ആശങ്കയൊഴിയാതെ അപ്പര്‍കുട്ടനാട്

Wednesday 26 November 2014 11:29 pm IST

പത്തനംതിട്ട: ജില്ലയില്‍ ആദ്യമായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി അറിയിക്കുമ്പോഴും ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. പ്രതിരോധ മരുന്നുകളുടെ ലഭ്യത ഇല്ലാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. അപ്പര്‍കുട്ടനാട് മേഖലയിലെ താറാവുകളടക്കമുള്ളവ കൂട്ടമായി ചത്തൊടുങ്ങിയതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വന്‍തോതില്‍ ചത്തൊടുങ്ങിയ താറാവുകളെ ആരോഗ്യവകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ തീയിട്ട് നശിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. താറാവ്, കോഴി എന്നിവയുമായി അടുത്തിടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെപ്യൂട്ടി ഡിഎംഒ ഡോ.എല്‍.അനിതകുമാരിയുടെ നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിവിധ വകുപ്പുകളുടെ അടിയന്തിര യോഗം ചേര്‍ന്നു. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. പക്ഷികളില്‍ രോഗബാധ കണ്ടെത്തിയ പുളിക്കീഴ് ബ്ലോക്കിലെ വേങ്ങലില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ആരോഗ്യ സംഘം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ ആശുപത്രികളില്‍ ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. ജില്ലാതല ദ്രുതകര്‍മ സേനയുടെ യോഗം ഡി.എം.ഒയുടെ നേതൃത്വത്തില്‍ നടന്നു. ശക്തമായ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങള്‍. ശരിയായ ചികിത്സതേടാതിരുന്നാല്‍ ന്യുമോണിയ ബാധിക്കുകയും മരണകാരണമാകുകയും ചെയ്യും. പക്ഷികള്‍ക്ക് രോഗബാധ ഉണ്ടായാല്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെയോ ആരോഗ്യ വകുപ്പിന്റെയോ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവയെ നശിപ്പിക്കണം. പക്ഷികളുടെ വിസര്‍ജ്യങ്ങള്‍ അണുവിമുക്തമാക്കിയശേഷം കുഴിച്ചിടുക. അണുബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ മുഖാവരണം, കൈയ്യുറകള്‍, തൊപ്പി, ബൂട്ടുകള്‍ എന്നിവ ധരിക്കണം. അറവുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. മുട്ട, ഇറച്ചി, വളര്‍ത്തുപക്ഷികള്‍ എന്നിവയെ പക്ഷിപ്പനി ബാധയുള്ള പ്രദേശത്തുനിന്നു മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പക്ഷികളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. വളര്‍ത്തുപക്ഷികളുമായി കുട്ടികള്‍ കളിക്കുന്നതും ഒഴിവാക്കണം. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെയാണ് വൈറസുകള്‍ പകരുന്നത്. വളര്‍ത്തുപക്ഷികളെ വാങ്ങുന്നത് ഒഴിവാക്കുക, കുടിവെള്ള ടാങ്കുകളും പക്ഷികള്‍ക്ക് നീന്താനും വെള്ളം കുടിക്കാനും ഉപയോഗിക്കുന്ന ജലസംഭരണികളും വല ഉപയോഗിച്ച് മൂടുക തുടങ്ങിയ സുരക്ഷിതമാര്‍ഗങ്ങളും സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.