ശബരിമല സീസണായിട്ടും മണപ്പുറത്ത്‌ ഒരുക്കങ്ങളായില്ല

Saturday 15 October 2011 10:44 pm IST

ആലുവ: ശബരിമലയുടെ ഇടത്താവളമായ ആലുവ ശിവരാത്രി മണപ്പുറത്ത്‌ അയ്യപ്പഭക്തന്മാര്‍ക്കായി ഒരുക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ശിവക്ഷേത്ര പ്രസക്തിയും വാഹന പാര്‍ക്കിംഗ്‌ കുളിക്കാനുള്ള സൗകര്യം തുടങ്ങിയവ കണക്കിലെടുത്താണ്‌ വളരെയേറെ ഭക്തജനങ്ങളെത്തുന്നത്‌. രാത്രി ഇവിടെ തങ്ങി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച്‌ ദര്‍ശനവും കഴിഞ്ഞാണ്‌ മടങ്ങുന്നത്‌. അനധികൃതമായ മണലെടുപ്പ്‌ ഇപ്പോഴും തുടരുന്ന ആലുവാപ്പുഴയില്‍ ഏതു സമയവും മരണഭീതിയുണ്ട്‌. വര്‍ഷങ്ങള്‍ക്കുമുമ്പേ പടുത്തുയര്‍ത്തിയ കല്‍പ്പടവുകള്‍ തകര്‍ന്നിരിക്കുകയാണ്‌. ഇറിഗേഷന്‍ അധികൃതരാണ്‌ ഇത്‌ നന്നാക്കേണ്ടതെന്ന്‌ പറഞ്ഞ്‌ ദേവസ്വം ബോര്‍ഡും നഗരസഭയും കൈമലര്‍ത്തുകയാണ്‌. മണപ്പുറത്ത്‌ വെളിച്ചമേകുന്നതിന്‌ പന്ത്രണ്ട്‌ സോഡിയം വേപ്പര്‍ ലാമ്പുകളും അഞ്ച്‌ ഹൈമാസ്റ്റിക്‌ വിളക്കുകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പ്രത്യേക ട്രാന്‍സ്ഫോര്‍മര്‍ ഇവിടെ സ്ഥാപിക്കണം. ഇതിനാകട്ടെ വന്‍ തുക ചെലവ്‌ വരും. സോഡിയം വേപ്പര്‍ ലാമ്പുകളില്‍ ഏഴെണ്ണവും കത്തുന്നില്ല. മണപ്പുറത്ത്‌ കുട്ടിവനമുണ്ട്‌. ഇവിടെ അനാശാസ്യസംഘങ്ങള്‍ ചേക്കേറുകയാണ്‌. കഴിഞ്ഞ ശബരിമല സീസണില്‍ അയ്യപ്പഭക്തയായ ഒരു ബാലിക ഇവിടെ കിടന്നുറങ്ങിയപ്പോള്‍ ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. ഇതെല്ലാം കണക്കിലെടുത്ത്‌ ശബരിമല സീസണിലെങ്കിലും പോലീസിന്റെ ഔട്ട്പോസ്റ്റ്‌ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്‌. അയ്യപ്പഭക്തന്മാര്‍ക്കായി രാത്രികാല സൗജന്യ കഞ്ഞി വിതരണം ഇക്കുറിയും ഭജനമഠത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വൈകിട്ട്‌ 6.30 മുതല്‍ 9 വരെയെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കുമാണ്‌ സൗജന്യമായി കഞ്ഞിവിതരണം ചെയ്യുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.