ഐസ്‌ക്രീം കേസ് : മുന്‍ അഡ്വ.ജനറല്‍ എം.കെ ദാമോദരനെ ചോദ്യം ചെയ്തു

Saturday 15 October 2011 4:41 pm IST

കൊച്ചി: ഐസ്‌ക്രീം കേസില്‍ മുന്‍ അഡ്വ.ജനറല്‍ എം.കെ ദാമോദരനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. റൌഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എറണാകുളം റസ്റ്റ് ഹൌസില്‍ വച്ച് കേസ് അന്വേഷണം നടത്തുന്ന കളമശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താനായി 32 ലക്ഷം രൂപ അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍ വാങ്ങിയെന്നായിരുന്നു റൌഫ് വെളിപ്പെടുത്തിയത്. കോഴിക്കോട് മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയിലും റൌഫ് ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. എം.കെ ദാമോദരന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് 67 കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നു. ഇത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 32 ലക്ഷം രൂപയാക്കി കുറച്ചിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ 15 ലക്ഷം രൂപ റൌഫ് തന്നെ നേരിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ബ്രാഞ്ചില്‍ അടച്ചതായും റൌഫ് വെളിപ്പെടുത്തിയിരുന്നു. ബാക്കി 17 ലക്ഷം രൂപ എം.കെ ദാമോദരന് നേരിട്ട നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു. ഇതിന് പകരമായി കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിയമോപദേശം എം.കെ ദാമോദരന്‍ നല്‍കി. കൂടാതെ കുഞ്ഞാലിക്കുട്ടിക്ക് സുപ്രീംകോടതിയില്‍ നല്‍കാനായി ഒരു സത്യവാങ്മൂലം തയാറാക്കി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.കെ ദാമോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.