കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം

Friday 14 October 2011 11:33 pm IST

ഒമ്പത്‌ കുടിവെള്ള ടാങ്കറുകള്‍ക്കെതിരെ നടപടി കൊച്ചി: ജില്ല ഹെല്‍ത്ത്‌ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ മലിനജലവുമായി വന്ന ഒമ്പത്‌ കുടിവെള്ള ടാങ്കറുകള്‍ പിടിച്ചെടുത്തു. പരിശോധനയില്‍ മനുഷ്യവിസര്‍ജ്യത്തില്‍ കാണുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. രാവിലെ പാലാരിവട്ടം മെഡിക്കല്‍ സെന്ററിന്‌ മുന്നിലായിരുന്നു പരിശോധന. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ ആരോഗ്യവകുപ്പും ആര്‍ഡിഒയും സംയുക്തമായിട്ടാണ്‌ പരിശോധന നടത്തിയത്‌. പിടിച്ചെടുത്ത കുടിവെള്ള ടാങ്കറുകള്‍ക്കെതിരെ പോലീസ്‌ കേസെടുത്തശേഷം ആര്‍ഡിഒക്ക്‌ കൈമാറി. ജില്ലയില്‍ മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ആരോഗ്യവിഭാഗം പരിശോധനക്ക്‌ ഇറങ്ങിയത്‌. മലിനജലം മഞ്ഞപ്പിത്തം പടരുന്നതിന്‌ കാരണമായിട്ടുണ്ട്‌. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന്‌ ജില്ലാ ഹെല്‍ത്ത്‌ ഓഫീസര്‍ പി.എന്‍.ശ്രീനിവാസന്‍ ജന്മഭൂമിയോട്‌ പറഞ്ഞു. നഗരത്തിലെ ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, ആശുപത്രി എന്നിവിടങ്ങളിലേക്കാണ്‌ ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നത്‌. തുറസായ കുളങ്ങളില്‍നിന്നും തോടുകളില്‍നിന്നുമാണ്‌ പല ടാങ്കറുകളും കുടിവെള്ളം നിറക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.