മീന്‍ പിടിക്കാം, മത്സ്യസമ്പത്തിനെ ബാധിക്കാതെ

Friday 28 November 2014 9:08 pm IST

മത്സ്യബന്ധന ഉപകരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന തിരുവനന്തപുരം പൂവാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ശരത്ത്‌രാജും കരുണാ എസ് മുരുകനും

തിരൂര്‍: ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി മനുഷ്യനെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോയി. പ്രകൃതിയുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന മനുഷ്യന്‍ ചൂഷണത്തിലേക്ക് തിരിഞ്ഞതോടെ പ്രകൃതി വിഭവങ്ങളും കുറയാന്‍ തുടങ്ങി. തോണിയില്‍ ചൂണ്ടയും വലയുമായി കടലില്‍ പോയിരുന്നവര്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ മീന്‍പിടിക്കാന്‍ തുടങ്ങിയതോടെ കടലിലെ മത്സ്യസമ്പത്തിനെ അത് ദോഷകരമായി ബാധിക്കാന്‍ തുടങ്ങി.

കടലിലെ മത്സ്യസമ്പത്തിനെ സംരക്ഷിച്ചുകൊണ്ട് എങ്ങനെ മത്സ്യബന്ധനം നടത്താമെന്ന് വിശദീകരിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലെ വൊക്കേഷണല്‍ എക്‌സ്‌പോയില്‍ പങ്കെടുത്ത തിരുവനന്തപുരം പൂവാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഫിഷറിംഗ് ക്രാഫ്റ്റ് ഗിയര്‍ ടെക്‌നോളജി വിദ്യാര്‍ത്ഥികളായ കെ.എച്ച്. ശരത്ത്‌രാജും കരുണാ എസ് മുരുകനുമാണ് എക്‌സ്‌പോയില്‍ സ്‌കൂളിനെ പ്രതിനിധികരിച്ച് പങ്കെടുത്തത്.

പ്രാചീന മത്സ്യബന്ധന ഉപകരണങ്ങളായ ഒറ്റല്‍, വല, വിവിധതരം ചൂണ്ടലുകള്‍, കുന്തം, അമ്പും വില്ലും തുടങ്ങിയവയും ആധുനിക ഉപകരണങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ മത്സ്യബന്ധന ബോട്ടുകളുടെ മാതൃകകള്‍, ബോട്ടുകളില്‍ ഉപയോഗിക്കുന്ന വിവിധ യന്ത്രങ്ങള്‍, അവയുടെ പ്രവര്‍ത്തനരീതി, വിവിധയിനം ചൂണ്ടകള്‍, മിന്‍വലകള്‍ എന്നിവയും ഏതാനും കടല്‍മത്സ്യങ്ങളും ഇവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ആധുനിക യന്ത്രങ്ങള്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് ധാരാളം മീന്‍ ലഭിക്കുമെങ്കിലും ചിലയിനം മത്സ്യങ്ങളുടെ വംശനാശത്തിലേക്ക് നയിക്കുന്നതായും ശരത്തും കരണും ചൂണ്ടികാണിക്കുന്നു. ബയോകമ്പോസ്റ്റും, ജൈവകൃഷിരീതിയുമെല്ലാം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇവരുടെ പ്രദര്‍ശനം വേറിട്ടതായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.