കൊടുങ്ങല്ലൂരില്‍ മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ ധൂര്‍ത്തിന് കളമൊരുങ്ങുന്നു

Saturday 29 November 2014 11:03 pm IST

കൊടുങ്ങല്ലൂര്‍: കടമെടുത്ത തുകക്ക് പലിശയടക്കാന്‍ പോലും കഴിയാത്ത നഗരസഭയില്‍ മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ധൂര്‍ത്തിനു കളമൊരുങ്ങുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാപ്പാറയിലെ മാലിന്യ സംസ്‌കരണപ്ലാന്റില്‍ അടിസ്ഥാന സൗകര്യമൊരുക്കുവാന്‍ ഏതാനും ലക്ഷങ്ങള്‍ മുടക്കാന്‍ മടിച്ചവര്‍ ഇപ്പോള്‍ പുതിയ പദ്ധതിക്കായി കോടികള്‍ ചെലവഴിക്കാനൊരുങ്ങുകയാണ്. മാലിന്യപ്ലാന്റ് നടത്തിപ്പുകാരനുമായുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ നഗരസഭ പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പ്ലാന്റ് പ്രവര്‍ത്തനം നിലച്ചത്. പ്ലാന്റില്‍ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ദ്രവഇന്ധനം ഉത്പാദിപ്പിക്കുവാനും നേരത്തെ പദ്ധതി ഉണ്ടായിരുന്നു. നഗരസഭ അധികൃതരുടെ പിടിവാശിമൂലമാണ് ഇതൊന്നും നടക്കാതെ പോയത്. മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഇപ്പോള്‍ നഗരസഭയിലെമ്പാടും എയറോബിക്‌സുകള്‍ സ്ഥാപിക്കുവാന്‍ നീക്കം നടക്കുന്നുണ്ട്. തുമ്പൂര്‍മൂഴി മോഡല്‍ പദ്ധതി വിജയകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ 270 എയറോബിക് ബിന്നുകളെങ്കിലും സ്ഥാപിക്കേണ്ടിവരും. ഒരു എയറോബിക് ബിന്നിന് പതിനായിരം രൂപയാണ് നഗരസഭ വിലമതിക്കുന്നത്. ഈ കണക്കുപ്രകാരം മൂന്നുകോടിയോളം രൂപയാണ് ചിലവിടേണ്ടിവരുക. ഇത് വന്‍ അഴിമതിക്കുള്ള കളമൊരുക്കുമെന്നും ആരോപണമുണ്ട്. കേവലം 5000 രൂപയോളം മാത്രം ചിലവഴിച്ചാല്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച തരം ബിന്‍ ഉണ്ടാക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ തുക വിനിയോഗിച്ചാല്‍ പോലും നഗരസഭയുടെ കടബാധ്യത ഏറെ വര്‍ദ്ധിക്കാനാണ് സാധ്യത. ഇത്തരത്തില്‍ അധിക ബാധ്യത വരുത്തിവെക്കുന്നത് നഗരഭരണക്കാരുടെ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കുവാനാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ടി.ബി.സജീവന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ആവശ്യപ്പെട്ടു. എ.ആര്‍.ശ്രീകുമാര്‍, കെ.പി.ഉണ്ണികൃഷ്ണന്‍, കെ.ആര്‍.വിദ്യാസാഗര്‍, ഇറ്റിത്തറ സന്തോഷ്, എം.ജി.പ്രശാന്ത്‌ലാല്‍, അഡ്വ. ഡി.ടി.വെങ്കിടേശ്വരന്‍, കെ.എ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.