അതിരില്ലാതെ ഈ സൗഹൃദം

Saturday 6 December 2014 10:00 am IST

ഗ്രാന്റ് സര്‍ക്കസ്സിലെ ആത്മസുഹൃത്തുക്കളായ ഗജ എന്ന കുതിരയും രാജു എന്ന ഒട്ടകവും

തൃശൂര്‍: അജ്മീറിലെ മരുഭൂമിക്ക് വിടനല്‍കി സര്‍ക്കസ് കൂടാരത്തിലെത്തിയ ഒട്ടകത്തിന് കൂട്ട് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ നിന്നുമെത്തിയ കുതിര. തൃശ്ശൂരില്‍ നടക്കുന്ന ഗ്രാന്റ് സര്‍ക്കസിലാണ് ഗജ എന്ന കുതിരയുടെയും രാജു എന്ന ഒട്ടകത്തിന്റെയും അപൂര്‍വ്വ സൗഹൃദം. പൊതുവെ അകലം പാലിക്കുന്ന രണ്ട് മൃഗങ്ങളുടെ ചങ്ങാത്തം സര്‍ക്കസ് കലാകാരന്‍മാരിലും കൗതുകമുണര്‍ത്തുന്നു. ‘അതിര്‍ത്തിയിലെ വെടിയുണ്ടകള്‍’ അലോസരപ്പെടുത്താത്ത സൗഹൃദം നാല് വര്‍ഷം പിന്നിടുകയാണ്.

ഏതാണ്ട് ഒരേ സമയത്താണ് ഗജയും രാജുവും ഗ്രാന്റ് സര്‍ക്കസിലെത്തുന്നത്. അന്നുമുതല്‍ ഇവര്‍ ഒരുമിച്ചാണെന്ന് മാനേജര്‍ ഹനീഫ് പറയുന്നു. ഭക്ഷണത്തിലും ഉറക്കത്തിലും ഈ കൂട്ട് കാണാം. മറ്റ് ആറോളം കുതിരകള്‍ ഇവിടെയുണ്ടെങ്കിലും ഗജയുടെ ചങ്ങാത്തം രാജുവുമായിട്ടാണ്. നേരത്തെ നാലോളം ഒട്ടകങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ രാജുവും ഇങ്ങനെ തന്നെ. പ്രകടനത്തിലും ഇവര്‍ മുന്നിലാണ്.

ഹൈദരാബാദിലെ ബാഷാ ഖാന്‍ ആണ് ഇരുവരെയും പരിശീലിപ്പിക്കുന്നത്. ശക്തന്‍ സ്റ്റാന്റില്‍ ഡിസംബര്‍ ഏഴ് വരെയാണ് പ്രദര്‍ശനം. മംഗോളിയന്‍, മണിപ്പൂരി കലാകാരന്‍മാരുടെയും സപ്തമ.ശ്രീ.തസ്‌കര എന്ന സിനിമയില്‍ അഭിനയിച്ച കലാകാരി ഭാഗിയുടെയും പ്രകടനങ്ങളാണ് സര്‍ക്കസിലെ പ്രധാന ആകര്‍ഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.