പരാധീനതകളുടെ നടുവിലൂടെ തീര്‍ത്ഥാടകര്‍

Friday 28 November 2014 9:52 pm IST

എരുമേലി സെന്ററില്‍ കെഎസ്ആര്‍ടിസി പാര്‍ക്കിംഗ് അട്ടിമറിക്കുന്നു എരുമേലി: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കെഎസ്ആര്‍ടിസി ബസ്സുകള്‍ സെന്ററില്‍ ഒറ്റവരിയായി മാത്രം പാര്‍ക്ക് ചെയ്യണമെന്ന വകുപ്പ് മേധാവികളുടെ നിര്‍ദ്ദേശം ജീവനക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. എരുമേലി സെന്ററിലെ ദിനംപ്രതിയുള്ള യാത്രാ സര്‍വ്വീസുകള്‍ക്ക് പുറമേ മറ്റു സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് ബസ്സുകളാണ് എത്തുന്നത്. തീര്‍ത്ഥാടകരുമായി വരുന്ന ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനായി പഞ്ചായത്ത് സ്ഥലം എടുത്ത് നല്‍കിയിട്ടുണ്ടെങ്കിലും ചില ബസ്സുകള്‍ സെന്ററില്‍ തന്നെ ഇടുകയാണ് ചെയ്യുന്നത്. പേട്ടതുള്ളല്‍ പാതയില്‍ വണ്‍വേസംവിധാനം കൂടി ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. സര്‍വ്വീസ് നടത്തുന്നതും തകരാറിലായതും അടക്കം നിരവധി ബസ്സുകള്‍ സെന്ററില്‍ ഒറ്റവരിയായി പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ മുന്നില്‍ വീണ്ടും പാര്‍ക്ക് ചെയ്യാനാണ് ചില യൂണിയന്‍ നേതാക്കളുടെ ഒത്താശയില്‍ ജീവനക്കാര്‍ ശ്രമിക്കുന്നത്. കെസ്ആര്‍ടിസി ബസ്സുകള്‍ അലക്ഷ്യമായി കിടക്കുന്നതോടെ വണ്‍വേയടക്കമുള്ള വാഹനഗതാഗതം അട്ടിമറിക്കാനുള്ള രഹസ്യനീക്കമാണെന്നും പറയുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ഉന്നതാധികാരികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ മറ്റൊരു യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനവേളയില്‍ എരുമേലിയിലെത്തുന്ന കെഎസ്ആര്‍ടിസി അധികബസ്സുകള്‍ക്കായി പഞ്ചായത്ത് എടുത്ത് നല്‍കിയ സ്ഥലം പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നില്ലെന്നും പരാതികളുണ്ട്. എരുമേലി ടൗണിലെ പ്രധാന സമാന്തരപാതയായ ടി.ബി റോഡ്, ഓരുങ്കല്‍കടവ് കുറുവാമൂഴി റോഡ് വഴിയുള്ള ഗതാഗതവും കരിമ്പിന്‍തോട് കനകപ്പലം എരുമേലി റോഡുവഴിയുള്ള ഗതാഗതവും കേന്ദ്രീകരിക്കുന്ന കെഎസ്ആര്‍ടിസി ജംഗ്ഷനിലെ തിരക്ക് മിക്കപ്പോഴും നിയന്ത്രണാതീതമായിത്തീരുകയുംചെയ്യും. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ഉന്നതാധികാരികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കാനുള്ള ജീവനക്കാരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നും ഹിന്ദുഐക്യവേദി നേതാക്കളായ എസ്. മനോജ്, പി.പി വേണുഗോപാല്‍, ഹരികൃഷ്ണന്‍ കനകപ്പലം എന്നിവര്‍ പറഞ്ഞു. വൈദ്യുതി മുടക്കം പതിവാകുന്നു: തീര്‍ത്ഥാടകരും ജനങ്ങളും ദുരിതത്തില്‍ എരുമേലി: ശബരിമല തീര്‍ത്ഥാടനവേളയില്‍ എരുമേലിയടക്കമുള്ള കേന്ദ്രങ്ങളില്‍ ദിവസേന ഉണ്ടാകുന്ന വൈദ്യുതി മുടക്കം തീര്‍ത്ഥാടകരെയും ജനങ്ങളെയും കടുത്ത ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് പുറകുവശത്തുള്ള കാരിത്തോട് വാഴക്കാലാ കനകപ്പലം മേഖലകളില്‍ രാത്രിയില്‍ നിലച്ച വൈദ്യുതിബന്ധം പിറ്റേ ദിവസം രാവിലെയാണ് പുനസ്ഥാപിച്ചത്. സന്ധ്യകഴിഞ്ഞാല്‍ പലതവണയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം കച്ചവടക്കാരെയും കുളിക്കടവിലെ തീര്‍ത്ഥാടകരെയുമാണ് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. തീര്‍ത്ഥാടനവേളയിലെ വൈദ്യുതി മുടക്കത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് എരുമേലിയില്‍ വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്. എരുമേലി ടൗണിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകുന്ന വൈദ്യുതി മുടക്കം പോലീസ് സുരക്ഷാ സംവിധാനങ്ങളെയും അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. വെള്ളത്തില്‍ വീഴുന്ന തീര്‍ത്ഥാടകരെ രക്ഷപെടുത്താന്‍ ലൈഫ്ഗാര്‍ഡുകള്‍ക്ക് സുരക്ഷാസംവിധാനമില്ലെന്ന് എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കുളിക്കടവുകളില്‍അപകടത്തില്‍പെടുന്ന തീര്‍ത്ഥാടകരെ രക്ഷപെടുത്തുന്ന ലൈഫ്ഗാര്‍ഡുകള്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കിയില്ല. തീര്‍ത്ഥാടനമാരംഭിച്ച് രണ്ടാഴ്ചകഴിഞ്ഞിട്ടും ഗാര്‍ഡുകളെ നിയമിച്ചതല്ലാതെ മറ്റൊരും പഞ്ചായത്ത് അധികൃതര്‍ ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. എരുമേലി, കൊരട്ടി, ഓരുങ്കല്‍ കടവ്, കണമല, അഴുത കടവുകളിലായി ആറുപേരെ മാത്രമാണ് ലൈഫ് ഗാര്‍ഡുകളായി നിയമിച്ചിരിക്കുന്നത്. തുച്ഛമായ ശമ്പളമാണ് പഞ്ചായത്ത് നല്‍കുന്നതെന്നും വേതനതുക വര്‍ദ്ധിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗാര്‍ഡുകള്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ കുളിക്കടവുകളില്‍ രാവും പകലും രക്ഷാപ്രവര്‍ത്തനം നടത്തുന്ന ലൈഫ്ഗാര്‍ഡുകള്‍ക്ക് സുരക്ഷാ ജാക്കറ്റ് അടിയന്തിരമായി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.