പള്ളുരുത്തിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ പിടിയില്‍

Saturday 15 October 2011 10:43 pm IST

പള്ളുരുത്തി: പള്ളുരുത്തി സ്വദേശി ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേരെ പള്ളുരുത്തി പോലീസ്‌ പിടികൂടി. പള്ളുരുത്തിക്കാരനായ പതിനേഴുവയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ്‌ പിടികൂടിയത്‌. പള്ളുരുത്തി എംഎല്‍എ റോഡില്‍ കല്ലുചിറവീട്ടില്‍ റെനീഷ്‌ (21), കൊടിയന്‍തറ സനോഷ്‌ (20), ഏങ്ങാടി വീട്ടില്‍ ഫാസില്‍ (21), കരീത്തറ വീട്ടില്‍ സിബിന്‍ (22) ഇവരെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: രണ്ട്‌ ദിവസം മുന്‍പ്‌ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയും അയല്‍വാസിയുമായ 17കാരനും മോട്ടോര്‍ സൈക്കിള്‍ യാത്രപോവുന്നതിനിടയില്‍ ഇടയ്ക്ക്‌ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. 17 കാരന്‍ സുഹൃത്തുക്കളെ വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചു. സുഹൃത്തുക്കള്‍ ഇതിനിടയില്‍ ഓട്ടോറിക്ഷയുമായി എത്തി യുവതിയുമായി കടന്നു. പിന്നീട്‌ മറ്റ്‌ രണ്ട്‌ സുഹൃത്തുക്കള്‍കൂടി കാറുമായെത്തി. പിന്നീട്‌ കാറില്‍ യാത്ര തുടരുകയായിരുന്നു. നാലുപേരുമൊന്നിച്ചുള്ള യാത്രക്കിടയില്‍ പെണ്‍കുട്ടി ബഹളംവെച്ച്‌ വീട്ടില്‍ പോകണമെന്ന്‌ പറയുകയായിരുന്നു. രാത്രി വൈകി ചെറുപ്പക്കാര്‍ കുട്ടിയുടെ വീടിന്‌ സമീപത്ത്‌ ഇറക്കിവിടുകയായിരുന്നു. പെണ്‍കുട്ടി വീട്ടുകാരെ ഉണര്‍ത്താതെ വീടിന്റെ ടെറസ്സില്‍ കയറി രാത്രി മുഴുവന്‍ കഴിച്ചുകൂട്ടി. നേരം പുലര്‍ന്ന്‌ വീട്ടുകാര്‍ കുട്ടിയെക്കണ്ട്‌ വിവരങ്ങള്‍ ചോദിച്ചുമനസ്സിലാക്കി പോലീസില്‍ പരാതിനല്‍കുകയായിരുന്നു. പോലീസ്‌ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കും തുടര്‍ന്ന്‌ കൗണ്‍സിലിങ്ങിനും വിധേയമാക്കിയിരുന്നു. പെണ്‍കുട്ടി പീഡനത്തിന്‌ വിധേയയായിട്ടുണ്ടോ ഇല്ലയോ എന്ന്‌ മെഡിക്കല്‍ പരിശോധനാ ഫലത്തിനുശേഷമേ പറയാനാകൂവെന്ന്‌ പോലീസ്‌ അറിയിച്ചു. 17കാരനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും പോലീസ്‌ അറിയിച്ചു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചു. 17 കാരന്റെ ഒപ്പം പോകണമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി മുന്‍പാകെ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.