കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍ പ്രതികള്‍ ഔദ്യോഗിക പക്ഷത്തേക്ക് കൂറുമാറിയവരെന്ന് വിഎസ് വിഭാഗം

Sunday 30 November 2014 9:25 pm IST

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ വിഎസ് വിഭാഗത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഔദ്യോഗിക പക്ഷം നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് വിഎസ് പക്ഷം. കഞ്ഞിക്കുഴിയിലെ വിമത പ്രശ്‌നങ്ങളെ തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തേക്ക് കൂറുമാറിയവരാണ് ഇപ്പോള്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളായിട്ടുള്ളതെന്ന് വിഎസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചിന് കൃത്യമായി മൊഴി നല്‍കിയതും വിഎസ്-ഐസക് പക്ഷ നേതാക്കളിലെ മുതിര്‍ന്ന നേതാവ് ടി.കെ. പളനിയും മുന്‍ ഏരിയ സെക്രട്ടറി സി.കെ. ഭാസ്‌ക്കരനുമാണെന്നത് ശ്രദ്ധേയമാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണ്‍ സ്റ്റാഫിലുണ്ടായിരുന്ന ലതീഷ്.ബി. ചന്ദ്രനാണ് സ്മാരകം തകര്‍ത്ത കേസില്‍ ഒന്നാംപ്രതി. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിന് ശേഷം കഞ്ഞിക്കുഴിയിലുണ്ടായ വിമത നീക്കങ്ങളെ തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തെ പ്രമുഖ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ അടുത്തയാളായി ഇയാള്‍ മാറിയിരുന്നുവെന്ന് വിഎസ് പക്ഷം വെളിപ്പെടുത്തുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏരിയ കമ്മറ്റിയേയും പുതിയ സെക്രട്ടറിയെയും നീക്കം ചെയ്തതിനെതിരെ സെക്രട്ടറി സി.കെ. ഭാസ്‌ക്കരന്റെയും ടി.കെ. പളനിയുടെയും നേതൃത്വത്തില്‍ പ്രതിഷേധിച്ചവരില്‍ പലരും പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറിയിരുന്നു. ലതീഷും കൂട്ടരും ഇക്കാലയളവിലാണ് ഔദ്യോഗിക പക്ഷത്തേക്ക് മാറിയത്. സ്മാരകം തകര്‍ത്തതില്‍ വിഎസ് പക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഔദ്യോഗിക പക്ഷം ശ്രമിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം മറിച്ചാണെന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരുഭാഗത്ത് കൃഷ്ണപിള്ള സ്മാരകം വൈകാരിക വിഷയമായി ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി സമ്മേളനങ്ങളില്‍ നേട്ടമുണ്ടാക്കുകയും മറുഭാഗത്ത് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നേതാക്കളെ തുറന്നുകാട്ടുമെന്നും വിഎസ് വിഭാഗം പറയുന്നു. അതിനിടെ സ്മാരകം തകര്‍ത്തത് സിപിഎമ്മുകാരാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അണികള്‍ക്ക് നേതൃത്വത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രദേശവാസികളായ സിപിഎമ്മുകാര്‍ ജീവന് സംരക്ഷണം തേടി പോലീസില്‍ പരാതി നല്‍കിയത് ഇതിന്റെ സൂചനയാണ്. പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ചില്‍ മൊഴി നല്‍കിയ ചിലരാണ് സംരക്ഷണം തേടി മാരാരിക്കുളം പോലീസില്‍ പരാതി നല്‍കിയത്. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് മുഹമ്മയിലെ കണ്ണര്‍കാട്. ഇവിടുത്തുകാരായ സഖാക്കള്‍ തന്നെ പോലീസ് സംരക്ഷണ തേടിയതാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. അതിനിടെ സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് നാട്ടിലും പാര്‍ട്ടി അണികളിലും ഇപ്പോഴും നല്ല സ്വാധീനമുണ്ടെന്നതും വ്യക്തമായിരിക്കുകയാണ്. ചില പ്രാദേശിക നേതാക്കള്‍ ഉന്നത നേതാക്കളുടെ ദൗത്യവുമായി പ്രതികളുടെ വീടുകള്‍ കയറിയിറങ്ങുന്നതും അണികളില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. പ്രതികളെ ഉന്നത നേതാക്കള്‍ സംരക്ഷിക്കുകയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് വിഎസ് പക്ഷം പറയുന്നു. അതിനിടെ പ്രതികളെ എതിര്‍ത്തും ന്യായീകരിച്ചും പ്രദേശത്ത് പോസ്റ്റര്‍ യുദ്ധവും തുടങ്ങിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.