വീരപഴശ്ശിപോരാട്ടവീര്യത്തിന്റെ പുരുഷാര്‍ത്ഥങ്ങള്‍

Saturday 29 November 2014 5:58 pm IST

ശ്രീപോര്‍ക്കലി കനിഞ്ഞേകിയ ചൈതന്യ- ഖഡ്ഗ്ഗവും തങ്കപ്പരിചയും കച്ചയും വീരപഞ്ചാസ്യ മുഖവൂമാ, നക്ഷത്ര- ദീപ നയനവും ചന്ദ്രതിലകവും സ്വര്‍ണ മണികളണിഞ്ഞ രുദ്രാക്ഷവും വര്‍ണം വിതറുന്ന വജ്രാംഗുലീയവും ആ രക്തചന്ദനച്ചാര്‍ത്തിനാല്‍ സന്ധ്യാഭ- ചേരുന്ന ദിവ്യപരിവേഷവും കാന്തിയും ക്ഷാത്രമാംപൊന്നുടലൊന്നതാം കേരള- സംസ്‌കാര ചൈതന്യ വീരപ്രഭാവവും ഒട്ടും മറന്നില്ല ഞങ്ങളിന്നും നെടും കോട്ടയം നാട്ടിലെ പഞ്ചാസ്യ വീരനെ... 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യം' എന്ന് പേര്‍പെറ്റ ബ്രിട്ടീഷുകാരന്റെ അധികാര ഹുങ്ക് ലോകത്തെയും പുണ്യപുരാതന സംസ്‌കൃതിക്ഷേത്രമായ ഭാരതത്തേയും വരിഞ്ഞു കെട്ടിയകാലം, കേരളത്തിന്റെ മണ്ണില്‍ മാപ്പിളയേയും നായരേയും കുറിച്ച്യ, കുറുമന്‍മാരെയും ഒരു കൊടിക്കീഴില്‍ നിറുത്തി. സ്വാതന്ത്ര്യ സമര പോരാട്ടത്തിനു തുടക്കം കുറിച്ച വീരകേരളവര്‍മ്മ പഴശ്ശിരാജാവിനെപ്പറ്റി മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയ വരികളാണ് മുകളില്‍ ചേര്‍ത്തത്. ചരിത്രത്തിന്റെ വിശുദ്ധ സൂക്ഷിപ്പുകള്‍ പോലെ പഴശ്ശിരാജാവിന്റെ ജീവിതവും സമരേതിഹാസങ്ങളും നമ്മെ പുളകിതരാക്കുന്നു. ''ഇംഗഌഷുകാരന്റെ അധികാരക്കൊതി എത്ര നീചമാണെങ്കിലും ഞാന്‍ പതറില്ല. മണത്തണയിലെ പുണ്യക്ഷേത്രത്തിലെ ദൈവങ്ങളെ നിന്ദിച്ച വൈദേശികന് ഞാന്‍ മറുപടി നല്‍കും.''എന്നു പ്രഖ്യാപിച്ച വീരപഴശ്ശിയുടെ പോരാട്ടങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയ ചരിത്ര സാക്ഷ്യങ്ങള്‍ ഏറെയുണ്ട്. പശ്ചിമഘട്ട മലനിരകള്‍ വിട്ട് വേറിട്ടൊരു കാഴ്ചയായ കണ്ണൂരിലെ പുരളിലെ, മുഴക്കുന്ന്, കണ്ണവം, മണത്തണ, ആറളം, താമരശ്ശേരി, വയനാട്ടിലെ പേരിയ, മാനന്തവാടി, പനമരം, പുല്‍പ്പളളി എന്നീ സ്ഥലങ്ങളൊക്കെ ചരിത്ര പ്രശസ്തമായത് പഴശ്ശിയുടെ ഒളിപ്പോര്‍ത്താവളങ്ങള്‍ എന്ന നിലയിലാണ്. 'കുറിയ താടി വെച്ച്, തലമുടി നീട്ടി വളര്‍ത്തിയ ഒരു ചെറിയ മനുഷ്യന്‍ ആയിരുന്നു പഴശ്ശിരാജാവ്. ചിലപ്പോള്‍ ഒരു ചുവന്ന തൊപ്പി ധരിച്ചിരുന്നു.' 'കെട്ട്യോട്ട് രാജ' യെന്നും 'പൈച്ചി രാജ' യെന്നും ചരിത്ര ലിഖിതങ്ങളില്‍ കാണുന്ന പഴശ്ശിയെ കുറിച്ച് ബ്രിട്ടീഷ് ഗവര്‍ണര്‍ ആയിരുന്ന ജൊനാഥന്‍ ഡങ്കന്റെ വിവരണമാണ് മുകളില്‍ കൊടുത്തത്. ഉളളൂരിന്റെ ഉമാകേരളത്തിലെ നായകന്‍ വീരപഴശ്ശിയുടെ മുന്‍ഗാമിയായ ഒരു കേരളവര്‍മ്മ രാജയാണെന്നാണ് ഐതിഹ്യം. പുരളിമലയിലെ ഹരിശ്ചന്ദ്രന്‍ കോട്ടയും പഴശ്ശിയുടെ പൂര്‍വ്വിക പരമ്പരയില്‍പ്പെട്ട ഒരു ഹരിശ്ചന്ദ്രന്‍ കോട്ടയുമായി ബന്ധപ്പെട്ടതാണ്. 1853 ഭാരത ഉപഭൂഖണ്ഡം ബ്രിട്ടീഷ് വാഴ്ചക്ക് കീഴില്‍ അമരുന്നതിന് മുന്‍പ്, ബംഗാളില്‍ അടിസ്ഥാനവര്‍ഗ്ഗം നടത്തിയ 'സന്യാസി വിപഌവം' 1857ല്‍ മഹാസഞ്ചലനമായിത്തീര്‍ന്നു. വയനാട്ടില്‍ പഴശ്ശി നടത്തിയ കലാപങ്ങള്‍ ഈ മഹാവിപഌവത്തിന്റെ പൂര്‍ണതയായിരുന്നു. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലിയുടെ ആക്രമണത്തെ ഭയന്ന് കോട്ടയം രാജാവും പഴശ്ശിയുടെ അമ്മാവനുമായ രവിവര്‍മ്മ നാടുവിട്ടുപോയപ്പോള്‍ ഹൈദരലിക്കെതിരെ യുവസഹജമായ ധീരതയോടെ പഴശ്ശി രംഗത്തെത്തി. കോട്ടയം രാജവംശത്തിന്റെ ആസ്ഥാനം മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രമായിരുന്നു. ഈ ക്ഷേത്രത്തിനടുത്താണ് പഴശ്ശിക്കോവിലകവും കോട്ടയം രാജാക്കന്മാര്‍ ആയുധ വിദ്യാഭ്യാസം നടത്തിയിരുന്ന പരശുരാമ പ്രതിഷ്ഠയുളള ധര്‍മ്മക്ഷേത്രക്കളരിയും സ്ഥിതിചെയ്യുന്നത്. പിണ്ഡാലിഹ നമ്പീശന്‍മാരാണ് ഈ കളരിയിലെ ഗുരുക്കന്‍മാര്‍. പഴശ്ശി- ഹൈദരലിയുദ്ധത്തില്‍ ഈസ്റ്റിന്ത്യാ കമ്പനി ആദ്യം നിഷ്പക്ഷത പാലിച്ചു. എന്നാല്‍, ഹൈദര്‍ ബ്രിട്ടീഷുകാരുടെ തലശ്ശേരി ക്യാമ്പ് ആക്രമിച്ചപ്പോള്‍ അവര്‍ പഴശ്ശിയെ സഹായിച്ചു. ഈ യുദ്ധത്തില്‍ കോട്ടയം ഹൈദരലിയുടെ ആധിപത്യത്തില്‍ നിന്ന് മോചിതമായി നാടുവിട്ട രവിവര്‍മ്മ തിരികെ വന്ന് കോട്ടയത്തിന്റെ ഭരണം ഏറ്റു. ഹൈദരലി മരണപ്പെട്ടപ്പോള്‍ ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി. ഇംഗഌഷുകാരുമായി കൈകോര്‍ത്തു. ഭാരിച്ച നികുതി കോട്ടയത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചു. ഇതോടെ സാധാരണക്കാരുടെ പക്ഷപാതിയായിരുന്ന പഴശ്ശി ബ്രിട്ടീഷ് നെറികേടിനെതിരെ സമരം തുടങ്ങി. രവിവര്‍മ്മ തിരുവിതാം കൂറിലേക്ക് പലായനം ചെയ്തു. 1799ഓടെ ടിപ്പു തലശേരിയിലെ ബ്രിട്ടീഷ് ക്യാമ്പ് ലക്ഷ്യം വെച്ചു. പഴശ്ശി, അപ്പോള്‍ ചില വ്യവസ്ഥകളോടെ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് കോട്ടയത്തെ ടിപ്പുവിന്റെ അധീനതയില്‍ നിന്നു മോചിപ്പിച്ചു. 1792 ല്‍ ആഗ്ലോ-മൈസൂര്‍ യുദ്ധം തീര്‍ന്നു വയനാടടക്കമുളള മലബാര്‍ പൂര്‍ണമായി വീണ്ടും ടിപ്പുവിന്റെ അധീനതയിലായി. തുടര്‍ന്ന്, പഴശ്ശിയായി കമ്പനിയുടെ ശത്രു. കുമ്പ്രനാട് രാജാവ് വീരവര്‍മ്മയെ കോട്ടയത്തിന്റെ കരം പിരിക്കാന്‍ കമ്പനി ഏല്‍പ്പിച്ചു. കരം നല്‍കാന്‍ പഴശ്ശി തയ്യാറായില്ല. കരം പിരുവുകാരായ അപ്പുകുട്ടി പ്രവര്‍ത്തിക്കാരന്‍, കുറ്റ്യാടി രാമന്‍, ആറാടി ചന്തു മുതലായവര്‍ക്ക് കരം നല്‍കരുതെന്ന് പഴശ്ശി എഴുതിയ വിളംബരരേഖ ഇപ്പോഴും അവശേഷിക്കുന്നു. കരംപിരിവു സംബന്ധമായ ബ്രിട്ടീഷ് ആക്രമണത്തെ നേരിടാന്‍ എടച്ചേന കുങ്കന്‍, കൈതേരി അമ്പു, കണ്ണോത്ത് നമ്പ്യാര്‍ തുടങ്ങിയവര്‍ കുറ്റ്യാടിചുരം ഉപരോധിച്ചിരുന്നു. അക്കാലം ഇംഗ്ലീഷ്‌സേന പഴശ്ശിക്കോവിലകം പൂര്‍ണമായും നശിപ്പിച്ചു ഇപ്പോള്‍ തലശ്ശേരി - കുര്‍ഗ് റോഡ് കടന്നു പോകുന്നത് ഈ കോവിലകം നിന്നിരുന്ന സ്ഥലത്തു കൂടിയാണ്. പഴശ്ശിക്കു സഹായമായി ഉണ്ണിമൂത്ത, അത്തന്‍ ഗുരുക്കള്‍ മുതലായ മുസ്ലിം ദേശാഭിമാനികള്‍ രംഗത്തു വന്നു. 1797 ല്‍ വയനാട്ടില്‍ ബ്രിട്ടീഷ്പടക്കെതിരെ തലക്കര ചന്തു (പൊതുവെ ജനങ്ങള്‍ക്കിടയില്‍ തലക്കല്‍ ചന്തു എന്നാണ് പറയപ്പെടുന്നതെങ്കിലും തലക്കര ചന്തു എന്നാണ് യഥാര്‍ത്ഥ പേര്) പൊരിഞ്ഞ പോരാട്ടം നടത്തി. പഴശ്ശിയിലെ ഇംഗ്ലീഷ് കാവല്‍പ്പടയെ ചന്തുവിന്റെ നേതൃത്വത്തിലുളള കുറിച്യ സേന തകര്‍ത്തു. പഴശ്ശിയുടെ ഗറില്ലാ ആക്രമണങ്ങള്‍ വെറും ഗറില്ലാ ആക്രമണങ്ങള്‍ ആയിരുന്നില്ല. അഭിമാനം ധ്വംസിക്കപ്പെട്ട തദ്ദേശീയ ജനതയുടെ മനുഷ്യാവകാശ സമരങ്ങളായിരുന്നു അത്. പഴശ്ശിക്കെതിരേ, സൈനിക നടപടികള്‍ക്കായി വയനാട്ടിലെത്തിയ ഗവര്‍ണര്‍ ഡങ്കന്‍, സൈനാധിപന്‍ സ്റ്റുവര്‍ട്ട് എന്നിവര്‍ 'കോല്‍ക്കാരന്‍മാര്‍' എന്നൊരു സേന രൂപീകരിച്ചു. തല്‍ക്കാലം പഴശ്ശിയുമായി സന്ധി ചെയ്ത് ടിപ്പുവിനെതിരേ ഇംഗഌഷുകാര്‍ മൈസൂരിലേക്കു നീങ്ങി. ഫ്രഞ്ച് വിപ്ലവശേഷം ഫ്രാന്‍സില്‍ അധികാരത്തിലെത്തിയ നെപ്പോളിയന്‍ ഇംഗ്ലണ്ടുമായി യുദ്ധത്തിലായിരുന്നു. ഇംഗ്ലീഷുവിരോധിയായ ടിപ്പു സുല്‍ത്താന്‍ നെപ്പോളിയനെ സഹായിക്കാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തില്‍ ഇംഗ്ലീഷ് സൈന്യാധിപന്‍ ഹാസിസിന്റെ നേതൃത്വത്തിലുളള സേന ടിപ്പുവിനെ വധിച്ചു. ടിപ്പു വധിക്കപ്പെട്ടതിനു ശേഷം, പഴശ്ശിയുടെ ഒളിദുര്‍ഗ്ഗമായിരുന്ന വയനാട് തമിഴ്‌നാടിനോടും കര്‍ണാടകയോടും ചേര്‍ത്തു വിഭജിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമം തുടങ്ങിയതോടെ പഴശ്ശിയും കമ്പനിയുമായി നേര്‍ക്കുനേര്‍ യുദ്ധമായി. 1801 ല്‍ ജനറല്‍ സ്റ്റീഫന്‍സ് മാനന്തവാടിക്കടുത്ത പേരിയയും മാടാക്കാരയും പിടിച്ചു. ഈ സമയം പയ്യാവൂര്‍ കടത്തനാട് ഭാഗങ്ങളില്‍ പഴശ്ശി ഒളിവിലായിരുന്നു. 1802ല്‍ പഴശ്ശി രംഗത്തു വന്നു. എടച്ചേന കുങ്കന്‍, തലക്കര ചന്തു എന്നിവരുടെ നേതൃത്വത്തിലുളള പനമരം ബ്രിട്ടീഷ് ക്യാമ്പാക്രമണം ലോകപ്രശസ്ത സംഭവമായിരുന്നു. ഇതോടെ 1803ല്‍ വയനാട്ടില്‍ പട്ടാള ഭരണം പ്രഖ്യാപിച്ചു. പഴശ്ശി, കുങ്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുവായിരത്തോളം ഒളിപ്പോരാളികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങി. പഴശ്ശിയും കുങ്കനും പുല്‍പ്പളളി സീതാദേവിക്ഷേത്രത്തില്‍ ക്യാമ്പ് ചെയ്തു. 1805ല്‍ തലശ്ശേരിയില്‍ നിന്നെത്തിയ ജനറല്‍ മക്‌ളോയിഡിന്റെ ശാസനപ്രകാരം പഴശ്ശിയുടെ തലക്ക് 3000 പഗോഡയും കുങ്കന്റെ തലക്ക് 1000 പഗോഡയും വിലയിട്ടു. മക്‌ളോയിഡ് പനമരത്തു താവളമടിച്ചു ഇപ്പോള്‍ പനമരം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് പഴശ്ശിക്കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് കുങ്കിച്ചിറ, കമ്പളക്കാട് എന്നിവിടങ്ങളിലും പഴശ്ശി താവളമടിച്ചിരുന്നു. 1805ല്‍ നെപ്പോളിയനെ ഉപരോധിച്ച മോണിംഗ്ടന്‍ വെല്ലസഌ, കണ്ണൂരില്‍ നിന്നെത്തിയ ടോറിയസ് എന്നിവര്‍ പഴശ്ശിക്കെതിരെ നീക്കം തുടങ്ങി. 1805ല്‍ നവംബര്‍ മാസത്തില്‍ കേണല്‍ഹില്‍, ബാബര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുന്നൂറ് പോലീസുകാര്‍ പഴശ്ശിയെ പിടികൂടാന്‍ പുല്‍പ്പളളി കാട്ടില്‍ പ്രവേശിച്ചു. ഇതിനിടെ പഴശ്ശി സൈന്യവുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായി പുല്‍പ്പളളി നിവാസികളെ കമ്പനിയുടെ അധീനതയില്‍ കൊണ്ടു വന്ന ബാബര്‍, പഴശ്ശിയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാന്‍ പണിയരെ നിയോഗിച്ചു. അനന്തര സംഭവങ്ങള്‍ ബ്രിട്ടീഷ് സബ്ബ് കലക്ടര്‍ ടി. എച്ച്. ബാബര്‍, മലബാര്‍ പ്രിന്‍സിപ്പള്‍ കലക്ടര്‍ തോമസ് വാര്‍ഡന്‍ എഴുതിയ കത്തില്‍ വിവരിക്കുന്നു. വിവരണത്തില്‍, പഴശ്ശിരാജയെ കലാപകാരി കേരളവര്‍മ്മ രാജയെന്നദ്ദേഹം വിശേഷിപ്പിക്കുന്നു. മൈസൂര്‍ അതിര്‍ത്തിയില്‍ കങ്കാറനദിക്കു സമീപം പഴശ്ശിയെ അന്വേഷിച്ച് ബാബര്‍ സംഘം എത്തിച്ചേര്‍ന്ന നദിയുടെ തീരത്ത് പഴശ്ശി സൈന്യം നിര്‍മ്മിച്ച കുടിലുകള്‍ കണ്ടു. പിന്നീട് ഒന്നരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ മൈസൂര്‍ പ്രദേശത്ത് ഇടതിങ്ങിയ പുല്‍ക്കാടുകളും തേക്കിന്‍ കാടും കണ്ടു. ക്യാപ്റ്റന്‍ വാട്‌സന്റെ സായുധ പോലീസിന്റെ സുബേദാറായ ചേരന്‍ മുന്നില്‍ പോകുന്ന സംഘത്തെ നയിച്ചു. ചേരന്‍ മാവിലാം തോടിന്റെ തീരത്ത് പത്തോളം ആളുകളെ ക്കണ്ടു. 30 പേരടങ്ങുന്ന ആറു സംഘത്തോട് അവിടെ കണ്ടവരെ ആക്രമിക്കാന്‍ ബാബര്‍ കല്‍പ്പനയിട്ടു. ചേരന്‍ ഒരു നിമിഷം കൊണ്ട് പറഞ്ഞതു പ്രവര്‍ത്തിച്ചു…പടവെട്ടി കുറഞ്ഞ സമയം കൊണ്ട് കലാപകാരികള്‍ കോല്‍ക്കാരുമായി ഏറ്റുമുട്ടി നിലത്തുവീണു. അപ്പോള്‍ അവിടെ വന്ന ഒരു പുതിയ സംഘം കലാപകാരികള്‍ കേല്‍ക്കാരന്മാരുമായി ഏറ്റുമുട്ടി, കുങ്കന്റെ സൈന്യമായിരുന്നു അത്. അവര്‍ക്ക് നേരെ കോല്‍ക്കാര്‍ വെടിയുതിര്‍ത്തപ്പോള്‍ സംഘം കാട്ടില്‍ ഓടിമറഞ്ഞു. ആദ്യം വീണ സംഘത്തില്‍ പഴശ്ശിരാജാവുണ്ടായിരുന്നു എന്ന് ബാബര്‍ കണ്ടെത്തിയിരുന്നു. പഴശ്ശിരാജാവിന്റെ നിഷ്‌ക്രമണം തടഞ്ഞു നിറുത്തിയത് കച്ചേരി ഉദ്യോഗസ്ഥന്‍ കണാരമേനോനായിരുന്നു. രാജാവ് തന്റെ കൈത്തോക്ക് കണാരമോനോന് നേരെ ചൂണ്ടി അടുത്തുവരരുത്,‘എന്നെതൊട്ടശുദ്ധമാക്കരുത്’എന്നു പറഞ്ഞിരുന്നു. പിന്നീട്…വയനാട്ടിലെ ഒരു പ്രവര്‍ത്തിക്കാരന്റെ സാമര്‍ത്ഥ്യത്താല്‍ രാജാവിന്റെ വിശ്വസ്താനുചരന്‍ ആറളത്ത് കടുപ്പനമ്പ്യാര്‍ നടത്തിയ പോരാട്ടവും പരാജയപ്പെട്ടു. നാല് അനുചരര്‍ക്കൂടി വധിക്കപ്പെട്ടു! രണ്ട് പേര്‍ തടവിലായി. രാജാവിന്റെ കെട്ടിലമ്മയേയും ദാസിമാരേയും ബാബര്‍ തടവിലാക്കി. ആകെ അവശേഷിച്ച സ്വര്‍ണ്ണ കഠാര ബാബര്‍ കൈവശംവച്ചു. രാജാവ് വധിക്കപ്പെട്ട പിറ്റേനാള്‍ ഒരു സുരക്ഷാസൈന്യത്തിന്റെ അകമ്പടിയോടെ ഒരു ശിരസ്താറുടെ കീഴില്‍ രാജാവിന്റെ ഭൗതികശരീരം മാനന്തവാടിയില്‍ കൊണ്ടുവന്ന് എല്ലാവിധ ആചാര മര്യാദകളോടും കൂടി സംസ്‌കരിച്ചു. സംഭവം നടന്ന, 1805 നവംബര്‍ 30 രാജാവിന്റെ അമ്മയുടെ ശ്രാദ്ധ ദിനമായിരുന്നു. ആ ദിവസം അദ്ദേഹം നിരായുധനായതുകൊണ്ട് മാത്രമാണ് ബ്രിട്ടീഷുകാരന്റെ ആയോമേധക്കും ആസൂത്രണകൗശലങ്ങള്‍ക്കും പഴശ്ശിയെ നിഷ്പ്രയാസം കീഴ്‌പ്പെടുത്താനായത്. ആര്‍ത്തലച്ചുവന്ന ബ്രിട്ടീഷ് സേനക്ക് മുമ്പില്‍ അടിമത്തത്തിന്റെ മ്ലേച്ഛതകള്‍ ഇറക്കിവെച്ച് അഭിജാതനെപ്പോലെ പോരാടിയ പഴശ്ശി രാജാവ് വജ്രമോതിരം വിഴുങ്ങി ആത്മഹത്യചെയ്തു എന്ന ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്. പഴശ്ശി കോവിലകത്തെ ഇപ്പോഴത്തെ അവകാശി പി. കെ. ശങ്കരവര്‍മ്മ രാജയാണ്. പഴശ്ശി രാജാവിന്റെ മരണം നടന്ന് നിരവധി തലമുറകള്‍ക്ക് ശേഷം കോവിലകത്ത് ഉണ്ടായ ഏക ആണ്‍തരിയാണ് ശങ്കരവര്‍മ്മ രാജ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.