കച്ചേരിക്കടവില്‍ പാലം യാഥാര്‍ത്ഥ്യമാകുന്നു

Saturday 29 November 2014 11:04 pm IST

പുതുക്കാട്: രണ്ടു പതിറ്റാണ്ടിലേറെയായുള്ള നാട്ടുകാരുടെ സ്വപ്നമായ കച്ചേരിക്കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നു. വരന്തരപ്പിള്ളി പൗണ്ടിനേയും മുപ്ലിയം വെള്ളാരം പാടത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ് പാലം കുറുമാലി പുഴയിലാണ് നിര്‍മ്മിക്കുന്നത്. 2009ല്‍ അഞ്ച് കോടി രൂപയോളം ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമതടസ്സങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. പുഴയുടെ ഒരു ഭാഗം റവന്യൂ ഭൂമിയും മറുഭാഗം വനംവകുപ്പിന്റെ അധീനതയിലുമാണ്. വനംവകുപ്പില്‍ നിന്നും ഭൂമി വിട്ടുകിട്ടാത്തതായിരുന്നു നിര്‍മാണത്തിനു നേരിട്ടിരുന്ന പ്രധാന തടസ്സം. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വികസനസമിതി സെക്രട്ടറി പള്ളത്ത് ബാലന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമതടസ്സങ്ങള്‍ നീക്കി വനംവകുപ്പ് ഭൂമി വിട്ടുകൊടുക്കാമെന്ന ധാരണയിലെത്തിയത്. പൊതുമരാമത്ത് വകുപ്പാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായി വരുന്നത് 70 സെന്റ് ഭൂമിയാണ്. ഈ ഭൂമി വിട്ടുനല്‍കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 3.70 രൂപ വനംവകുപ്പിലേക്ക് അടക്കേണ്ടതുണ്ട്. തുക അടച്ചുകഴിഞ്ഞാല്‍ ഭൂമിയില്‍ നില്‍ക്കുന്ന തേക്ക് മരങ്ങള്‍ മുറിച്ചുമാറ്റി ഭൂമി വനംവകുപ്പ് വിട്ടുനല്‍കും. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇഞ്ചക്കുണ്ട് കോടാലി, കല്‍ക്കുഴി, മുപ്ലിയം, ചെമ്പുച്ചിറ, നൂലുവള്ളി തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് വേലൂപ്പാടം ചിമ്മിനിഡാം പ്രദേശത്തേക്ക് എത്തിച്ചേരാന്‍ എളുപ്പമാര്‍ഗ്ഗമായി മാറും. കൂടാതെ ടൂറിസം മേഖലയായ അതിരപ്പിള്ളിയേയും ചിമ്മിനി ഡാമിനേയും തമ്മില്‍ ബന്ധിപ്പിക്കുവാനും പാലം ഉപകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.