കാക്കനാട്: റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷ ഡിസംബര്‍ ഒന്നിനു റേഷന്‍കടകളില്‍ ആരംഭിക്കും. കാര്‍ഡില്‍ ഗൃഹനാഥനു പകരം ഇനി ഗൃഹനാഥ എന്നായിരിക്കും രേഖപ്പെടുത്തുക. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയുടെ പേരായിരിക്കും ഗൃഹനാഥയായി റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തുക.
മുതിര്‍ന്ന അംഗം സ്ത്രീയായിരിക്കുകയും ഫോട്ടോയെടുപ്പിനു പങ്കെടുക്കാന്‍ കഴിയാത്തവിധം രോഗിണിയോ മറ്റോ ആണെങ്കില്‍ നിലവിലെ റേഷന്‍ കാര്‍ഡില്‍ പേരുള്‍പ്പെട്ടിട്ടുള്ള പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പേരു ഗൃഹനാഥയായി രേഖപ്പെടുത്തും.
പുരുഷന്മാര് മാത്രമുള്ള വീടാണെങ്കില്‍ പുരുഷന്റെ പേരു രേഖപ്പെടുത്താം. റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷകള്‍ അതതു താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നു റേഷന്‍കടകളില്‍ എത്തിക്കും.
റേഷന്‍ കടകളിലൂടെ ഡിസംബര്‍ ഒന്നുമുതല്‍ അപേക്ഷ വിതരണം തുടങ്ങി 16നു മുന്‍പു പൂര്‍ത്തീകരിക്കും. തുടര്‍ന്ന് 1500 റേഷന്‍ കാര്‍ഡുകള്‍ക്ക് ഒരു കേന്ദ്രമെന്ന നിലയില്‍ പ്രാദേശികമായി ഫോട്ടോയെടുപ്പു ക്യമ്പുകള്‍ സംഘടിപ്പിക്കും.
പൂരിപ്പിച്ച അപേക്ഷയും പഴയ റേഷന്‍ കാര്‍ഡുമായി ഗൃഹനാഥയോ ഗൃഹനാഥനോ ഫോട്ടോയെടുപ്പു കേന്ദ്രത്തില്‍ എത്തിച്ചേരണം. 17 ന് ആരംഭിക്കുന്ന ഫോട്ടോയെടുപ്പു 31നു പൂര്‍ത്തീകരിക്കണമെന്നാണു സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശം.
ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി പ്രവര്‍ത്തനം 2015 ഫെബ്രുവരി രണ്ടു മുതല്‍ മാര്‍ച്ച് പത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. പുതുക്കിയ കാര്‍ഡുകളെ സംബന്ധിച്ച സോഷ്യല്‍ ഓഡിറ്റ് ഏപ്രില്‍ ഒന്നിനും ഇരുപതിനും ഇടയില്‍ നടക്കും.
ഏപ്രില്‍ 21നു ശേഷം അന്തിമ മുന്‍ഗണന പട്ടിക പ്രസിദ്ധീകരിക്കലും അംഗീകരിക്കലും നടക്കും. 31നു മുന്‍പ് ഇതിന്റെ നടപടികള്‍ തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: