അശാന്തന്‍

Saturday 15 October 2011 10:37 pm IST

സുപ്രീം കോടതിക്കുമുന്നിലുള്ള ന്യൂലോയേഴ്സ്‌ ചേമ്പറിലെ 301-ാ‍ം നമ്പര്‍ മുറിയിലേക്ക്‌ 12.10.2011ല്‍ കടന്നുവന്ന രണ്ടുപേരില്‍ ഒരാള്‍ മുറിയിലുണ്ടായിരുന്ന അഭിഭാഷകനെ മര്‍ദ്ദിക്കുകയും നിലത്ത്‌ വലിച്ചിട്ട്‌ ചവിട്ടുകയും ചെയ്തു. ഭഗത്‌ സിങ്ങ്‌ ക്രാന്തിസേനയുടെ പ്രവര്‍ത്തകരെന്ന്‌ അവകാശപ്പെടുന്ന അക്രമികളെ പ്രകോപിതരാക്കിയത്‌ രണ്ടാഴ്ച മുമ്പ്‌ വാരാണസിയില്‍ കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നം സൈന്യത്തെ പിന്‍വലിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയായിരുന്നു. അക്രമിക്കപ്പെട്ട വ്യക്തി 2009-ല്‍ ഇന്ത്യന്‍ എക്സ്പ്രസ്‌ തെരഞ്ഞെടുത്ത ഇന്ത്യയിലെ പ്രമുഖ വ്യക്തികളിലൊരാളും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരിലൊരാളുമായ പ്രശാന്ത്ഭൂഷണായിരുന്നു. മുന്‍ മന്ത്രിയും നിയമജ്ഞനുമായ ശാന്തിഭൂഷന്റെ മകനായി 1956ലാണ്‌ പ്രശാന്ത്ഭൂഷണ്‍ ജനിച്ചത്‌. മദ്രാസ്സിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്്നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന്‌ ചേര്‍ന്നെങ്കിലും ഒരു സെമസ്റ്ററിനുശേഷം പിന്നീട്‌ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ധനതത്വശാസ്ത്രവും തത്ത്വചിന്തയും പഠിച്ചു. അതിനുശേഷം അലഹബാദ്‌ സര്‍വ്വകലാശാലയില്‍ നിയമപഠനത്തിന്‌ ചേര്‍ന്നു. താന്‍ ഒരു അക്കാദമിക്‌ തത്ത്വചിന്തകന്‍ ആകാനാണ്‌ ആഗ്രഹിച്ചതെന്നും, തത്ത്വചിന്ത കൈകാര്യം ചെയ്യുന്ന രീതിയും ജനങ്ങള്‍ അതിനോട്‌ പുലര്‍ത്തുന്ന മനോഭാവവും ഇഷ്ടപ്പെടാഞ്ഞതിനാലാണ്‌ അത്‌ ഉപേക്ഷിച്ചതെന്നും അദ്ദേഹം വിശദീകരണം നല്‍കുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ കേസ്‌ അലഹബാദ്‌ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്നപ്പോള്‍ അതിന്റെ നടപടികള്‍ പ്രശാന്ത്‌ സശ്രദ്ധം വീക്ഷിച്ചിരുന്നു. 1977-ല്‍ അതിനെക്കുറിച്ച്‌ ദ കേസ്‌ ദാറ്റ്‌ ഷുക്ക്‌ ഇന്ത്യ ( ഇന്ത്യയെ കുലുക്കിയകേസ്‌) എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. ഇത്‌ തന്നെ നിയമത്തോട്‌ അടുപ്പിച്ചതായി 1983 മുതല്‍ സുപ്രീംകോടതി അഭിഭാഷകനായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു സാമൂഹ്യ പ്രവര്‍ത്തകനെന്നനിലയില്‍ അഞ്ഞൂറോളം പൊതുതാല്‍പര്യഹര്‍ജികള്‍ കോടതിയിലെത്തിക്കാന്‍ പ്രശാന്ത്ഭൂഷണ്‍ താല്‍പര്യമെടുത്തിട്ടുണ്ട്‌. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി എക്കാലവും പടപൊരുതാന്‍ പ്രശാന്ത്‌ തയ്യാറായിരുന്നു. നര്‍മ്മദാ നദിക്കുകുറുകെ ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടുണ്ടാക്കിയപ്പോള്‍ ഒരു അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം പ്രശ്നത്തിലിടപെട്ടു. 1980-ല്‍ രാജീവ്‌ ഭരണത്തിന്റെ കീഴില്‍ തോക്കുകള്‍ വാങ്ങിയതില്‍ കൈക്കൂലി ലഭിച്ചുവെന്ന ബോഫോര്‍സ്‌ കേസ്‌, ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതാണ്‌ പ്രശാന്തിന്റെ സെല്ലിങ്‌ ഓഫ്‌ എ നേഷന്‍ (ഒരു രാഷ്ട്രത്തെ വില്‍ക്കുന്നത്‌) എന്ന പുസ്തകം. ഇതുകൂടാതെ പ്രമുഖ സാഹിത്യകാരി അരുദ്ധതിറോയിയുടെ കോടതി അലക്ഷ്യകേസ്‌, എന്‍റോണ്‍കേസ്‌, വിവരാവകാശ കേസ്സുകള്‍ ഇവയിലെല്ലാം അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. ചില വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആ സവിശേഷ വ്യക്തിത്വത്തിന്റെ പ്രകാശനമെന്ന നിലയില്‍ പ്രതിപാദിക്കുന്നു. രാജ്യം അഴിമതി വിമുക്തം ആകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. ഭരണകര്‍ത്താക്കളും ജനങ്ങളും ജനങ്ങള്‍ക്ക്‌ നീതി ലഭിക്കേണ്ട കോടതികളും അഴിമതിവിമുക്തമായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇതിനായി നിലവിലുള്ള നീതിന്യായവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്‌. മുഴുവന്‍ തെളിവുകളും ഇല്ലെങ്കിലും 16-17 ജസ്റ്റിസ്സുമാരില്‍ പകുതിയെങ്കിലും അഴിമതിക്കാരണെന്ന അദ്ദേഹത്തിന്റെ തെഹല്‍കാ അഭിമുഖത്തിലെ പരാമര്‍ശത്തിന്‌ കോടതി അലക്ഷ്യത്തിന്റെ പേരില്‍ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. അഴിമതി തടയാന്‍ ദേശീയ ജുഡീഷ്യല്‍ പരാതി കമ്മീഷന്‍ എന്ന അഞ്ചുപേരടങ്ങുന്ന ഒരു സ്വതന്ത്ര ഏജന്‍സി വേണമെന്നും, അവര്‍ക്ക്‌ അന്വേഷണത്തിനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു ജഡ്ജിക്കെതിരെ ചീഫ്‌ ജസ്റ്റിസ്‌ ഓഫ്‌ ഇന്ത്യയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ കേസ്‌ എടുക്കാനാവില്ല എന്ന നിയമത്തിലും ഭേദഗതികള്‍ ഉണ്ടാകേണ്ടതുണ്ട്‌. ഒരു ജഡ്ജിക്കെതിരെ അഴിമതിക്കുള്ള തെളിവുകള്‍ ഉണ്ടായാല്‍പ്പോലും അത്‌ കോടതിയലക്ഷ്യമാകുമെന്നതിനാല്‍ വെളിപ്പെടുത്താനാവില്ല. കോടതികളെക്കുറിച്ച്‌ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും അതിന്റെ അന്തസ്സിന്‌ ഭംഗം വരുത്തുന്നുവെന്നും ഉള്ള വകുപ്പുകള്‍ കോടതി അലക്ഷ്യനിയമങ്ങളില്‍ നിന്ന്‌ മാറ്റേണ്ടതാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ സുപ്രീംകോടതിയാണ്‌ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്‌. വ്യക്തികളെ അവരുടെ നിയമപരമായ പാണ്ഡിത്യവും ബുദ്ധിപരമായ കഴിവും ആധാരമാക്കിയാണ്‌ തെരഞ്ഞെടുക്കുന്നത്‌. ഭരണഘടന പ്രകാരം സാധാരണക്കാരോടുള്ള അവരുടെ സമീപനം വിലയിരുത്തപ്പെടുന്നില്ല എന്നത്‌ ഇതിന്റെ പോരായ്മയായി പ്രശാന്ത്‌ ഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സ്വതന്ത്ര ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രാജ്യത്തുണ്ടാകുകയും അവര്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച പട്ടിക തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയിലെപ്പോലെ ഏതൊരു പൗരനും ജഡ്ജിയുടെ പശ്ചാത്തലത്തെക്കുറിച്ച്‌ 'സെനറ്റ്‌ ജുഡീഷ്യല്‍ കമ്മ'റ്റിയില്‍ തെളിവുനല്‍കാനുള്ള അവസരം ലഭിക്കണമെന്നും പ്രശാന്ത്‌ ഭൂഷണ്‍ സൂചിപ്പിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാധാരണക്കാര്‍ കൊല്ലപ്പെടുന്നു പോലീസ്‌ ഭാഷ്യത്തിലെ 'ഏറ്റുമുട്ടലു'കളെക്കുറിച്ച്‌ അന്വേഷിക്കേണ്ടതാണെന്ന്‌ അദ്ദേഹം ആവശ്യപ്പെടുന്നു. ഒരാളെ കണ്ടാലുടനെ ഭീകരനാണെന്ന മട്ടില്‍ വെടിവെക്കുന്നത്‌ നരഹത്യയാണെന്നും അയാളുടെ ഭാഗത്തുനിന്ന്‌ പ്രകോപനം ഉണ്ടായാല്‍ മാത്രമേ അത്‌ ഏറ്റുമുട്ടല്‍ ആകുന്നുള്ളൂവെന്നും പ്രശാന്ത്ഭൂഷണ്‍ കരുതുന്നു. പോലീസുകാരില്‍ ഒരാള്‍ക്കുപോലും പരിക്കേല്‍ക്കാത്തതും സംഭവത്തില്‍ സ്വതന്ത്രരായ സാക്ഷികളുടെ അഭാവവും ഒരു വ്യാജ ഏറ്റുമുട്ടലിന്റെ സംശയമുണര്‍ത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രാജ്യത്തെ അഴിമതിക്കെതിരെയുള്ള മുന്നേറ്റത്തില്‍ ഒരു നിര്‍ണായകപങ്കുവഹിച്ച ലോക്പാല്‍ ബില്ലിന്റെ കരട്‌ തയ്യാറാക്കുന്നതിലും, അന്നാഹസാരെയുടെ പ്രസ്ഥാനത്തെ ജനങ്ങളിലെത്തിക്കുന്നതിലും പ്രശാന്ത്‌ ആത്മാര്‍ത്ഥമായി രംഗത്തുണ്ടായിരുന്നു. തനിക്ക്‌ പറയാനുള്ളത്‌ ധീരമായി പറയുകയും രാജ്യത്തെ ബാധിച്ച സമസ്ത രംഗങ്ങളിലുമുള്ള അഴിമതിയില്‍ നിന്ന്‌ അതിനെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ തന്നാല്‍ ആവുംവിധം പങ്കെടുക്കുകയും ഒഴുക്കിനെതിരെ നീന്തുകയും ചെയ്യുന്ന ഒരു ധീരന്റെ ചിത്രമാണ്‌ പ്രശാന്തിന്റേത്‌. ഒരാള്‍ തന്റെ തത്ത്വങ്ങളെ മുറുകെ പിടിച്ചാല്‍ അയാള്‍ക്ക്‌ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം. പൊതുനയങ്ങളില്‍ യുവാക്കള്‍ക്ക്‌ അവബോധമുണ്ടാകാന്‍ പാലാംപൂരില്‍ അദ്ദേഹം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഇത്തരത്തില്‍ സാമൂഹ്യ അവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.