കച്ചവടക്കാര്‍ക്കായി ആശുപത്രി മതില്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Thursday 18 December 2014 10:08 am IST

ആലപ്പുഴ: സ്വകാര്യ കച്ചവടക്കാര്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മതില്‍ പൊളിച്ച് ഗേറ്റ് സ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വിവാദമാകുന്നു. മതന്യൂനപക്ഷത്തിന്റെ സംഘടിത വോട്ടുബാങ്ക് ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കാന്‍ തയാറാകുന്നില്ല. ആശുപത്രി വികസന സമിതിയുടെയും ഗ്രാമപഞ്ചായത്തിന്റെയും തീരുമാനത്തെ മറികടന്നാണ് ചിലരുടെ സ്വാധീനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്തെ മതില്‍ പൊളിച്ച് ഗേറ്റു സ്ഥാപിക്കണമെന്നു കാട്ടി സര്‍ക്കാര്‍ ഉത്തരവ് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചുകഴിഞ്ഞു. സ്വകാര്യ കച്ചവടക്കാരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് ഉത്തരവില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഗേറ്റ് സ്ഥാപിച്ച ശേഷം ആശുപത്രി അധികൃതര്‍ ഇവിടെ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്നും ശമ്പളം സ്വകാര്യ കച്ചവടക്കാര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ആശുപത്രിയുടെ സുരക്ഷയെ പോലും ബാധിക്കുന്ന രീതിയില്‍ സ്വകാര്യ കച്ചവടക്കാരുടെ താത്പര്യം മാത്രം സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവു നിയമവിരുദ്ധമാണെന്ന് അഭിപ്രായമുയര്‍ന്നു. വിശാലമായ കോമ്പൗണ്ടുള്ള ആശുപത്രിയില്‍ സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം ഏറെയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്ത് വഴി അനുവദിക്കാതെ പൂര്‍ണമായി അടച്ചുകെട്ടാന്‍ ആശുപത്രി വികസന സമിതിയും ജനപ്രതിനിധികളും തീരുമാനിച്ചത്. എന്നാല്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. കച്ചവടക്കാരുടെയും റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെയും താത്പര്യം മാത്രം സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.