വടവാതൂറ്‍ ഡംപിംഗ്‌ യാര്‍ഡിലെ മാലിന്യം കോടിമതയിലേക്ക്‌ മാറ്റുന്നതിനെ ചൊല്ലി നഗരസഭയില്‍ ബഹളം

Friday 14 October 2011 11:22 pm IST

കോട്ടയം : വടവാതൂറ്‍ ഡംപിംഗ്‌ യാര്‍ഡിലെ മാലിന്യം കോടിമതയിലേക്ക്‌ മാറ്റുന്നതിനെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന്‌ കൌണ്‍സില്‍ യോഗം അജണ്ട ചര്‍ച്ചയ്ക്കെടുക്കാതെ പിരിഞ്ഞു. ൯൨ അജണ്ടകളുമായി ഇന്നലെ ചേര്‍ന്ന കൌണ്‍സില്‍ യോഗമാണ്‌ ഒരു അജണ്ടപോലും ചര്‍ച്ച ചെയ്യാതെ പിരിഞ്ഞത്‌. നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മോണിട്ടറിംഗ്‌ കമ്മറ്റി വടവാതൂരിലെ മാലിന്യങ്ങള്‍ കോടിമതയിലേക്ക്‌ മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പ്രശ്നം മാലിന്യങ്ങള്‍ അടിയന്തിരമായി കോടിമതയിലേക്ക്‌ മാറ്റുന്നതിന്‌ തീരുമാനിച്ചതായി ചൂണ്ടിക്കാട്ടി ൯൨-ാമത്‌ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കൌണ്‍സില്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ വാട്ടര്‍ അതോറിട്ടിയുടെ പുതിയ പദ്ധതികളെ കുറിച്ച്‌ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചയുടനെ പ്രതിപക്ഷത്തുനിന്നും അഡ്വ ഷീജ അനില്‍ മാലിന്യപ്രശ്നം ആദ്യ അജണ്ടയായി ചര്‍ച്ചയ്ക്കെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഭരണപക്ഷത്തുനിന്നും എന്‍ എസ്‌ ഹരിശ്ചന്ദ്രനും നാട്ടകം സുരേഷും ഇതിനെ പിന്താങ്ങി, ഒപ്പം മറ്റ്‌ പ്രതിപക്ഷാംഗങ്ങളും. ഇതോടെ യോഗം ബഹളമയമായി. കൌണ്‍സില്‍ തീരുമാനിക്കാതെ കോടിമതയിലേക്ക്‌ മാലിന്യം മാറ്റുമെന്ന്‌ മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തു. മൂന്നുമാസത്തിനകം വടവാതൂരിലെ മാലിന്യം മുഴുവനായും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും മാലിന്യനിക്ഷേപത്തെ വടവാതൂറ്‍ പ്രദേശവാസികള്‍ ശക്തമായി എതിര്‍ക്കുന്നതും മൂലം ഏകപക്ഷീയമായി കോടിമതയിലേക്ക്‌ മാലിന്യം മാറ്റാന്‍ ചെയര്‍മാനും ആരോഗ്യസ്റ്റാണ്റ്റിംഗ്‌ കമ്മറ്റിചെയര്‍മാനും മറ്റുള്ളവരും ചേര്‍ന്ന്‌ തീരുമാനിക്കുകയായിരുന്നുവെന്ന്‌ അഡ്വ ഷീജ അനില്‍ ആരോപിച്ചു. അംഗങ്ങള്‍ക്ക്‌ ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുമെന്ന്‌ ചെയര്‍മാന്‍ യോഗത്തെ അറിയിച്ചെങ്കിലും അടിയന്തിര പ്രാധാന്യമുള്ള വിഷയം അവസാന അജണ്ടയായി വച്ചതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാല്‍ കാളപെറ്റൊന്നു കേട്ടയുടനെ കയറെടുക്കുന്ന നടപടിയാണ്‌ പ്രതിപക്ഷത്തിണ്റ്റേതെന്നായിരുന്നു ചെയര്‍മാണ്റ്റെ ആരോപണം. ആരൊക്കെ എതിര്‍ത്താലും ഭരണപക്ഷമൊറ്റയ്ക്ക്‌ തീരുമാനിച്ചാല്‍ മാലിന്യം മുഴുവന്‍ കോടിമതയിലെത്തിക്കാന്‍ കഴിയുമെന്ന്‌ അഡ്വ ഫ്രാന്‍സിസ്‌ ജേക്കബ്‌ ആരോപിച്ചത്‌ പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കി. ഇതിനിടയില്‍ മാധ്യമങ്ങള്‍ വാര്‍ത്തയും പടവും വരാനാണ്‌ കൌണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കുന്നതെന്ന ചെയറിണ്റ്റെ ആരോപണം അംഗങ്ങളെ കൂടുതല്‍ ചൊടിപ്പിച്ചു. മാധ്യമങ്ങള്‍ സ്വന്തം പേര്‌ അച്ചടിച്ച്‌ വരുന്നതിനുവേണ്ടി കൌണ്‍സിലിണ്റ്റെ തീരുമാനമില്ലാതെ തന്നെ പല വിഷയങ്ങളും തീരുമാനിച്ചതായി ചെയര്‍മാന്‍ വാര്‍ത്തനല്‍കുന്നുവെന്ന്‌ പ്രതിപക്ഷവും ആരോപിച്ചു. ഇതോടെ അജണ്ടകളൊന്നും ചര്‍ച്ചയ്ക്കെടുക്കാതെ യോഗം പിരിച്ചുവിട്ടതായി അറിയിച്ച്‌ ചെയര്‍മാന്‍ പുറത്തേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങി ചെയര്‍മാണ്റ്റെ മുറി ഉപരോധിച്ചു. ഇതിനിടയില്‍ മാലിന്യം കോടിമതയിലേക്ക്‌ നീക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക്‌ പ്രതിഷേധ പ്രകടനം നടത്തി.