അഡ്വ. കെ.രാംകുമാറിന്റെ ഓഫീസിന്‌ നേരെ ആക്രമണം

Saturday 15 October 2011 10:56 pm IST

കൊച്ചി: പ്രമുഖ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ വീടിനും ഓഫീസിനും നേരെ വെള്ളിയാഴ്ച രാത്രി അക്രമം നടന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ സൂചന. വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വീടിന്റെ വാതിലിനും കേടുപറ്റിയിട്ടുണ്ട്‌. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന കാറിന്റെ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പോലീസ്‌ അന്വേഷണമാരംഭിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും അഭിഭാഷക അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ സീനിയര്‍ അഡ്വ. കെ.രാംകുമാറിന്റെ ഓഫീസിന്‌ നേരെയുണ്ടായ അക്രമത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അഭിഭാഷകര്‍ക്കെതിരെ അനുദിനം വര്‍ധിച്ചുവരുന്ന അക്രമങ്ങളെ നീതിന്യായ സംവിധാനത്തിനെതിരെയുള്ള വെല്ലുവിളിയായി കണ്ട്‌ ശക്തമായ നടപടിയെടുക്കണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. തോമസ്‌ എബ്രഹാം ആവശ്യപ്പെട്ടു