കേന്ദ്രമന്ത്രിയുടെ വാക്കും പാഴ്‌വാക്കായി; ടൂറിസം പദ്ധതികള്‍ക്ക്‌ അനക്കമില്ല

Friday 14 October 2011 11:34 pm IST

മട്ടാഞ്ചേരി: പൈതൃകനഗരിയിലെ ടൂറിസം വികസനം ആദ്യഘട്ട പദ്ധതികള്‍ തുടക്കത്തിലെ നിലച്ചു. കേന്ദ്ര കൃഷിമന്ത്രി പ്രൊഫ. കെ.വി.തോമസ്‌ സപ്തംബര്‍ 16 ന്‌ ചേര്‍ന്ന യോഗത്തില്‍ നാല്‌ പദ്ധതികളാണ്‌ ആദ്യഘട്ടമായി നടപ്പിലാക്കുവാന്‍ പ്രഖ്യാപിച്ചത്‌. തടികൊണ്ടുള്ള ചീനവല നിലനിര്‍ത്തുക, പൊതു ടൊയ്‌ലറ്റ്‌ സ്ഥാപിക്കുക, പള്ളത്തുരാമന്‍ മൈതാനി നവീകരിക്കുക, ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റ്‌ തുറന്ന്‌ നല്‍കുക എന്നിവയായിരുന്നു ആദ്യഘട്ട പദ്ധതി പ്രഖ്യാപനം. ഒരുമാസം പിന്നിട്ടിട്ടും ഒരു പദ്ധതിപോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രിയുടെ വാക്കും ഒടുവില്‍ പാഴ്‌വാക്കായി മാറി. ഫോര്‍ട്ടുകൊച്ചിയിലെ 20ഓളം ചീനവലകളുടെ സംരക്ഷണമാണ്‌ ആദ്യം ലക്ഷ്യമിട്ടത്‌. ചീനവലയുടെ തേക്കിന്‍തടികള്‍ക്ക്‌ പകരം ഇരുമ്പ്‌ കുഴലുകളാണ്‌ വലകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നത്‌. ഇത്‌ ചീനവലകളുടെ പഴമ ഇല്ലാതാക്കുമെന്നായിരുന്നു അഭിപ്രായം. ചീനവലകളുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ പ്രതിവര്‍ഷം നിശ്ചിത തുക നല്‍കാമെന്നതായിരുന്നു ആദ്യചര്‍ച്ചയിലുയര്‍ന്നത്‌. എന്നാല്‍ ജില്ലാ ടൂറിസം വകുപ്പ്‌ കഴിഞ്ഞദിവസമാണ്‌ പദ്ധതിയുടെ വിശദാംശം സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. തീരുമാനത്തിന്‌ ഇനിയും കാലതാസമെടുക്കുമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റ്‌ പ്രാഥമിക സൗകര്യങ്ങളൊരുക്കി നവംബര്‍ ഒന്നിന്‌ തുറക്കുമെന്നായിരുന്നു രണ്ടാമത്‌. ഇതിനുള്ള യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ബസ്സ്റ്റാന്റ്‌ നവീകരണ പദ്ധതിയില്‍നിന്ന്‌ സ്ഥലം കൗണ്‍സിലറെ ഒഴിവാക്കുന്നതായി പരാതിയും ഉയര്‍ന്നിരുന്നു. ഫോര്‍ട്ടുകൊച്ചി മേഖലയില്‍ മൂത്രപ്പുരകള്‍ സ്ഥാപിക്കുമെന്നായിരുന്നു മൂന്നാമത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പണിപൂര്‍ത്തിയാക്കിയ മൂത്രപ്പുര തുറക്കുന്നതിനുപോലും ബന്ധപ്പെട്ടവര്‍ക്ക്‌ ഇതിനകം കഴിഞ്ഞിട്ടില്ല. പുതിയതായി മൂത്രപ്പുരകള്‍ സ്ഥാപിക്കുന്നതിനും നടപടികളായിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വെളിയിലെ പള്ളത്തുരാമന്‍ കേന്ദ്രവും മൈതാനിയും കാടുകള്‍ വെട്ടിമാറ്റി നവീകരിക്കുന്നതിനുള്ളതായിരുന്നു നാലാം പദ്ധതി. എന്നാല്‍ ഇതും ചുവപ്പുനാടയിലായി. വിനോദസഞ്ചാര വികസനത്തിനുള്ള അവലോകന യോഗത്തില്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ മേയര്‍, നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ യോഗതീരുമാനം. പങ്കെടുത്തവരില്‍ വാഗ്വാദത്തിനും കാരണമായിരുന്നു.