നൈജീരിയയില്‍ പള്ളിക്കു നേരെ ആക്രമണം: 120 പേര്‍ കൊല്ലപ്പെട്ടു, 270 പേര്‍ക്ക് പരിക്ക്

Saturday 29 November 2014 10:56 am IST

കാനോ: നൈജീരിയിയിലെ കാനോയിലെ ഗ്രാന്‍ഡ് മുസ്ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടു. 270 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മരണസംഖ്യ കൂടാനിടയുണ്ട്. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ വച്ചു കെട്ടിയ രണ്ട് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോക്കോ ഹറാം ഭീകരസംഘടനയാണ് സംഭവത്തിന് പുറകിലെന്ന് സംശയിക്കുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. കാനോയിലെ രാജാവ് മുഹമ്മദ് സാന്‍സുയി രണ്ടാമന്റെ കൊട്ടാരത്തോട് ചേര്‍ന്നുള്ള പള്ളിയിലാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞയാഴ്ച ബോക്കോ ഹറാം ഭീകരര്‍ക്കെതിരെ ആയുധമെടുത്ത് പോരാടാന്‍ മുഹമ്മദ് സാന്‍സുയി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വടക്കു കിഴക്കന്‍ നഗരമായ മെയ്ദുഗുരിയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണമായിരുന്നു ഇതും. ഇത്തവണ ചാവേര്‍ സ്വയം പെട്ടിത്തെറിച്ചതും രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ഒരു തോക്കുധാരി വെടിവച്ചു വീഴ്ത്തുകയും ചെയ്യുകയായിരുന്നെന്ന് ദേശീയ പോലീസ് വക്താവ് ഇമ്മാനുവല്‍ ഒജുകോവ പറഞ്ഞു. ഇത്തവണ ചാവേറായി വന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ചേവാറായി ആക്രമണത്തിന് എത്തുന്നത് സ്ത്രീകളാണ്. തോക്കുധാരിയെ സംബന്ധിച്ചും ശരിയായ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രോഷാകുലരായ ജനക്കൂട്ടം നാലു വെടിക്കാരെ കൊലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മുര്‍ത്താല മുഹമ്മദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഇതുവരെ 92 ജഡങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാരകമായി പൊള്ളലേറ്റ ജഡങ്ങള്‍ പുരുഷന്മാരുടെയും ആണ്‍കുട്ടികളെടെയുമാണ്. രാത്രി വൈകിയും മൃതദേഹം തിരിച്ചറിയാനുള്ള പരിശ്രമം ബന്ധുക്കള്‍ നടത്തിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് 120 പേര്‍ കൊല്ലപ്പെട്ടതായും 270 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനങ്ങളുടെയിടയില്‍ വന്‍ സ്വാധീനമുള്ള രാജാവ് ഇപ്പോള്‍ വിദേശത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.