ക്രൂഡോയില്‍ വില താഴേക്ക് ഇന്ധന വില വീണ്ടും കുറയും

Friday 28 November 2014 10:20 pm IST

ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 60 രൂപയിലെത്തിയേക്കും. ക്രൂഡോയിലിന്റെ രാജ്യാന്തരവില കുറയുകയാണെങ്കിലും ഉല്‍പ്പാദനം കുറയ്‌ക്കേണ്ടെന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കാന്‍ സാഹചര്യമൊരുങ്ങിയിരിക്കുന്നത്. ഒപെക് തീരുമാനത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ എണ്ണവില ബാരലിന് 72 ഡോളറിലേക്ക് ഇടിഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും അസംസ്‌കൃത എണ്ണവില ഇടിയുമെന്നാണ് കണക്കുകൂട്ടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ ബാരലിന് 60 ഡോളര്‍ വരെ കുറഞ്ഞേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയ്ക്ക് ആനുപാതികമായി ഇന്ധന വില കുറയ്ക്കാന്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തത്വത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിനകം പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്തിയേക്കുമെന്നാണ് സൂചനകള്‍. ബാരലിന് 60 ഡോളര്‍ എന്ന നിരക്കിലേക്ക് അന്താരാഷ്ട്ര വിപണി വില കുറയുകയാണെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 60 രൂപയിലെത്തും. നിലവില്‍ 64.25 രൂപയാണ് ദല്‍ഹിയിലെ പെട്രോള്‍ വില. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ നികുതി വര്‍ദ്ധിപ്പിച്ചതോടെ 67.50 രൂപയും. കേരളം ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലെ പെട്രോള്‍ വില ലിറ്ററിന് 60 ആകുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം. രാജ്യാന്തര വിപണിയിലെ എണ്ണവില വന്‍തോതില്‍ ഇടിയുന്നത് ഭാരതത്തിന്റെ സാമ്പത്തിക രംഗത്തിന് നവോന്‍മേഷം നല്‍കും. ആഭ്യന്തര ഇന്ധന ഉപഭോഗത്തിന്റെ മൂന്നില്‍ രണ്ടും ഇറക്കുമതി ചെയ്യുന്ന ഭാരതത്തിന് വില കുറയുന്നത് വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനും നാണ്യപ്പെരുപ്പത്തിന്റെ തോത് കുറയ്ക്കാനും സഹായകരമാകും. വ്യാപാരക്കമ്മിയും കറണ്ട് അക്കൗണ്ട് കമ്മിയും കുറയ്ക്കാനും ഇതു സഹായിക്കും. വിലക്കയറ്റം മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 5.52 ശതമാനത്തിലേക്ക് ഒക്‌ടോബറില്‍ എത്തിയിരുന്നു. മൊത്തവ്യാപാര വിലക്കയറ്റം അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.77 ശതമാനത്തിലുമാണിപ്പോഴുള്ളത്. ചരക്കു ഗതാഗത ചിലവുകള്‍ ഗണ്യമായി കുറയുന്നതാണ് വിലക്കയറ്റം നിയന്ത്രണത്തിലേക്കെത്താന്‍ കാരണമായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.