ധനകാര്യ സ്ഥാപനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധത നിര്‍വ്വഹിക്കണം: പ്രാന്ത സംഘചാലക്

Thursday 27 November 2014 10:14 pm IST

കേരളാ പെര്‍മനന്റ് ബെനിഫിറ്റ് ഫണ്ടിന്റെ തിരുവനന്തപുരത്തെ തിരുവല്ലത്തു തുടങ്ങിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തില്‍ ആര്‍എസ്എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്‍ ഭദ്രദീപം തെളിയിക്കുന്നു

തിരുവനന്തപുരം: ധനകാര്യ സ്ഥാപനങ്ങള്‍ സ്വന്തംവളര്‍ച്ചയ്‌ക്കൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി നിര്‍വഹിക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍. കേരള പെര്‍മനന്റ് ബെനിഫിറ്റ് ഫണ്ട് ലിമിറ്റഡിന്റെ (കെപിബിഎഫ്) 59-ാം ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യരെ അപേക്ഷിച്ച് ഭാരതീയര്‍ക്ക് സമ്പാദ്യശീലവും നിക്ഷേപശീലവും ഏറെയാണ്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ന്നപ്പോഴും ഭാരതം പിടിച്ചുനിന്നത് അതുകൊണ്ടാണ്. സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സ്വന്തം വളര്‍ച്ചയ്‌ക്കൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടി സ്ഥാപനങ്ങള്‍ നിറവേറ്റണം. 16000 കോടിയുടെ സാമൂഹിക ഉത്തരവാദിത്വഫണ്ട് സമാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെപിബിഎഫ് ഈ വര്‍ഷം 100 ശാഖകളാണ് ലക്ഷ്യമിടുന്നതെന്നും നിധി കമ്പനിയായ കെപിബിഎഫിനെ 2016 മാര്‍ച്ചിന് മുമ്പ് കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ബാങ്കായി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം ഭദ്രദീപം തെളിയിച്ചു.

അമ്പലത്തല വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് റഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെപിബിഎഫ് ചെയര്‍മാന്‍ എം.പി.എസ്. ശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് പ്രൊഫ.എം.എസ്. രമേശന്‍, ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിയില്‍ നിന്നും ആദ്യനിക്ഷേപം സ്വീകരിച്ചു.
കെപിബിഎഫ് എംഡി: റ്റി.എസ്. ജഗദീശന്‍, റീജിയണല്‍ മാനേജര്‍ ജി.കെ. വാര്യര്‍, ബ്രാഞ്ച് മാനേജര്‍ എന്‍. ഉമാമഹേശ്വരി, ബിജെപി മണ്ഡലം സെക്രട്ടറി പൂന്തുറ എസ്. മണിയന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.