കേരള പ്രസ് അക്കാദമി ഇനി കേരള മീഡിയ അക്കാദമി

Saturday 29 November 2014 10:37 pm IST

കൊച്ചി പ്രസ് അക്കാദമി മീഡിയ അക്കാദമിയായി നാമകരണം ചെയ്ത ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ.സി.ജോസഫ്, കെ.വി.തോമസ് എംപി തുടങ്ങിയവര്‍ സമീപം

കൊച്ചി: കേരള പ്രസ് അക്കാദമി ഇനി കേരള മീഡിയ അക്കാദമി എന്നറിയപ്പെടും. 35 വര്‍ഷത്തെ പ്രസ് അക്കാദമിയുടെ ചരിത്രമാണ് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ മീഡിയ അക്കാദമിക്ക് വഴിമാറിയത്. അക്കാദമി രൂപീകരിച്ച കാലത്തില്‍ നിന്നും മാധ്യമരംഗത്തുണ്ടായ വന്‍മാറ്റമാണ് പുതിയ നാമകരണത്തിനു കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

അക്കാദമി മുന്‍ ചെയര്‍മാന്മാരായ കെ.മോഹനന്‍, എസ്.ആര്‍.ശക്തിധരന്‍, വി.പി.രാമചന്ദ്രന്‍, എന്‍.പി.രാജേന്ദ്രന്‍ എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. അക്കാദമിയുടെ 2013ലെ മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ കെ. ഹരികൃഷ്ണന്‍, ഡേവിസ് പൈനാടത്ത് , സി.ആര്‍.സന്തോഷ് , വിനോദ് പായം, റിജോ ജോസഫ്, എം.എസ്.ശ്രീകല എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരമേറ്റുവാങ്ങി.അക്കാദമി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.

എന്‍.പി.രാജേന്ദ്രന്‍ രചിച്ച ‘വേണം, മാധ്യമങ്ങള്‍ക്ക് മീതെയും ഒരു കണ്ണ്’, ഡോ. ടി.കെ.സന്തോഷ്‌കുമാര്‍ എഴുതിയ ‘മലയാള ടെലിവിഷന്‍ ചരിത്രം ‘, രഘുനാഥന്‍ പറളി എഡിറ്റ് ചെയ്ത ‘സി.പി.രാമചന്ദ്രന്‍: സംഭാഷണം, സ്മരണ ലേഖനം’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കെ.വി.തോമസ് എം.പി, ബെന്നി ബഹനാന്‍ എം.എല്‍.എ., പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, വാര്‍ഡ് കൗണ്‍സിലര്‍ ബിനി സുനില്‍കുമാര്‍, കേരള കൗമുദി മാനേജിംഗ് ഡയറക്ടര്‍ എം.എസ്.രവി, കെ.യു.ഡബ്ല്യു.ജെ. വൈസ് പ്രസിഡന്റ് ജി.വിജയകുമാര്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ബേബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.