ശബരിമല തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി അധികൃതര്‍ എരുമേലിയില്‍ തടഞ്ഞുവച്ചു

Thursday 27 November 2014 9:59 pm IST

എരുമേലി: ചാര്‍ട്ടര്‍ ബസില്‍ ബോര്‍ഡ് വച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശബരിമല തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി അധികൃതര്‍ എരുമേലിയില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. പമ്പയില്‍നിന്നും ആലപ്പുഴ മുഹമ്മയ്ക്ക് പോകുന്നതിനായി കായിപുരം സ്വദേശികളായ 25 പേരടങ്ങുന്ന തീര്‍ത്ഥാടകസംഘമാണ് കെഎസ്ആര്‍ടിസി ബസിന് മൂന്നിരട്ടി ടിക്കറ്റ് ചാര്‍ജ്ജ് നല്‍കി യാത്രക്കായി വന്നത്. 25 തീര്‍ത്ഥാടകരില്‍നിന്നും കെഎസ്ആര്‍ടിസി അധികൃതര്‍ 7870 രൂപയും വാങ്ങി ബസിന്റ് മുന്‍വശത്തെ ഗ്ലാസില്‍ ചാര്‍ട്ടര്‍ ടിപ്പ് എന്നെഴുതിയ പേപ്പറും ഒട്ടിച്ചിരുന്നു. എന്നാല്‍ മുക്കുട്ടുതറയിലെത്തിയ ബസില്‍ കയറിയ കെഎസ്ആര്‍ടിസി പരിശോധന ഇന്‍സ്‌പെക്ടര്‍ ബസില്‍ മുഹമ്മ-ആലപ്പുഴ എന്ന ബോര്‍ഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി എരുമേലി ഡിപ്പോയില്‍ ബസ് നിയമവിരുദ്ധമായി പിടിച്ചിടുകയായിരുന്നു. യാത്രക്കാരുടെ മുഴുവന്‍ പണവും അടച്ച് ചാര്‍ട്ട് ടിപ്പ് നടത്തുന്ന ബസുകള്‍ക്ക് ബോര്‍ഡുകള്‍ വക്കേണ്ടതില്ലെന്ന നിയമത്തിന് വിരുദ്ധമായാണ് ഇന്‍സ്‌പെക്ടര്‍ തങ്ങളോട് പെരുമാറിയതെന്നു തീര്‍ത്ഥാടകര്‍ പറഞ്ഞു. എരുമേലി സെന്ററിലെത്തി ബോര്‍ഡ് വയ്ക്കാനുള്ള ശ്രമത്തിനിടെ തീര്‍ത്ഥാടകര്‍ അന്വേഷിച്ചപ്പോഴാണ് ചാര്‍ട്ടര്‍ ബസുകളില്‍ ബോര്‍ഡുകള്‍ വയ്‌ക്കേണ്ടതില്ലെന്ന വസ്തുത മനസ്സിലാകുന്നത്. തുടര്‍ന്ന് പരിശോധനക്കെത്തിയ ആളോട് തീര്‍ത്ഥാടകര്‍ ചോദിക്കാനെത്തിയപ്പോളേക്കും മറ്റൊരു ബസില്‍ ഇന്‍സ്‌പെക്ടര്‍ ഓടികയറി പോവുകയായിരുന്നു. തീര്‍ത്ഥാടകരും കെഎസ്ആര്‍ടിസി അധികൃതരും തമ്മില്‍ തര്‍ക്കും രൂക്ഷമായതോടെ തീര്‍ത്ഥാടകര്‍ ശരണം വിളിച്ച് പ്രതിഷേധിമാരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ശബരിമല അയ്യപ്പസേവാ സമാജം പ്രവര്‍ത്തകരും സ്ഥലത്തെത്തി സംഭവം ചര്‍ച്ച ചെയ്തി പരിഹരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി പരിശോധന ഇന്‍സ്‌പെക്ടറുടെ തെറ്റായ തീരുമാനം തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകളോളം വെയിലത്ത് നില്‍ക്കേണ്ടിവന്നു. സംഭവത്തിന് കാരണക്കാരനായ ബസ് പരിശോധിച്ച കോട്ടയം ഓഫീസിലെ പരിശോധന ഇന്‍സ്‌പെക്ടര്‍ കെ.എന്‍. ഹരികുമാരന്‍നായര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംഘത്തിന്റെ ഗുരുസ്വാമി മുഹമ്മ കായിപുരം മേനാഞ്ചേരില്‍ ആര്‍. ശ്രീകുമാര്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതി നല്‍കി. എരുമേലി എസ്‌ഐ രാജീവ്, സേവാസമാജം പ്രതിനിധികളായ മനോജ് എസ്, പി.പി. വേണുഗോപാല്‍, കണ്ണന്‍ചോറ്റി, ഹരികൃഷ്ണന്‍ കനകപ്പലം, റവന്യൂവകുപ്പ് ഓഫീസര്‍മാരായ കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ കെ.എം. ശിവകുമാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ടി. അജിത്കുമാര്‍, കെഎസ്ആര്‍ടിസിയിലെ ചില പ്രതിനിധികളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ബസില്‍ കയറിപോവുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.