ഒമ്പത് രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഇ-വിസ സൗകര്യം

Thursday 27 November 2014 3:09 pm IST

ന്യൂദല്‍ഹി: ഭാരതത്തിലെ ഒമ്പത് രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് 43 രാജ്യങ്ങളിലേക്ക് ഇ-വിസ സൗകര്യം ഏര്‍പ്പെടുത്തി. ജര്‍മനി, അമേരിക്ക, ഇസ്രയേല്‍, പാലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ഇ-വിസ സൗകര്യം ലഭ്യമാകുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയും ചേര്‍ന്ന് 43 രാജ്യങ്ങളിലേക്കുള്ള ഇ-വിസ സൗകര്യത്തിന് തുടക്കം കുറിച്ചതായി ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം, ഗോവ എന്നീ ഒമ്പത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളില്‍ സോഫ്റ്റ് വെയര്‍ പദ്ധതി ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജ്ജമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ റഷ്യ, ബ്രസീല്‍, ജര്‍മനി, തായ്‌ലന്റ്, യുഎഇ, ഉക്രയിന്‍, ജോര്‍ദാന്‍, നോര്‍വെ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇ-വിസ സൗകര്യം ലഭ്യമാവുക. ടൂറിസം മേഖലയിലെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇപ്പോള്‍ സഫലമായതെന്നും ഇത് പ്രാവര്‍ത്തികമായതോടെ നിരവധി രാജ്യങ്ങളിലെ വ്യവസായശക്തിപ്പെടുത്തുമെന്നും ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സിന്റെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സുഭാസ് ഗോയല്‍ പറഞ്ഞു. മെക്‌സികൊ, കെനിയ, ഫിജി എന്നീ രാജ്യങ്ങളിലേക്കും ഇ-വിസ സൗകര്യം ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇ-വിസയ്ക്കായി വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്നവര്‍ക്ക് നിശ്ചിത ഫീസും നല്‍കേണ്ടതായി വരും. 96 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് വിസ അനുവദിക്കുകയും ചെയ്യും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മുന്‍ഗണനക്രമത്തില്‍ എല്ലാ രാജ്യങ്ങളിലേക്കും ഇ-വിസ സൗകര്യം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ പാക്കിസ്ഥാന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, നൈജീരിയ, ശ്രീലങ്ക, സൊമാലിയ എന്നീ രാജ്യങ്ങളെ ഇ-വിസ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇ-വിസ സൗകര്യം മൂലം രാജ്യത്ത് എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുമെന്നാണ് കരുതുന്നത്. ജനുവരി മുതല്‍ സപ്തംബര്‍ വരെ 51.79 ലക്ഷം വിദേശികളാണ് ഭാരതം സന്ദര്‍ശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.