സ്വാശ്രയം: എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Tuesday 28 June 2011 5:25 pm IST

കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ കൊച്ചിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കണയനൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഓഫീസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തിയത്. താലൂക്ക് ഓഫീസിന് മുന്നില്‍ വച്ച് പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മഹാരാജാസ് കോളേജില്‍ നിന്നും ഒരു വിഭാഗം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിനു നേരെ രൂക്ഷമായ കല്ലേറ് നടത്തി. തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നീട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് പ്രവര്‍ത്തകര്‍ പിന്‍‌വാങ്ങിയതോടെയാണ് അര മണിക്കൂര്‍ നീണ്ട് നിന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത്. സംഘര്‍ഷത്തില്‍ ചില എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.