ശബരിമല സംരക്ഷണ മാര്‍ച്ച്

Thursday 27 November 2014 10:05 pm IST

പൊന്‍കുന്നം: മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് പാലാ - പൊന്‍കുന്നം പരമ്പരാഗത അയ്യപ്പപാതയുടെ അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനുപകരം അയ്യപ്പഭക്തരേയും ജനങ്ങളെയും മന:പൂര്‍വ്വം ഉപദ്രവിക്കുന്നതിനുവേണ്ടി നിരവധി സ്ഥലങ്ങളില്‍ കലുങ്കുകള്‍ക്കായി റോഡു കുഴിച്ചിടുകയും ഇരുവശങ്ങളിലും ഗതാഗതം തടസ്സപ്പെടുംവിധം മണ്ണും കല്ലും റോഡിലേയ്ക്കിറക്കി നിക്ഷേപിക്കുകയും ചെയ്തരിക്കുന്നു. ഈ ജോലി മണ്ഡലകാലത്തു തന്നെ തുടങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. മണ്ഡലകാലം ആരംഭിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ത്തി ശബരിമല തീര്‍ത്ഥാടനത്തെ തടസ്സപ്പെടുത്തുന്നപോലെയുള്ള ഗൂഢലക്ഷ്യം ഇതിനുമുണ്ടോയെന്ന് സംശയിക്കുന്നു. ഈ പരമ്പരാഗത പാതയ്ക്ക് പകരം പുതിയ പാതകള്‍ തുറന്ന് അയ്യപ്പന്മാരുടെ കാണിയ്ക്ക തട്ടിയെടുക്കാനുള്ള ഭരണ വര്‍ഗത്തിന്റെ ഗൂഢലക്ഷ്യമാണ് ഇതിനുപിന്നിലുള്ളതായി സംശയിക്കുന്നു. പാലാ മുതല്‍ എരുമേലി വരെയുള്ള ഇടത്താവളങ്ങളെ തകര്‍ക്കുവാനും പരമ്പരാഗത പാത തകര്‍ത്ത് അതിലൂടെ കോടിക്കണക്കായ അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ക്ഷതം ഏല്‍പ്പിക്കുന്നതിനും കേരളത്തിലെ ഭരണവര്‍ഗ്ഗം നടത്തുന്ന നീചമായ നീക്കങ്ങള്‍ അവസാനിപ്പിച്ച് പരമ്പരാഗത പാത എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ശബരിമല സംക്ഷണ മാര്‍ച്ച് നടത്തും. മാര്‍ച്ച് ഇന്ന് പൊന്‍കുന്നം ടൗണില്‍ നിന്നും രാവിലെ 9ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന്‍ പനക്കല്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ എന്നിവര്‍ മാര്‍ച്ച് നയിക്കും. 5.30ന് പാലായില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.