പ്രബുദ്ധ കേരളത്തിന് 100

Saturday 29 November 2014 6:37 pm IST

കേരളം പ്രബുദ്ധമാണെന്ന് പറയാത്തവരില്ല. വായനയും എഴുത്തും പഠിപ്പും കേരളക്കാര്‍ക്ക് ഏറെയാണെന്നും പുറത്തുള്ളവര്‍ക്ക് മതിപ്പാണ്. എന്തും വായിക്കുന്ന കാലം മലയാളിക്കുണ്ടായിരുന്നു. അതിനെ പൈങ്കിളി വായനയെന്നു പരിഹസിച്ച ചരിത്രവുമുണ്ട്. ഇന്ന് വായന കുറയുന്നുവെന്നും മരിക്കുന്നുവെന്നും പരിതപിക്കുമ്പോള്‍ വായിപ്പിക്കാന്‍ വേണ്ടി ശ്ലീലവും അശ്ലീലവും മത്സരിക്കുമ്പോള്‍ വിസ്മയത്തിന്റെ ചരിത്രം രചിക്കുകയാണ് പ്രബുദ്ധ കേരളം. നൂറാം പിറന്നാളും കടന്ന് മുന്നോട്ടുപോവുകയാണ് ഈ പ്രസിദ്ധീകരണം. കേരളത്തെ പ്രബുദ്ധമാക്കുന്നതിന് വലിയ പങ്കു വഹിച്ചൂ, ഈ പ്രസിദ്ധീകരണം. നൂറ് വര്‍ഷം. ഒരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഇതു വളരെ വലുതാണ്. അതിന്റെ ഉള്ളടക്കംകൂടി കണക്കിലെടുക്കണം. തരത്തിനും തഞ്ചത്തിനുമൊത്ത് നയവും നിലപാടും മാറ്റുന്ന വാണിജ്യ പ്രസിദ്ധീകരണങ്ങളുടെ വഴിയിലല്ല പ്രബുദ്ധ കേരളം. നൂറു വര്‍ഷം തുടര്‍ച്ചയായി ഒരുലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുകയെന്നത് അസാധ്യമായ കാര്യം തന്നെ. അതും മലയാളത്തില്‍ ആദ്ധ്യാത്മികരംഗത്ത്. ഭൗതികതയുടെ പളപളപ്പും അതിനു വേണ്ടിയുള്ള സംഘടിത പ്രചാരവും ഒരുവശത്ത് പിടിച്ചു വലിക്കുമ്പോള്‍ ജനങ്ങള്‍ ലൗകികമായ വിഷയങ്ങളില്‍ കൂടുതല്‍ ആകൃഷ്ടരാകാന്‍ നിര്‍ബന്ധിതരാകുന്ന കാലത്ത് ഒരു ആദ്ധ്യാത്മിക മാസിക യാതൊരു ബുദ്ധിമുട്ടും കൂടാതെ നൂറുവര്‍ഷം ജീവിക്കുകയെന്നത് എടുത്തുപറയത്തക്കതുതന്നെയാണ്. മലയാളത്തില്‍ ആയിരക്കണക്കിനു പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പലതും ഇറങ്ങിയതും മുടങ്ങിയതുമറിഞ്ഞില്ല. ഈയാംപാറ്റയുടെ ജീവിതംപോലെ. പല പ്രസിദ്ധീകരണങ്ങളും പല കാരണങ്ങളാല്‍ ഇടയ്ക്ക് നിര്‍ത്തുകയും ചിലതു പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളും ഉള്ള പ്രസ്ഥാനങ്ങള്‍ക്കുപോലും അസാധ്യമായ ഒരു കാര്യമാണ് 'പ്രബുദ്ധകേരള'ത്തിന് കേരളത്തില്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതെന്നത് അഭിമാനത്തോടെ നിവര്‍ന്നുനിന്നുപറയാം. ഭാരതത്തിലെ ആദ്ധ്യാത്മിക നവോത്ഥാനത്തിന് കാരണഭൂതരായ ശ്രീരാമകൃഷ്ണപരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് കേരളത്തിലെത്തിയ രാമകൃഷ്ണാനന്ദ സ്വാമികളുടെ പ്രഭാഷണ പരമ്പരകള്‍ കേരളത്തിലെ ആദ്ധ്യാത്മിക രംഗത്തുണ്ടാക്കിയ ഉണര്‍വ് എടുത്തുപറയേണ്ടതുണ്ട്. തുടര്‍ന്ന് 1911 ല്‍ നിര്‍മലാനന്ദ സ്വാമികള്‍ കേരളത്തിലെത്തിയതോടുകൂടിയാണ് രാമകൃഷ്ണ മിഷന്റെ പ്രവര്‍ത്തനം സജീവമായത്. അദ്ദേഹം സംസ്ഥാനത്തങ്ങോളമിങ്ങോളം സഞ്ചരിച്ച് ശ്രീരാമകൃഷ്ണ ധര്‍മത്തെപ്പറ്റി നടത്തിയ പ്രവചനങ്ങളും, പ്രഭാഷണങ്ങളും ആയിരക്കണക്കിനാളുകളെ ഉദ്ബുദ്ധരാക്കുവാന്‍ ഇടയാക്കി. അങ്ങനെ കേരളത്തില്‍ നിരവധി ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഒരു പ്രസിദ്ധീകരണം ആരംഭിക്കണമെന്ന നിര്‍ദ്ദേശം ഉടലെടുത്തതോടുകൂടിയാണ് പ്രബുദ്ധ കേരളത്തിന് തുടക്കമാകുന്നത്. അങ്ങനെ സ്വാമിജിയുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ 1915 ഒക്‌ടോബര്‍ 17 നാണ് വിജയദശമി ദിനത്തില്‍ അതായത് കൊല്ലവര്‍ഷം 1122 ല്‍ പ്രബുദ്ധ കേരളം എന്ന ആദ്ധ്യാത്മിക മാസിക പിറന്നുവീഴുന്നത്. ഇതിനെക്കുറിച്ച് സ്വാമി സിദ്ധിനാഥാനന്ദ ഇങ്ങനെ പറയുന്നു: ''പുരാതന മഹര്‍ഷിമാര്‍ കണ്ടെത്തിയതും, രാമകൃഷ്ണ വിവേകാനന്ദന്മാര്‍ വീണ്ടെടുത്തതുമായ ആ സമദര്‍ശനത്തിന്റെ സന്ദേശവും വഹിച്ചുകൊണ്ട് പ്രബുദ്ധകേരളം നടന്നുവരുന്നു. അതിന്റെ മുന്‍ഗാമികളും പിന്‍ഗാമികളും പലരും കാലചംക്രമണത്തില്‍ മറഞ്ഞുപോയിട്ടും പ്രബുദ്ധകേരളം നടന്നുപോരുന്നതിന്റെ രഹസ്യമെന്താണ്? അത് വഹിക്കുന്ന സന്ദേശത്തിന്റെ സനാതനത്വം. സനാതന സത്യമാണ് അതിന്റെ ലക്ഷ്യം.'' മാത്രമല്ല, ''ശ്രീരാമകൃഷ്ണദേവന്റെ നാമധേയത്തെ കേരളം മുഴുവനും പ്രചാരം വരുത്തുന്നതിനും അദ്ദേഹത്തിന്റെ ദിവ്യശക്തി സ്വല്‍പ്പമായെങ്കിലും കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനും ഇതുമൂലം ഇടയാകുമെങ്കില്‍ ഈ മാസികയെ സംബന്ധിച്ചും പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളും സര്‍വദാ കൃതാര്‍ത്ഥരായി തീരുന്നതാകുന്നു. ഇതുതന്നെയാകുന്നു പ്രബുദ്ധ കേരളത്തിന്റെ മുഖ്യ ഉദ്ദേശ്യ''മെന്ന് പ്രസിദ്ധീകരണത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. തുടങ്ങി ഇപ്പോഴും തുടരുന്ന പ്രബുദ്ധ കേരളത്തിന് അതിന്റെ നിതാന്ത യാത്രയ്ക്കിടയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലേക്കും ആസ്ഥാനം മാറേണ്ടിവന്നിട്ടുണ്ട്. എങ്കിലും പ്രസിദ്ധീകരണ സ്ഥലങ്ങളിലെല്ലാം നിരവധി പേര്‍ പ്രബുദ്ധ കേരളത്തെ അഹമഹമിഹയാ സഹായിക്കുവാന്‍ മുന്നോട്ടുവന്നിരുന്നുവെന്നതുതന്നെ മാസികയുടെ പ്രാമാണ്യത്തിനു തെളിവാണ്. സഹൃദയരുടെയും എഴുത്തുകാരുടെയും ആയിരക്കണക്കിന് വായനക്കാരുടെയും ശുഭകാംക്ഷികളുടെയും നിതാന്ത പിന്തുണയാണ് ഈ പ്രസ്ഥാനത്തെ ഇന്നും ഇടതടവില്ലാതെ മുന്നോട്ടുപോകുവാന്‍ പ്രേരണയാകുന്നത്. 1915 ല്‍ കൊല്ലത്ത് എസ്.ടി. റെഡ്യാരുടെ പ്രസ്സില്‍ അച്ചടിച്ചു കൊണ്ടുവന്ന പ്രബുദ്ധ കേരളത്തിന് തുടക്കമായതെങ്കില്‍ 1918 ല്‍ പ്രസാധനം തിരുവനന്തപുരത്തേക്ക് മാറ്റി. തുടര്‍ന്ന് 1933 മുതല്‍ 35 വരെ ഒറ്റപ്പാലം ശ്രീരാമകൃഷ്ണ നിരഞ്ജനാശ്രമത്തില്‍നിന്നുമാണ് പ്രസിദ്ധീകരണം തുടര്‍ന്നത്. പിന്നീട് 1935 വീണ്ടും തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം തന്നെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തു. ഈ സമയത്ത് ആശ്രമാദ്ധ്യക്ഷനായിരുന്ന സ്വാമി തപസ്യാനന്ദയുടെ നേതൃത്വത്തില്‍ 1949 വരെ പ്രസിദ്ധീകരണം ശ്രദ്ധേയമായ രീതിയില്‍ നടന്നു. ഇതിനിടയില്‍ 'അമൃതവാണി' എന്ന പേരില്‍ ഒരു മാസിക ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശ പ്രചാരണാര്‍ത്ഥം ആഗമാനന്ദ സ്വാമികള്‍ കാലടി ശ്രീരാമകൃഷ്ണാദ്വൈതാശ്രമത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. അമൃതവാണി പിന്നീട് പ്രബുദ്ധകേരളത്തില്‍ ലയിപ്പിച്ച് കാലടി ആശ്രമത്തില്‍നിന്നും സ്വാമിജി സമാധിയാകുന്ന 1961 വരെ കാലടിയില്‍നിന്നും പ്രസിദ്ധീകരിച്ചുപോന്നു. രണ്ടുമാസികകളും ഏകീകരിച്ചതോടെ പ്രബുദ്ധ കേരളം ഏറെ പുഷ്ടിപ്പെട്ടു. അതിന്റെ സ്മരണയ്ക്കായാണ് ഇന്നും പ്രബുദ്ധ കേരളം അമൃതവാണികൊണ്ട് ആരംഭിക്കുന്നത്. 1963 ല്‍ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ പ്രസിദ്ധീകരണ വിഭാഗം ആരംഭിച്ചു. അതിനോടനുബന്ധിച്ച് ഒരു പ്രസ്സുകൂടി വാങ്ങിയതോടെ 1964 മുതല്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശവുമായി ഇടതടവില്ലാതെ പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിലെ വേദ-വേദാന്ത വൈജ്ഞാനിക സാഹിത്യരംഗത്ത് പ്രഗത്ഭരും പ്രശസ്തരുമായവരുടെ തൂലിക പ്രബുദ്ധ കേരളത്തിനുവേണ്ടി ചലിച്ചു. ആശ്രമത്തിലെ സ്വാമിമാരെ കൂടാതെ സ്വാമി ജ്ഞാനാനന്ദ സരസ്വതി, വിദ്യാനന്ദ തീര്‍ത്ഥപാദര്‍, പ്രൊഫ.കെ.പി. നാരായണ പിഷാരടി, പ്രൊഫ.പി.സി. വാസുദേവന്‍ ഇളയത്, കു.ജ. തമ്പാന്‍, എ. ശങ്കരശര്‍മ, പ്രൊഫ.ജി. ബാലകൃഷ്ണന്‍ നായര്‍, ഡോ.വി.എസ്. ശര്‍മ്മ, ജി. വിശ്വനാഥ ശര്‍മ്മ, വി. മുരളീധരമേനോന്‍, ടി.എന്‍.എന്‍. ഭട്ടതിരിപ്പാട്, തുളസി തീര്‍ത്ഥന്‍, ടി.എം.സി. ത്രിവിക്രമന്‍ നമ്പൂതിരിപ്പാട്, ഡോ.കെ. ഭാസ്‌കരന്‍ നായര്‍, ഡോ.പി.കെ. നാരായണപിള്ള, ഓട്ടൂര്‍, വൈശ്രവണത്ത്, പുത്തേഴത്ത് രാമന്‍ മേനോന്‍, എ. കരുണാകര മേനോന്‍, ബാലാമണിയമ്മ, കടത്തനാട്ട് മാധവിയമ്മ, ഡോ.എം. ലക്ഷ്മീ കുമാരി, പ്രൊഫ. സുലോചന ബി.നായര്‍, സിസ്റ്റര്‍ മേരി ബെനീഞ്ഞ, മുതുകുളം പാര്‍വതിയമ്മ എന്നിവര്‍ എഴുത്തുകാരില്‍ പ്രമുഖരാണ്. ഇതുകൂടാതെ കേരളത്തിലെയും ഭാരതത്തിലെയും നിരവധി സന്ന്യാസിവര്യന്മാര്‍ പ്രബുദ്ധ കേരളത്തിനുവേണ്ടി എഴുതി. ശ്രീരാമകൃഷ്ണ സംഘത്തിലെ സന്ന്യാസിമാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും പ്രബുദ്ധ കേരളം തന്നെ. തൃശൂരില്‍നിന്നും ഈശ്വരാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ ത്രൈലോക്യാനന്ദ സ്വാമികള്‍, ശക്രാനന്ദ സ്വാമികള്‍, സ്വാമി സിദ്ധിനാഥാനന്ദ, സ്വാമി മൃഡാനന്ദ എന്നിവരുടെ സഹകരണത്തോടെ ശ്രദ്ധേയമായ അഭിവൃദ്ധി മാസികയ്ക്കുണ്ടായി. സ്വാമി സിദ്ധിനാഥാനന്ദ, സ്വാമി സ്വപ്രഭാനന്ദ എന്നിവരുടെ പത്രാധിപത്യത്തിന്‍ കീഴില്‍ പ്രസിദ്ധീകരിച്ചതൊഴിച്ചാല്‍ മൂന്ന് പതിറ്റാണ്ടിലധികം സ്വാമി മൃഡാനന്ദ തന്നെയായിരുന്നു പ്രബുദ്ധകേരളത്തിന്റെ എല്ലാമെല്ലാം. 2007 ല്‍ തത്വമയാനന്ദ സ്വാമി കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറി പോയതിനുശേഷം ഇപ്പോള്‍ സദ്ഭവാനന്ദ സ്വാമിയാണ് മാസികയുടെ പത്രാധിപര്‍. സ്വാമി വ്യോമാതീതാനന്ദ, മാസികയുടെ മാനേജിംഗ് എഡിറ്ററും. വേദാന്താശയങ്ങളില്‍ അധിഷ്ഠിതമായ ധര്‍മപ്രചാരണം മൂലം മലയാളികള്‍ക്കിടയില്‍ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കാനും ഹിന്ദുസമൂഹത്തിലെ വിവിധ ധര്‍മവിരുദ്ധ പ്രവണതകളെ ഒരുവിധം ദൂരീകരിക്കുവാനും പ്രബുദ്ധ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. താന്‍ യാതൊരു ജാതിയുടെയോ മതത്തിന്റെയോ മറ്റു വിഭാഗത്തിന്റെയോ പ്രതിനിധിയല്ലെന്നുള്ള വിളംബരം പ്രഖ്യാപിച്ചത് 1916 ല്‍ ശ്രീനാരായണ ഗുരു പ്രബുദ്ധ കേരളത്തിലൂടെയാണ്. വിവേകാനന്ദ സാഹിത്യ സര്‍വസ്വം ഏഴു വാല്യങ്ങളിലായി ആദ്യമായി പ്രസിദ്ധീകരിച്ചത് ആശ്രമത്തിലൂടെയായിരുന്നു. യഥാര്‍ത്ഥ മതപ്രചാരണത്തിലൂടെ ഹിന്ദുക്കളെ തങ്ങളുടെ മതത്തെപ്പറ്റി അഭിമാനബോധമുള്ളവരാക്കുകയും ശക്തിയും ഐക്യവും അഭ്യുദയവും സ്ഥിതിചെയ്യുന്നത് സമുദായത്തിന്റെ ഘടകങ്ങളിലൂടെയാണെന്നാണ് ഹൈന്ദവ ജനതയെ ബോധ്യപ്പെടുത്തിയതും പ്രബുദ്ധ കേരളം തന്നെ. ആദ്ധ്യാത്മിക രംഗത്ത് നൂറുവര്‍ഷം പിന്നിടുന്ന കേരളത്തിലെ ഒരേയൊരു മാസിക പ്രബുദ്ധ കേരളമാണ്. ഇതിലൂടെ ജനങ്ങളുടെ മനസ്സില്‍ ആദ്ധ്യാത്മികതയോടൊപ്പം ഹൈന്ദവബോധവും ധര്‍മങ്ങളും എത്തിക്കുന്നതിലും ഈ മാസിക വഹിച്ച പങ്ക് ഏറെയാണ്. സ്വാമി വിവേകാനന്ദന്‍ ആരംഭിച്ച പ്രബുദ്ധ ഭാരതം, കൊല്‍ക്കത്ത അദ്വൈതാശ്രമത്തില്‍നിന്നും പ്രസിദ്ധീകരിക്കുന്ന വേദാന്ത കേസരി എന്നിവയാണ് നൂറുവര്‍ഷം പിന്നിട്ട മറ്റ് മാസികകള്‍. 2015 ല്‍ വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ആലോചനയുണ്ടെന്ന് സ്വാമി സദ്ഭവാനന്ദ പറയുന്നു. സംസ്ഥാനത്ത് ചില കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. സുവനീര്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നത്തെ പരിഭ്രാന്തവും പ്രശ്‌നസങ്കുലവുമായ ജീവിതത്തില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനം കണ്ടെത്തുവാന്‍ പ്രബുദ്ധ കേരളത്തിലെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെയും മനനത്തിലൂടെയും കഴിയുമെന്ന് സാധകരും ആദ്ധ്യാത്മിക പ്രവര്‍ത്തകരും വിശ്വസിക്കുന്നു. അതിനുള്ള കഴിവും കരുത്തും നല്‍കുന്ന കരങ്ങളാണ് പ്രബുദ്ധകേരളത്തിന് പിന്നിലുള്ളത്. ഇതിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മലാനന്ദ സ്വാമികള്‍ കുറിച്ച സന്ദേശം ഏറെ ശ്രദ്ധേയമാണ്. ''കേരളീയരെ കൃത്യബോധവും ആത്മവിശ്വാസവും സ്വപ്രത്യയസ്ഥൈര്യവും ഉള്ളവരാക്കുന്നതിനുവേണ്ടി സ്ഥിരമായും സാവധാനമായും നിരന്തരം പ്രവര്‍ത്തിച്ചുവരുന്ന ഈ പ്രബുദ്ധ കേരളം പ്രവൃദ്ധമായി ഓരോ കേരളീയന്റെയും ആത്മമിത്രമായി തീരുവാന്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണദേവന്റെ അനുഗ്രഹം സര്‍വദാ ഉണ്ടാകട്ടെ'' എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മഹാന്മാരുടെ പ്രാര്‍ത്ഥന ഒരിക്കലും വിഫലമാവുകയില്ലെന്നാണ് മാസിക ഒരുനൂറ്റാണ്ട് പിന്നിടുമ്പോള്‍ തെളിയിക്കുന്നത്. ഇനിയും നൂറ്റാണ്ടുകളോളം കേരളത്തിന്റെ ആദ്ധ്യാത്മിക നഭോമണ്ഡലത്തില്‍ വെട്ടിത്തിളങ്ങുന്ന വെള്ളിനക്ഷത്രമായി പ്രബുദ്ധകേരളം തിളങ്ങുവാന്‍ ശ്രീരാമകൃഷ്ണദേവന്റെ അനുഗ്രഹവും ഒപ്പമുണ്ടാകും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.