ആപ്പിള്‍ മാന്ത്രികന്‍-ഒരു ഹൈന്ദവ പരിപ്രേക്ഷ്യം

Saturday 15 October 2011 10:42 pm IST

വിനീതയായ ആപ്പിള്‍ ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയുടെ ഗതി എന്തായേനെ? ആദാമിനു ഹവ്വ ഒരു മാധുര്യമേറിയ വിളഞ്ഞ ആപ്പിള്‍ വെച്ചുനീട്ടുകയും അങ്ങനെ അവനെ ആദിപാപം ചെയ്യാനായി വശീകരിക്കയും ചെയ്തു. ആപ്പിളിന്റെ അഭാവത്തില്‍ ഭൂമി ഒരു വിജനഗ്രഹമായി പരിണമിച്ചു പോയേനെ. മറ്റു ഗ്രഹങ്ങളുടെ മാതിരി. വിളഞ്ഞു മൂത്തുപഴുത്ത ഒരു ആപ്പിള്‍, ഒരു അലസ കേംബ്രിജ്‌ അപരാഹ്നത്തില്‍, ന്യൂട്ടന്റെ തലയില്‍ ആഞ്ഞു പതിച്ചതിന്റെ പരിണിതഫലമായാണ്‌ ഭൂഗുരുത്വാകര്‍ഷണ തത്വത്തിലേക്ക്‌ ശാസ്ത്രലോകം എടുത്തെറിയപ്പെട്ടത്‌. പിന്നെ, സ്റ്റീവ്‌ ജോബ്സിന്റെ വര്‍ണാഭമായ ആപ്പിള്‍ പൂത്ത്‌ കായ്ച്ച്‌ ടെക്നോളജിയുടെ വരവറിയിച്ചു. ഇപ്പോള്‍ സ്റ്റീവ്‌ ലോഗ്‌ ഔട്ട്‌ ചെയ്തിരിക്കുന്നു. സാധാരണയായി കരുതപ്പെടുന്നപോലെ സ്റ്റീവ്‌ അയാളുടെ ജീവിതത്തിലൊരിക്കലും ഒരു കമ്പ്യൂട്ടറോ മറ്റേതെങ്കിലും ഉല്‍പ്പന്നമോ ഡിസൈന്‍ ചെയ്യുകയുണ്ടായിട്ടില്ല. അയാള്‍ ആശയങ്ങള്‍ക്കു രൂപം കൊടുത്തു. പിന്നെ അവയെ കൊച്ചു യന്ത്രങ്ങളായി രൂപമാറ്റം നല്‍കി. വ്യാഴാഴ്ച രാവിലെ വിങ്ങിപ്പൊട്ടുന്ന ഒരു ആരാധകന്‍ ട്വീറ്റു ചെയ്ത മാതിരി, "ജോബ്സ്‌ ഒരു കലാകാരനായിരുന്നു. അയാള്‍ നിന്റെ ഷൂസില്‍ കയറി നിന്നു. നിന്റെ കണ്ണിലൂടെ ലോകത്തെ നോക്കിക്കണ്ടു. പിന്നെ നീ ആശിച്ചത്‌ നിനക്കു നല്‍കി. അതാണ്‌ അയാളുടെ മന്ത്രവാദം." ടെക്നോളജിയുടെ കാട്ടുമാടം നമ്പൂതിരിയായിരുന്നു സ്റ്റീവ്‌. മുന്‍പാരും സങ്കല്‍പ്പിക്കാന്‍പോലും ധൈര്യപ്പെടാത്ത രീതിയില്‍, അയാള്‍ ആളുകളേയും ആള്‍ക്കൂട്ടങ്ങളേയും ലോകത്തേയും തമ്മില്‍ തമ്മില്‍ കണ്ണി ചേര്‍ത്തു. പേഴ്സണല്‍ കമ്പ്യൂട്ടറിനെ ജനകീയമാക്കിയത്‌ ബില്‍ ഗേറ്റ്സും അയാളുടെ മൈക്രോസോഫ്റ്റുമായിരിക്കാം. പക്ഷേ, ആപ്പിളിന്റെ വീര്യവും തന്റേടവും ബില്ലിന്റെ മെഷീനുകള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും അന്യമായിരുന്നു. ചന്തയില്‍, ആദ്യത്തെ പിസി ഇറക്കിയതിന്റെ ക്രെഡിറ്റ്‌ സ്റ്റീവിനും വോസ്നിക്കിനും പോകുന്നു. അവരാണ്‌ മക്കിന്തോഷിലൂടെ പുതിയ ട്രെന്‍ഡിനു തുടക്കമിട്ടത്‌. മൈക്രോസോഫ്റ്റ്‌ അതിനെ പിന്തുടര്‍ന്നു. സ്റ്റീവിനു ഇതേക്കുറിച്ച്‌ എന്നും അവബോധമുണ്ടായിരുന്നു. ഒരിക്കല്‍ അയാള്‍ തിരിച്ചടിച്ചു, "ബില്‍ ഗേറ്റ്സിന്‌ എന്റെ ആശംസകള്‍. ഞാന്‍ ആകെ ആശംസിക്കുന്നത്‌, ജീവിതത്തില്‍ ഒരിക്കലെങ്കിലും അയാള്‍ക്ക്‌ ഒരു ആശ്രമത്തില്‍ കുറെ സമയം ചെലവഴിക്കാനാകട്ടെ എന്നുമാത്രം." ഇന്ത്യന്‍ മിസ്റ്റിസിസത്തില്‍ സ്റ്റീവ്‌ മുഴുകിയ കാലത്താണ്‌ അയാള്‍ക്ക്‌ സൂക്ഷ്മമായ സൗന്ദര്യബോധം മനോഗതമായത്‌. മിക്ബുക്സ്‌, മാക്‍എയര്‍, ഐപോഡ്‌, ഐഫോണ്‍, ഐപാഡ്‌ തുടങ്ങിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ മുഗ്ദ്ധ പ്രസാദത്തിന്റെ സ്രോതസ്‌ ഇന്ത്യന്‍ മിസ്റ്റിസിസമാകുന്നു. പക്ഷേ, ഇന്ത്യയെയോ ഇന്ത്യക്കാരെയോ സ്റ്റീവിന്‌ പഥ്യമായിരുന്നില്ല. കോളേജില്‍നിന്നും പാതി വഴിയില്‍ പഠനം നിര്‍ത്തി റോഡിലേക്കിറങ്ങിയ സ്റ്റീവ്‌ കുറച്ചുനാള്‍ കൊക്കോകോളയുടെ കുടിച്ചുപേക്ഷിക്കപ്പെട്ട കുപ്പികള്‍ പെറുക്കി ഒന്നിനു അഞ്ചു സെന്റ്‌ പ്രകാരം വിറ്റു വരുമാനമുണ്ടാക്കി. ഞായര്‍ രാത്രികളില്‍-ജീവചരിത്രത്തില്‍ പറയുന്ന മാതിരി- "ടൗണിലൂടെ ഞാന്‍ ഏഴുമെയിലുകള്‍ താണ്ടി ഹരേകൃഷ്ണ ക്ഷേത്രത്തില്‍ പോകും. ആഴ്ചയില്‍ ഒരു നേരം നല്ല ഭക്ഷണം കിട്ടാന്‍. ഞാന്‍ അതിനെ പ്രേമിച്ചിരുന്നു." 1970 കളില്‍ അനേകം അമേരിക്കന്‍ യുവതീയുവാക്കള്‍ ഉലഞ്ഞ ഉടയാടകളും നീണ്ട തലമുടിയുമായി മോക്ഷം തേടി ഇന്ത്യയിലെത്തിയിരുന്നു. സ്റ്റീവും സുഹൃത്ത്‌ കോട്കെയും അങ്ങനെ ഇന്ത്യയിലെത്തി. അക്കാലത്ത്‌ യുവജനങ്ങളുടെ ഹരമായിരുന്ന ബീറ്റില്‍സ്‌ ഗായകസംഘം കുടുംബസമേതം ഋഷികേശിലെ മഹര്‍ഷി മഹേഷ്‌യോഗിയുടെ ആശ്രമത്തിലെത്തിയ വിവരമറിഞ്ഞാണ്‌ അമേരിക്കയില്‍നിന്നും മറ്റു പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും യുവതീയുവാക്കള്‍ ഇന്ത്യന്‍ ആത്മീയത തേടി ഇവിടെ വിമാനമിറങ്ങിത്തുടങ്ങിയത്‌. അക്കാഡമി അവാര്‍ഡ്‌ ജേതാവായ ഹോളിവുഡ്‌ നടി ജൂലിയാ റോബര്‍ട്സ്‌, ഹ്യൂമാനിറ്റേറിയന്‍ ലാരി ബ്രില്യന്റ്‌ തുടങ്ങിയ പ്രസിദ്ധരുടെ ഗുരു നീം കരോരി ബാബാ ന്യൂമെക്സിക്കോയില്‍ ആശ്രമവും തുടങ്ങിയിരുന്നു. ഹനുമാന്‍ ഭക്തനായിരുന്ന കരോരിബാബയില്‍നിന്നു ദീക്ഷ വാങ്ങാനാണ്‌ സ്റ്റീവും സുഹൃത്തും 1973 ല്‍ ഇന്ത്യയിലെത്തുന്നത്‌. പക്ഷേ, അവര്‍ എത്തുന്നതിനു തൊട്ടുമുന്‍പ്‌ 1973 സപ്തംബര്‍ 11 ന്‌ ബാബ ഭൂലോകവാസം വെടിഞ്ഞു. അതുകഴിഞ്ഞു എന്തു സംഭവിച്ചു എന്നറിഞ്ഞുകൂടാ. നല്ല ഓര്‍മകളുമായല്ല സ്റ്റീവ്‌ ഇന്ത്യയില്‍നിന്നു മടങ്ങിയത്‌. പിന്നെ അയാള്‍ ഇന്ത്യയെ അവഗണിച്ചു. ഈ രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ദ്ധ്യത്തെയോ ഇതിന്റെ അപാരസാധ്യതകളുള്ള ചന്തയെയോ അയാള്‍ ശ്രദ്ധിച്ചില്ല. കരോരിബാബയെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സ്റ്റീവ്‌ ആത്മീയതയില്‍ നിമഗ്നനായേനെ. ടെക്നോളജിക്ക്‌ ഒരു മഹാപ്രതിഭയെ കൈമോശം വന്നേനെ. ഒരു ആപ്പിള്‍ കാണുമ്പോള്‍ ഏദന്‍ തോട്ടത്തില്‍ കെട്ടിപ്പിടിച്ചുമറിയുന്ന ആദാമിനെയും ഹവ്വയേയും ഒരു പുസ്തകത്തിനു മീതെ ഉറക്കം തൂങ്ങുന്ന ഐസക്‌ ന്യൂട്ടനെയും നാം ഓര്‍മിച്ചിരുന്നിരിക്കാം. നാം ശ്രവിക്കുന്ന മധുരസംഗീതവുമായും നാം ലോഗ്‌ഇന്‍ ചെയ്യുന്ന കമ്പ്യൂട്ടറുമായും സംസാരിക്കുന്ന മൊബെയിലുമായും ആപ്പിള്‍പഴത്തിനുള്ള ബന്ധം ഒരിക്കലും നമ്മുടെ മനോമുകുരത്തില്‍ തെളിഞ്ഞിരുന്നില്ല. കാഞ്ചന്‍ ഗുപ്ത