കൊല്ലം: കൊല്ലം ഉപജില്ലാസ്കൂള്‍ കലോത്സവം ഇന്ന് തുടങ്ങി ഡിസംബര്‍ മൂന്ന് വരെ സെന്റ് അലോഷ്യസ് എച്ച്എസ്എസില്‍ വച്ച് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 106 സ്കൂളുകളില്‍ നിന്ന് 2500 കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ആറ് വേദികളിലായാണ് മത്സരങ്ങള്‍. സെന്റ് അലോഷ്യസ് എച്ച്എസ്എസില്‍ അഞ്ച് വേദികളും, കര്‍ബല റാണി ബിഎഡ് സെന്ററില്‍ ഒന്നുമാണ് വേദികള്‍.
ബാന്റ് മേളം ഗവ.മോഡല്‍ ബോയ്സ് എച്ച്എസ് ഗ്രൗണ്ടില്‍ നടക്കും. ഇന്ന് രജിസ്ട്രേഷനും എല്‍പി വിഭാഗം മത്സരങ്ങളും നടക്കും. ഡിസംബര്‍ ഒന്നിന് രാവിലെ എട്ടിന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ടി.സുധാകരന് പതാക ഉയര്‍ത്തും. വാടി സെന്റ് ആന്റണീസ് യുപി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഘോഷയാത്ര ആരംഭിച്ച് കളക്ട്രേറ്റ്, ഹൈസ്കൂള്‍ ജംഗ്ഷന്, കോട്ടമുക്ക് വഴി കലോത്സവ വേദിയില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മേയര്‍ ഹണി ബഞ്ചമിന് ഉദ്ഘാടനം ചെയ്യും.
മൂന്നിന് നടക്കുന്ന സമാപനസമ്മേളനം എംഎല്‍എ പി.കെ.ഗുരുദാസന് ഉദ്ഘാടനം ചെയ്യും. മിനി ഹരികുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് ഹെഡ്മാസ്റ്റര്, പ്രിന്‍സിപ്പല്‍മാരുടെ യോഗം ഒന്നിന് രാവിലെ 10.30ന് സെന്റ് അലോഷ്യസ് എച്ച്എസ്എസില്‍ ചേരുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ എഇഒ ടി.സുധാകരന്, റോയി ആസ്റ്റിന്‍, സി.വി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: