ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അഡീഷണല്‍ തഹസില്‍ദാര്‍ വിജിലന്‍സിന്റെ പിടിയിലായി. അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ അഡീഷണല്‍ തഹസില്‍ദാര്‍ വി. സുഗുണനെയാണ് വിജിലന്‍സ് ഡിവൈഎസ്പി കെ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോട്ടയത്തെ വിജിലന്‍സ് കോടതയില്‍ ഹാജരാക്കി.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. തിരുവാമ്പാടി സ്വദേശി ഗോപന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് നടപടി. ബാങ്ക് വായ്പയ്ക്ക് വസ്തു ഈടു നല്‍കുന്നതിനായി മുല്ലക്കല്‍ വില്ലേജ് ഓഫീസില്‍ കരം അടച്ച രസീതിനായി സമീപിച്ചപ്പോള്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ റീസര്‍വേ പ്രകാരം ഒരു സെന്റ് കൂടുതലായി കണ്ടതിനാല്‍ താലൂക്ക് ഓഫീസില്‍ നിന്നുള്ള അനുമതി വേണമെന്നാവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഗോപന്റെ ഭാര്യയുടെ പേരിലുള്ള മറ്റൊരു വസ്തു പണയപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും ഇതേ രീതിയില്‍ റീസര്‍വേയില്‍ കൂടുതല്‍ ഭൂമിയുള്ളതായി കണ്ടെത്തിയതിനാല്‍ ഇതിനും താലൂക്ക് ഓഫീസില്‍ നിന്നുള്ള അനുമതി ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് അഡീഷനല്‍ തഹസില്‍ദാര്‍ സുഗുണനെ സമീപിച്ച് രേഖകള്‍ ശരിയാക്കാനായി ഗോപന് അപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍ രണ്ട് സെന്റ് ഭൂമി അധികമായി ലഭിക്കുകയാണെന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ വസ്തു പേരില്‍ കൂട്ടി 7 എ ഫോറത്തില്‍ ഒപ്പിട്ടുനല്‍കുന്നതിന് വസ്തുവിലയുടെ ഒരു ഭാഗം തനിക്ക് തരേണ്ടതാണെന്നും എന്നാല്‍ രണ്ട് വസ്തുവിലെയും ഓരോ സെന്റിന് 5,000 രൂപ വീതം പതിനായിരം രൂപ തനിക്ക് നല്‍കണമെന്നും സുഗുണന് ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം വിജിലന്‍സിനെ അറിയിച്ചതിനെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ തഹസില്‍ദാരെ നിരീക്ഷിക്കാന്‍ ഗോപനൊപ്പം കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസില്‍ അയച്ചിരുന്നു.
തലേദിവസം ആയിരം രൂപ കൈക്കൂലിയായി നല്‍കിയെങ്കിലും 10,000 രൂപയുമായി ബുധനാഴ്ച രാവിലെ 11ന് മുമ്പായി വന്നാല്‍ മാത്രം രേഖകള്‍ ശരിയാക്കി തരാമെന്ന് പറയുകയായിരുന്നു. ഇതു പിന്നീട് 8,000 രൂപയാക്കി കുറച്ചു. ഇതനുസരിച്ച് വിജിലന്‍സിന്റെ പ്രത്യേക സംഘം വേഷപ്രഛന്നരായെത്തുകയും പ്രത്യേക രാസവസ്തു പുരട്ടിയ ആയിരത്തിന്റെ എട്ട് നോട്ടുകള്‍ ഗോപന്, അഡീഷനല്‍ തഹസില്‍ദാര്‍ക്ക് കൈമാറുകയും ചെയ്തു.
ഇയാള്‍ ഇത് ഫയലുകളുടെ ഇടയിലേക്ക് ഒളിപ്പിക്കുന്നതിനിടെ വിജിലന്‍സ് സംഘമെത്തി പിടികൂടുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്നും ബാഗില്‍ നിന്നും ആയിരത്തിന്റെ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൈവശം സൂക്ഷിക്കുന്ന പണത്തിന്റെ കണക്ക് രേഖപ്പെടുത്തുന്ന ഓഫീസ് രേഖയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന സംഖ്യ രേഖപ്പെടുത്തിയിരുന്നില്ല.
ഒരു മാസം മുമ്പ് തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷനര്‍ ഓഫീസില്‍ നിന്ന് സ്ഥലം മാറിയെത്തിയ സുഗുണനെ നേരത്തെയും കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: