കൃഷ്ണപിള്ള സ്മാരകം അവഗണനയില്‍; കോടികള്‍ പിരിച്ച് പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചു

Saturday 29 November 2014 9:38 pm IST

ആലപ്പുഴ: പി. കൃഷ്ണപിള്ളയുടെ പേരില്‍ കോടികള്‍ പിരിച്ച് ഓഫീസിനായി ബഹുനില മന്ദിരം ആലപ്പുഴയില്‍ പടുത്തുയര്‍ത്തിയ സിപിഎം നേതൃത്വം പാര്‍ട്ടി സ്ഥാപകാചാര്യന്‍ പാമ്പുകടിയേറ്റ് മരിച്ച സ്മാരക മന്ദിരം ചുറ്റുമതില്‍ പോലും കെട്ടി സംരക്ഷിക്കാതിരുന്നതില്‍ അണികളില്‍ അമര്‍ഷമുയരുന്നു. 1948ല്‍ 42-ാമത്തെ വയസില്‍ കൃഷ്ണപിള്ള ഒളിവു ജീവിതത്തിനിടെ പാമ്പു കടിയേറ്റു മരിച്ചത് മുഹമ്മ കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്തില്‍ വീട്ടിലാണ്. വീട്ടുടമസ്ഥരും അടുത്ത തലമുറയുമാണ് ഇവിടെ തുടര്‍ന്നു താമസിച്ചിരുന്നതെങ്കിലും വര്‍ഷങ്ങള്‍ മുമ്പ് പാര്‍ട്ടി വിലകൊടുത്തു വീടും അമ്പത് സെന്റോളം സ്ഥലവും വാങ്ങുകയായിരുന്നു. ഓലപ്പുര നവീകരിക്കുകയും ഇവിടെ കൃഷ്ണപിള്ളയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുകയും ചെയ്തതല്ലാതെ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാന്‍ പോലും സിപിഎം നേതൃത്വം തയാറായിട്ടില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിയിറങ്ങാമെന്ന സ്ഥിതിയാണിവിടെയുള്ളത്. ലൈബ്രറി, ഗവേഷണകേന്ദ്രം, സ്മാരകം എന്നിവ അവിടെ നിര്‍മ്മിക്കുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31ന് അക്രമം നടന്നതിനു ശേഷവും സ്മാരകം സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും പാര്‍ട്ടി സ്വീകരിക്കാത്തതില്‍ അണികള്‍ക്ക് അമര്‍ഷമുണ്ട്. കണ്ണര്‍കാട് ചെല്ലിക്കണ്ടത്ത് സ്മാരകം നിര്‍മ്മാണത്തിനായി പാര്‍ട്ടി ഫണ്ട് ശേഖരണം തുടങ്ങിയെങ്കിലും പിന്നീട് ആ പണം ഉള്‍പ്പെടെ ചെലവഴിച്ച് കൃഷ്ണപിള്ള സ്മാരകമെന്ന പേരില്‍ ആലപ്പുഴ നഗരത്തില്‍ കോടികള്‍ ചെലവഴിച്ച് ജില്ലാ കമ്മറ്റി ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു. എം.എ.ബേബി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുമ്പോഴായിരുന്നു നിര്‍മ്മാണം. റിസോര്‍ട്ട് മാതൃകയില്‍ കോടികള്‍ ചെലവഴിച്ച് കൃഷ്ണപിള്ളയുടെ പേരില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചതും അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ചെറ്റക്കുടിലില്‍ താമസിക്കുമ്പോള്‍ പാമ്പു കടിയേറ്റു മരിച്ച നേതാവിന്റെ പേരില്‍ കൊട്ടാരം നിര്‍മ്മിക്കുന്നുവെന്നായിരുന്നു ആക്ഷേപം. അന്ന് വിഎസ് പക്ഷമായിരുന്നു ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നതെങ്കില്‍ കൃഷ്ണപിള്ള അന്ത്യശ്വാസം വലിച്ച വീട് ഇപ്പോള്‍ കത്തിച്ചതും വിഎസ് അനുകൂലികളാണെന്നതും ശ്രദ്ധേയമാണ്. എല്ലാവര്‍ഷവും കൃഷ്ണപിള്ള ദിനം ആചരിക്കുമ്പോള്‍ മാത്രമാണ് പ്രമുഖ നേതാക്കള്‍ കണ്ണര്‍കാട്ടെ സ്മാരകത്തിലേക്ക് തിരിഞ്ഞു നോക്കാറുള്ളത്. കൃഷ്ണപിള്ള നേരിട്ട് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നുവെന്ന് അഭിമാനം കൊള്ളുന്ന വി.എസ്. അച്യുതാനന്ദന്‍, സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തവരെ ന്യായീകരിച്ച് രംഗത്തെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കി. അവസരം മുതലെടുത്ത് ഇത്തവണ പാര്‍ട്ടി സമ്മേളനത്തോടെ ജില്ലയില്‍ വിഎസ് പക്ഷത്തിന്റെ ചിറകരിയാനുള്ള നീക്കത്തിലാണ് ഔദ്യോഗിക പക്ഷം. വരും ദിവസങ്ങളില്‍ കൃഷ്ണപിള്ളയുടെ പേരിലായിരിക്കും പാര്‍ട്ടിയില്‍ വെട്ടിനിരത്തലും കമ്മറ്റി പിടിച്ചെടുക്കലുകളും അരങ്ങേറുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.