രാംപാലിനെ പിടികൂടാന്‍ ചെലവഴിച്ചത് 26 കോടി

Friday 28 November 2014 4:11 pm IST

ചണ്ഡിഗഡ്: റാംപാലിനെ അറസ്റ്റു ചെയ്യുന്നതിനുമായി ഖജനാവില്‍ നിന്ന് വിവിധ സര്‍ക്കാരുകള്‍ ചേര്‍ന്ന് ചെലവഴിച്ചത് ഏകദേശം 26 കോടി രൂപ. ഹരിയാന പോലീസ് പഞ്ചാബ്-ഹരിയാനാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഹരിയാന പോലീസ് മേധാവി എസ്.എന്‍. വശിഷ്ട് ആണ് റാംപാലിനെ പിടികൂടുന്നതിനുള്ള നടപടികളുടെ ചെലവുവിവരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഹരിയാനാ, പഞ്ചാബ് സര്‍ക്കാരുകള്‍ക്കു പുറമെ ചണ്ഡിഗഡ് ഭരണകൂടവും കേന്ദ്ര സര്‍ക്കാരും തങ്ങള്‍ക്ക് വന്ന ചെലവുകളുടെ വിവരം കൈമാറിയിരുന്നു. ഇതനുസരിച്ച്, ഹരിയാന സര്‍ക്കാര്‍ 15.43 കോടി രൂപയാണ് റാംപാലിനെ പിടിക്കാനായി ചെലവഴിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ 4.34 കോടിയും, ചണ്ഡിഗഡ് പ്രാദേശിക ഭരണകൂടം 3.26 കോടിയും കേന്ദ്ര സര്‍ക്കാര്‍ 3.55 കോടിയും ചെലവഴിച്ചു. അങ്ങനെ ആകെ ചെലവായത് 26.61 കോടി രൂപ. ദിവസങ്ങള്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തി രാംപാലിനെ അറസ്റ്റുചെയ്തത്. രാംപാലിന്റെ അറസ്റ്റ് തടഞ്ഞ നൂറുണക്കിന് ഭക്തന്‍മാരെയും പൊലീസിന് അറസ്റ്റ് ചെയ്യേണ്ടതായി വന്നു. അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങളില്‍ മരിച്ചത് ആറു പേരാണ്. ഇതില്‍ അഞ്ചു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 200ലേറെ പേര്‍ക്ക് പരുക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് 909 പേരാണ് ഇതുവരെ അറസ്റ്റിലായത്. പതിനായിരത്തിലധികം ആശ്രമവാസികളെ ഒഴിപ്പിച്ചതിന് ശേഷമാണ് ഉയരത്തില്‍ ചുറ്റുമതിലുള്ള ആശ്രമത്തില്‍ കടന്ന് രാംപാലിനെ അറസ്റ്റ് ചെയ്യാനായത്. രാംപാലിനെതിരെ കൊലപാതക കുറ്റം ചുമത്തി നിരവധി തവണ കോടതി സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.