല, താറാവിനെ കൈമാറാന്‍ പോലും കഴിയുന്നില്ല. കടം തരാന്‍പോലും ആരുമില്ല. കഷ്ടപ്പാടിന്റെയും അപമാനത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും സംഘര്‍ഷത്തിന്റെയും വല്ലാത്ത ഒരു അവസ്ഥയിലാണ് തങ്ങളെന്ന് പറയുമ്പോള്‍ പല കര്‍ഷകരുടെയും കണ്ണുകള്‍ നിറഞ്ഞു.

തലവടി സ്വദേശി കുട്ടപ്പായിക്ക് ഇരുപത്തി അയ്യായിരത്തോളം താറാവുകളാണുണ്ടായിരുന്നത്. ഇതില്‍ പതിനയ്യായിരത്തോളം കഴിഞ്ഞ പത്തോടെ പനിബാധിച്ച് ചത്തൊടുങ്ങി. ബാക്കിയുള്ളവയെ പൊന്നുപോലെ സംരക്ഷിക്കുകയാണ് താനെന്ന് കുട്ടപ്പായി പറഞ്ഞു. പലരുടെയും പാടശേഖരങ്ങളിലും പറമ്പുകളിലുമാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. പക്ഷിപ്പനി വാര്‍ത്തകള്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ ഇവയെ മാറ്റാന്‍ ആവശ്യപ്പെടുന്നു.

ഈ താറാവിന്‍ കൂട്ടങ്ങള്‍ക്കൊപ്പമാണ് താന്‍ രാപകല്‍ കഴിയുന്നത്. എനിക്ക് ഇതുവരെ ജലദോഷപ്പനിപോലും വന്നിട്ടില്ലെന്ന് കുട്ടപ്പായി സക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇത് ആരു വിശ്വസിക്കാന്‍?. ഇത്രയും താറാവുകളുമായി എങ്ങോട്ടു പോകും? കുട്ടപ്പായിയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല.

കടംവാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് തലവടി വേഴപ്പുറത്ത് കുട്ടപ്പന്‍ താറാവു കൃഷി തുടങ്ങിയത്. ഇതില്‍ ബഹുഭൂരിപക്ഷവും ചത്തു. ബാക്കിയുള്ളവയെ പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലും. പലിശപോലും നല്‍കാന്‍ മാര്‍ഗമില്ല. തന്റെ മാത്രമല്ല, ബഹുഭൂരിപക്ഷം താറാവു കര്‍ഷകരുടെയും അവസ്ഥ ഇതുതന്നെയാണ്. ജീവിക്കാന്‍വേണ്ടിയാണ് താറാവു കൃഷി തുടങ്ങിയത്. പ്രായം ഏറെയായി, മറ്റു തൊഴില്‍ അറിയുകയുമില്ല. ജീവിതം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നും കുട്ടപ്പന്‍ ചോദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.