കയ്യാങ്കളി: വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണം

Saturday 15 October 2011 12:09 pm IST

കൊച്ചി: നിയമസഭയിലെ വെള്ളിയാഴ്ചത്തെ നടപടിക്രമങ്ങള്‍ മാധ്യമങ്ങളിലൂടടെ സംപ്രേഷണം ചെയ്യണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭാ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് പറഞ്ഞവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അപഹാസ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയ്ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ മുഴുവന്‍ സം‌പ്രേഷണം ചെയ്യാന്‍ സംവിധാനം വേണം. പാര്‍ലമെന്റില്‍ ഇപ്പോള്‍ ഇത്തരം സംവിധാനമുണ്ട്. വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്‌ ഇത്‌ സഹായിക്കു. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവെ വ്യക്തമാക്കി. ഇന്നലെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ സത്യം മനസിലാകും. ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ കാണിക്കണമെന്നു ഭരണപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ആണ്‌ എതിര്‍ത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.വി.രാജേഷ്‌ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത്‌ സംബന്ധിച്ച്‌ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന്‌ ആവശ്യപ്പെടുന്നവര്‍ നിയമസഭയില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെടുന്നത്‌ അപഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം. പ്രതിപക്ഷം ആരെയാണ് ഭയക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.