യെദ്യൂരപ്പ കേസ് നിയമപരമായി നേരിടും - ബി.ജെ.പി

Saturday 15 October 2011 5:45 pm IST

ബംഗളുരു‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌ യെദ്യൂരപ്പ ഉള്‍പ്പെട്ട ഭൂമി കൈമാറ്റ കേസ് നിയമപരമായി നേരിടുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിയ നടപടി തികച്ചും സാങ്കേതികമാണ്. അതിനാല്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അഴിമതിക്ക് ബി.ജെ.പി എതിരാണ്. യെദ്യൂരപ്പ കുറ്റക്കാരനാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി. രാവിലെ യെദ്യൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലോകായുക്ത കോടതി തള്ളുകയും അറസ്റ്റു വാറണ്ട്‌ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയില്‍ ഹാജരായ യെദ്യൂരപ്പയെ ഒക്ടോബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം യെദ്യൂരപ്പയുടെ മക്കളായ ബി.വൈ.രാഘവേന്ദ്ര, ബി.വൈ.വിജയേന്ദ്ര, മരുമകന്‍ സോഹന്‍ കുമാര്‍ എന്നിവര്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ആരോപണവിധേയനായ ബി.ജെ.പി എം.എല്‍.എ ഹേമചന്ദ്ര സാഗറിനും കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണം, തെളിവ്‌ നശിപ്പിക്കാന്‍ ശ്രമിക്കരുത്‌, രാജ്യം വിടരുത്‌ എന്നീ ഉപാധികളുടെ അടിസ്ഥാനത്തിലാണ്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്‌. അടച്ചിട്ട കോടതി മുറിക്കുള്ളിലായിരുന്നു കേസിന്റെ നടപടിക്രമങ്ങള്‍. വിധി പറയുന്ന സമയത്ത്‌ യെദ്യൂരപ്പ കോടതിയില്‍ ഹാജരായിരുന്നില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്‌. ബംഗളുരു സൗത്ത്‌ താലൂക്കിലെ രഞ്ജന്‍ഹള്ളിയില്‍ ബാംഗ്ലൂര്‍ ഡവലപ്‌മെന്റ്‌ അതോറിറ്റിയുടെ സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം യെദ്യൂരപ്പ റദ്ദാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.