സ്വകാര്യ ബസുകളില്‍ ജിപിഎസ്; അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ നടപടി

Saturday 29 November 2014 10:29 pm IST

കൊച്ചി: സ്വകാര്യബസുകളുടെ സര്‍വീസ് മുടക്കല്‍ അടക്കമുള്ള ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷ സമതി യോഗത്തില്‍ തീരുമാനമായി. ട്രിപ്പ് മുടക്കുന്ന ബസുകളിലാണ് ആദ്യഘട്ടത്തില്‍ ഇവ സ്ഥാപിക്കുക. വഴിയോരങ്ങളില്‍ ഗതാഗതം തടസപ്പെടുത്തുന്ന വിധം ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി.ബുധനാഴ്ച മുതല്‍ ഇത്തരത്തില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചവര്‍ക്ക് നോട്ടീസ് നല്‍കിതുടങ്ങും. സ്വകാര്യബസുകള്‍ ട്രിപ്പുകള്‍ വ്യാപകമായി മുടക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ജിപിഎസ് സ്ഥാപിക്കാന്‍ തീരുമാനമായത്. സര്‍വീസ് മുടക്കുന്ന ബസുകളെ പിടികൂടി ജിപിഎസ് സംവിധാനം ഘടിപ്പിക്കും. മൂന്നുമാസം ഇവ ജില്ല കളക്ടറുടെ നിരീക്ഷണത്തിലായിരിക്കും. ഈസംവിധാനം സര്‍ക്കാര്‍ ചെലവില്‍ തന്നെ വാങ്ങാനാണ് തീരുമാനം. ട്രാഫിക് സിഗ്‌നലുകളിലും മറ്റും അനധികൃതമായി പരസ്യബോര്‍ഡുകളും ഹോര്‍ഡിങുകളും സ്ഥാപിക്കുന്നത് അപകടക്കെണിയൊരുക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇതിനെതിരെ നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. മറൈന്‍െ്രെഡവ് പയനീര്‍ ടവേഴ്‌സിലെ നീല്‍ ജൂഡാണ് പരാതിക്കാരന്‍. പരസ്യബോര്‍ഡുകളും മറ്റുമുള്ളത് വാഹനമോടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതിനാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നിശ്ചിത സമയത്തിനകം ബോര്‍ഡുകളും മറ്റും മാറ്റി സ്ഥാപിക്കാന്‍ നോട്ടീസ് നല്‍കും. ഇതിനകം ഇവ മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ അതു മാറ്റും. ഇതിനു ചെലവാകുന്ന തുക ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നീടാക്കാന്‍ റവന്യു റിക്കവറി പോലുള്ള നടപടികളും സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ റോഡുകളില്‍ സീബ്ര വരകള്‍, റിഫഌക്ടറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലം സംബന്ധിച്ച മൊത്തം കണക്ക് ഒരാഴ്ച്ചക്കകം സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. പട്ടിക ലഭിച്ച ശേഷം എല്ലായിടത്തും ഇവ സ്ഥാപിച്ചുവെന്നുറപ്പാക്കും. ഇതോടൊപ്പം നിലവില്‍ ഇവ സ്ഥാപിക്കേണ്ട വിവിധ ഏജന്‍സികള്‍ വീഴ്ച വരുത്തുന്ന പക്ഷം അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ഒരു മാസത്തിനകം ഇവ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിട്ടി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കും. അതിനകം പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ചെയ്ത് തുക ബന്ധപ്പെട്ട ഏജന്‍സിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്നും രാജമാണിക്യം അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് എടുക്കുന്നവര്‍ പ്രാഥമിക ശുശ്രൂഷയെക്കുറിച്ചുള്ള ഒരു ദിവസത്തെ ക്ലാസില്‍ പങ്കെടുക്കണമെന്നത് കര്‍ശനമാക്കും. കര്‍മ എന്ന സംഘടന നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ ഉപസമതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകും. വിവിധ മേഖലകളില്‍ നിന്നുള്ള പരാതികള്‍ പഠിക്കാന്‍ ബന്ധപ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരും പ്രദേശത്തെ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും അംഗങ്ങളായി സംയുക്തപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ആര്‍ടിഒ കെ.എം.ഷാജി, ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ നിസാമുദ്ദീന്‍, സാജന്‍, എന്‍എച്ച്എഐ ലെയ്‌സണ്‍ ഓഫീസര്‍ പി.കെ.നളന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ (ദേശീയപാത) എസ്.സതി, ഉപദേഷ്ടകന്‍ ജോര്‍ജ് ജോണ്‍, എം.വി.ഐ.മാരായ നൗഫല്‍, മനോജ്കുമാര്‍, എന്‍.എസ്.കിഷോര്‍കുമാര്‍, എ.എം.സിദ്ദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.