വെള്ളപ്പൊക്കം ബാങ്കോക്കിനെ ബാധിക്കാതിരിക്കാന്‍ ശ്രമം

Saturday 15 October 2011 10:44 pm IST

ബാങ്കോക്ക്‌: തായ്‌ലന്റിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം തലസ്ഥാനമായ ബാങ്കോക്കിനെ ബാധിക്കാതിരിക്കാന്‍ സൈന്യവും സന്നദ്ധഭടന്മാരും ശ്രമം തുടരുകയാണ്‌. നഗരത്തിനുചുറ്റും മണല്‍ ചാക്കുകള്‍ അട്ടിയിട്ടും കനാലുകള്‍ വറ്റിച്ച്‌ ജലം പുറത്തേക്ക്‌ കളഞ്ഞും അവര്‍ തലസ്ഥാനനഗരത്തെ വെള്ളപ്പൊക്കത്തില്‍നിന്നും അകറ്റിനിര്‍ത്താനുള്ള യത്നത്തിലാണ്‌. വേലിയേറ്റവും മോശം കാലാവസ്ഥയും വടക്കന്‍ തായ്‌ലാണ്ടില്‍നിന്ന്‌ ഒഴുക്കിക്കളഞ്ഞ വെള്ളവും ഏതാനും ദിവസത്തേക്ക്‌ സ്ഥിതിഗതികള്‍ നിര്‍ണായകമാക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജുലൈയില്‍ കനത്ത മഴമൂലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 280 പേര്‍ കൊല്ലപ്പെട്ടു. മണല്‍ ചാക്കുകള്‍ നിറച്ച്‌ വ്യാപാര സ്ഥാപനങ്ങളേയും വീടുകളേയും രക്ഷിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരും സേനയും ശ്രമിക്കുകയാണ്‌. മുഖ്യകനാലുകളില്‍ നിന്ന്‌ ജലം പുറത്തേക്ക്‌ ഒഴുക്കിക്കളഞ്ഞു. ജലം കടലിലേക്കൊഴുക്കാന്‍ പുതിയ കനാലുകള്‍ സന്നദ്ധഭടന്മാര്‍ കുഴിച്ചുകൊണ്ടിരിക്കുന്നു. വ്യവസായ കേന്ദ്രങ്ങള്‍, വിമാനത്താവളം, സുരക്ഷിതതാവളങ്ങള്‍ എന്നിവയേയും വെള്ളപ്പൊക്കത്തില്‍ പെടാതെ സംരക്ഷിക്കണമെന്ന്‌ പ്രധാനമന്ത്രി യിങ്ങ്ലക്ക്‌ ഷിനാവത്ര ജനങ്ങളോടഭ്യര്‍ത്ഥിച്ചു. തലസ്ഥാന നഗരത്തിലെ വ്യാപാരരംഗത്ത്‌ ഉല്‍പന്നങ്ങള്‍ വേണ്ടത്ര എത്തുന്നില്ലെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിച്ചു. പ്രതിക്ഷിച്ചതിലും കുറവായി നഗരത്തിലെ ചാവേഫ്രയനദിയില്‍ 2.27 മീറ്റര്‍ ജലമാണ്‌ ഉയര്‍ന്നതെന്ന്‌ ഇറിഗേഷന്‍ വകുപ്പ്‌ വക്താവ്‌ പറഞ്ഞു. 2.5 മീറ്ററില്‍ കൂടുതല്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ മാത്രമെ രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളൂ വെള്ളപ്പൊക്കം ബാങ്കോക്കിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. ജപ്പാനിലെ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയും ടോയോട്ടയും അവരുടെ നിര്‍മാണം നിര്‍ത്തിവെച്ചു. പൗരാണിക കേന്ദ്രമായ അയ്യുത്തായപട്ടണത്തിലെ ക്ഷേത്രങ്ങളിലു സ്മാരകങ്ങളിലും സന്ദര്‍ശകര്‍ വിരളമായിരുന്നു.