പദ്ധതി റിപ്പോര്‍ട്ടില്‍ അപാകത: നഗരസഭാ യോഗത്തില്‍ ബഹളം

Thursday 27 November 2014 11:29 pm IST

കൊച്ചി: സ്വകാര്യ കമ്പനി തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിലെ അപാകതകള്‍ പ്രതിപക്ഷത്തെചൊടിപ്പിച്ചു. മിഷന്‍ കൊച്ചി പദ്ധതിയില്‍പെടുത്തി പരമാരയിലാണ് നഗരസഭ വനിതാ ഹോസ്റ്റലും ഹോട്ടലും നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തില്‍ നടത്താനാണ് പദ്ധതി. ഹോസ്റ്റലിന്റെ ഡിപിസി (ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് പ്രസന്റേഷന്‍) പ്രസന്റേഷന്‍ ഇന്നലെ നടന്ന പ്രത്യേക കൗണ്‍സിലില്‍ അവതരിപ്പിച്ചെങ്കിലും ആശങ്കകള്‍ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. പിന്നീട് പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ ഡിപിസി സംബന്ധിച്ച അജണ്ട്യു കൗണ്‍സില്‍ യോഗം പാസാക്കി. പരമാര റോഡില്‍ മുമ്പ് ലീബ്ര ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും വിശദമായ പദ്ധതി രേഖ കൗണ്‍സിലിനെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സിലില്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ മേയര്‍ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ വിര്‍ഗോ അക്വ എന്ന കമ്പനി പദ്ധതി അവതരിപ്പിച്ചത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ(പിപിപി)യാണ് ഹോസ്റ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. 7.45 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണവും ദൈനം ദിന ചിലവും കഴിഞ്ഞ് നഗരസഭക്ക് കൂടുതല്‍ തുക ഓരോ വര്‍ഷവും നല്‍കുന്ന വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ 30 വര്‍ഷത്തേക്ക് ഹോട്ടലും ഹോസ്റ്റലും നടത്തുന്നതിനു അനുമതി നല്‍കാനാണ് പദ്ധതി. ലീബ്ര ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അറ്റകുറ്റപണികള്‍ നടത്തി ഹോട്ടലും ഹോസ്റ്റലുമാക്കി മാറ്റും. നാല് നിലകളുള്ള കെട്ടിടത്തില്‍ 109 മുറികളാണ് കെട്ടിടത്തിലുള്ളത്. ആറു മാസം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പദ്ധതി വിശദീകരണത്തില്‍ കമ്പനി അറിയിച്ചത്. എന്നാല്‍ കൗണ്‍സില്‍ യോഗത്തെ അറിയിക്കാതെ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനും നടത്തിപ്പിനും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കത്തെ പ്രതിപക്ഷം രൂക്ഷമായി എതിര്‍ത്തു. നഗരസഭയുടെ നടപടിക്രമങ്ങള്‍ മേയര്‍ തെറ്റിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഴുവന്‍ കൗണ്‍സിലര്‍മാരെയും വിശ്വാസത്തിലെടുത്തുവേണം ഇത്തരം പദ്ധതി നടപ്പിലാക്കുവാന്‍. എന്നാല്‍ പ്രതിപക്ഷത്തെ മാനിക്കാതെ ഏകപക്ഷീയമായി ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനാണ് മേയറുടെ നീക്കമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, ഷെഫീക് തുടങ്ങിയവര്‍ ആരോപിച്ചു. ഇതോടെ 30 വര്‍ഷത്തേക്ക് ഹോസ്റ്റല്‍ സ്വകാര്യ കമ്പനിക്ക് ലീസിനു നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിലവില്‍ പദ്ധതിയുടെ രൂപരേഖ കൗണ്‍സിലിന്റെ അനുമതിക്കായി വയ്ക്കുക മാത്രമാണുണ്ടായതെന്നും മേയര്‍ സഭയെ അറിയിച്ചു. നിലവിലെ കെട്ടിടം ശോചനീയാവസ്ഥയിലാണ്. നിലവിലെ രൂപരേഖ സംബന്ധിച്ച് ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. നഗരസഭയുടെ എഞ്ചിനീയര്‍ വിഭാഗം പദ്ധതി വിശദമായി പഠിക്കും. തുടര്‍ന്ന് സര്‍ക്കാരിന്റെ കൂടി അനുമതി ലഭിച്ച ശേഷമെ പദ്ധതി നടപ്പാക്കു എന്നും മേയര്‍ സഭയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.