സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതര്‍ കുറയുന്നു

Sunday 30 November 2014 11:11 pm IST

ആലപ്പുഴ: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍ വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1740 പേരിലാണ് എച്ച്‌ഐവി അണുബാധ കണ്ടെത്തിയത്. ഇതില്‍ 1136 പേരും പുരുഷന്‍മാരാണ്. എന്നാല്‍ ഈ വര്‍ഷം ഒക്‌ടോബര്‍ അവസാനം വരെ 1464 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് എച്ച്‌ഐവി അണുബാധ കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുള്ളത്. എയ്ഡ്‌സിനെതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുന്നുവെന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവില്‍ ഓരോ വര്‍ഷവും രണ്ടായിരത്തിനടുത്ത് എച്ച്‌ഐവി അണുബാധിതരാണ് വര്‍ദ്ധിക്കുന്നത്. ഇവരുടെ എണ്ണം ആയിരത്തില്‍ താഴെയായി കുറച്ചുകൊണ്ടു വരികയാണ് ലക്ഷ്യമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 26,242 പേര്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എച്ച്‌ഐവി ബാധിതര്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. രണ്ടാമത് തൃശൂരും, മൂന്നാമതു കോഴിക്കോടുമാണ്. എറ്റവും കുറവ് വയനാട്ടിലാണ്. തിരുവനന്തപുരം ജില്ലയില്‍ 5106 പേര്‍ക്ക് എച്ച്‌ഐവി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂരില്‍ 4351 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചു. കോഴിക്കോട്ട് 4009 പേര്‍ക്ക് അണുബാധ കണ്ടെത്തി. വയനാട്ടില്‍ 238 പേര്‍ക്കാണ് അണുബാധ. ഇടുക്കി- 385, മലപ്പുറം- 492, കോട്ടയം- 2265, പാലക്കാട്- 2274, എറണാകുളം- 1691, കണ്ണൂര്‍- 1472, കാസര്‍കോഡ്- 1254 , ആലപ്പുഴ -1137, കൊല്ലം- 955 പത്തനംതിട്ട- 613 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. പുരുഷന്മാരിലാണ് എച്ച്‌ഐവി ബാധ കുടൂതലായി കാണുന്നത്. സ്ത്രീ ലൈംഗീകത്തൊഴിലാളികളിലടക്കം എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടക്കാറുണ്ടെങ്കിലും പുരുഷന്‍മാര്‍ പൊതുവെ സഹകരിക്കാറില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.